'മോളിവുഡിനെ കണ്ട് പഠിക്ക്'; മറുഭാഷാ പ്രേക്ഷകര്‍ പറഞ്ഞ വര്‍ഷം
ഒടിടിയിലൂടെ മറുഭാഷാ പ്രേക്ഷകരിലേക്ക് മലയാള സിനിമ നേരത്തേ എത്തിയിരുന്നെങ്കിലും അവര്‍ തിയറ്ററുകളിലേക്ക് കാര്യമായി എത്തിയത് ഈ വര്‍ഷമാണ്
ഒടിടി പ്ലാറ്റ്ഫോമുകള്‍ ജനപ്രീതി നേടിയ കൊവിഡ് കാലത്താണ് മലയാള സിനിമയെ മറുഭാഷാ പ്രേക്ഷകരില്‍ വലിയൊരു വിഭാഗം ആദ്യമായി പരിചയപ്പെടുന്നത്. കുമ്പളങ്ങി നൈറ്റ്സ് അതിന് മുന്‍പേ ഹിന്ദി ബെല്‍റ്റിലടക്കം ശ്രദ്ധ നേടിയിരുന്നെങ്കിലും അധികം സിനിമകള്‍ ആ നിലയിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ കൊവിഡ് കാലം ഒടിടിയിലൂടെ വലിയൊരു വിപണി മലയാള സിനിമയ്ക്ക് മുന്നില്‍ കുറന്നിട്ടു. 2024 പിന്നിടാനൊരുങ്ങുമ്പോള്‍ മറുഭാഷാ പ്രേക്ഷകര്‍ അതത് സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലെത്തി മലയാള സിനിമകള്‍ കാണുന്ന പുതിയൊരു ട്രെന്‍ഡിനും തുടക്കം കുറിച്ചിരിക്കുകയാണ്. മോളിവുഡ് വ്യവസായത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്ന, ഭാവിയിലേക്ക് സാധ്യതകളുടെ വലിയ വാതിലുകള്‍ തുറന്നിടുന്ന ട്രെന്‍ഡുമാണ് ഇത്.
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ 10 ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ആറ് സിനിമകളും റിലീസ് ചെയ്യപ്പെട്ട വര്‍ഷമാണ് 2024. അതില്‍ നാല് ചിത്രങ്ങളുടെയെങ്കിലും കളക്ഷന്‍ കുതിപ്പില്‍ ഈ മറുനാടന്‍ പ്രേക്ഷകരുടെ സംഭാവന നിര്‍ണ്ണായകമായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം. ഒരു മലയാള ചിത്രം ഇതര സംസ്ഥാനത്ത് നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ നിന്ന് നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കാന്‍ ഇടയാക്കിയതും തമിഴ്നാട്ടിലെ ഈ സ്വീകാര്യത തന്നെ.
തമിഴ്നാട് പശ്ചാത്തലമാക്കുന്ന, കമല്‍ ഹാസന്‍റെ ഗുണ സിനിമയിലെ റെഫറന്‍സുകളുള്ള ചിത്രം തമിഴ്നാട്ടുകാരുമായി വൈകാരികമായ അടുപ്പം സൃഷ്ടിച്ചുവെന്നത് ശരിയാണെങ്കിലും അതിനെ ഒറ്റപ്പെട്ട ഒരു സംഭവമായി മാറ്റിനിര്‍ത്താനാവില്ല. മലയാള സിനിമയുടെ തിയറ്റര്‍ വാച്ചിന് തമിഴ് പ്രേക്ഷകര്‍ക്കുള്ള ഒരു ക്ഷണക്കത്ത് ആയി മാറി മഞ്ഞുമ്മല്‍ ബോയ്സ്. അതേസമയത്തുതന്നെ തിയറ്ററുകളിലെത്തിയ പ്രേമലുവും ഭ്രമയുഗവും കാണാന്‍ തമിഴ്നാട്ടുകാരായ പ്രേക്ഷകരെത്തി. അതില്‍ പ്രേമലു തമിഴ്നാട്ടില്‍ നിന്ന് 5 കോടി കളക്ഷന്‍ നേടി. ഇതിന് പിന്നാലെയെത്തിയ ആടുജീവിതവും ആവേശവുമൊക്കെ കാണാന്‍ തമിഴ് പ്രേക്ഷകര്‍ എത്തി.
എന്നാല്‍ ഇത് തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിഭാസമല്ല. തമിഴ്നാട്ടില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നെങ്കില്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ അത് പ്രേമലു ആയിരുന്നു. ഹൈദരാബാദ് പശ്ചാത്തലമാക്കിയ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് അവിടെനിന്ന് നേടിയത് 12 കോടിക്ക് മുകളില്‍ ആയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിന്‍റെ തെലുങ്ക് പതിപ്പും ഭേദപ്പെട്ട കളക്ഷന്‍ നേടിയപ്പോള്‍ ആവേശം തെന്നിന്ത്യ മുഴുവന്‍ ട്രെന്‍ഡ് ആയി. ഒപ്പം ഒടിടി റിലീസിലൂടെ അത് ഉത്തരേന്ത്യന്‍ പ്രേക്ഷകരിലുമെത്തി. മഞ്ഞുമ്മല്‍ ബോയ്സിന്‍റെയും പ്രേമലുവിന്‍റെയും ചുവട് പിടിച്ച് മറുനാടുകള്‍ പശ്ചാത്തലമാക്കുന്ന കൂടുതല്‍ മലയാള സിനിമകള്‍ ഭാവിയില്‍ വന്നേക്കാം.
ഒടിടി എടുത്താല്‍ മലയാള സിനിമയ്ക്ക് മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ മറുഭാഷാ പ്രേക്ഷകരെ ലഭിക്കുന്നുണ്ട്. എന്നാല്‍ മലയാള സിനിമകള്‍ വാങ്ങാന്‍ ഒടിടി പ്ലാറ്റ്ഫോമുകളുടെ താല്‍പര്യം കുറഞ്ഞത് ഈ വര്‍ഷം തിരിച്ചടിയായിട്ടുണ്ട്. അതേസമയം സെലക്റ്റീവ് ആയി ഒടിടിയില്‍ എത്തുന്ന മലയാള സിനിമകള്‍ വലിയ പ്രേക്ഷകപ്രശംസ നേടുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആവേശം, ആടുജീവിതം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്കൊപ്പം കിഷ്കിന്ധാ കാണ്ഡം, ആട്ടം, ഗോളം, ഗഗനചാരി തുടങ്ങിയ ചിത്രങ്ങളും ഒടിടിയില്‍ ഈ വര്‍ഷം മറുഭാഷാ പ്രേക്ഷകരുടെ കൈയടി വാങ്ങിയിട്ടുണ്ട്.