പുറത്താവുമ്പോഴും റെസ്‍മിന്‍റെ മടക്കം വിജയിയുടേത്? ഈ 'കോമണര്‍' പോവുന്നത് റെക്കോര്‍ഡുമായി
ഇതുവരെയുള്ള കോമണര്‍മാരില്‍ ഏറ്റവും ശ്രദ്ധ നേടിയ മത്സരാര്‍ഥിയായാണ് റെസ്‍മിന്‍റെ മടക്കം
ബിഗ് ബോസ് മലയാളത്തില്‍ അഞ്ചാം സീസണിലാണ് ആദ്യമായി, മത്സരാര്‍ഥികളിലേക്ക് സാധാരണക്കാരുടെ പ്രതിനിധിയായ കോമണറെ അവതരിപ്പിച്ചത്. പല മേഖലകളില്‍ അതിന് മുന്‍പുതന്നെ ജനശ്രദ്ധ നേടിയിട്ടുള്ള മറ്റ് മത്സരാര്‍ഥികള്‍ക്കിടയില്‍ തങ്ങളെപ്പോലെ ഒരാള്‍ എന്ന കൗതുകമായിരുന്നു പ്രേക്ഷകരെ സംബന്ധിച്ച് ഈ പൊസിഷന്‍. ഈ സീസണില്‍ രണ്ട് പേരാണ് കോമണര്‍മാരായി എത്തിയത്. നിഷാനയും റസ്മിനും. 73-ാം ദിവസം സീസണ്‍ 6 ല്‍ നിന്ന് എവിക്റ്റ് ആവുമ്പോള്‍ ഒരു റെക്കോര്‍ഡുമായാണ് റസ്മിന്‍ പോവുന്നത്. ബിഗ് ബോസ് മലയാളത്തിന്‍റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം ദിവസം നിന്ന കോമണര്‍ മത്സരാര്‍ഥിയാണ് റസ്മിന്‍.
ഇത് 'കോമണര്‍' തന്നെയോ?
ലോഞ്ച് എപ്പിസോഡില്‍ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയ സമയത്തല്ലാതെ റസ്മിനെ പ്രേക്ഷകര്‍ ഒരു കോമണര്‍ ആയി കണ്ടില്ല എന്നതുതന്നെ ഈ മത്സരാര്‍ഥിയുടെ വിജയമായിരുന്നു. അഭിനേതാക്കളും യുട്യൂബര്‍മാരും മോഡലുകളുമൊക്കെയായി ചെറുതും വലുതുമായ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള സഹമത്സരാര്‍ഥികള്‍ക്ക് മുന്നില്‍ റസ്മിന്‍ ഒരിക്കലും അപകര്‍ഷത കാട്ടിയില്ല. എന്ന് മാത്രമല്ല ഈ സീസണില്‍ ഹൗസില്‍ ഏറ്റവുമധികം മുഴങ്ങിക്കേട്ട അധികാര സ്വരങ്ങളിലൊന്ന് റസ്മിന്‍റേത് ആയിരുന്നു. കോളെജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികയായ റസ്മിന്‍ ബിഗ് ബോസില്‍ എത്തിയപ്പോഴും ആത്മവിശ്വാസത്തിന് ഒട്ടും കുറവുണ്ടായില്ല. ഒരു ബിഗ് ബോസ് മെറ്റീരിയല്‍ ആയേക്കുമെന്ന് ആദ്യ വാരങ്ങളില്‍ തന്നെ തോന്നിപ്പിക്കാനും റസ്മിന് സാധിച്ചു. അതിനുള്ള അവസരങ്ങള്‍ ആദ്യമേ അവര്‍ക്ക് ലഭിച്ചു. പവര്‍ റൂമില്‍ മൂന്നാം ആഴ്ച കയറിയ റെസ്മിന്‍ അഞ്ചാം വാരം വരെ അവിടെ ഉണ്ടായിരുന്നു.
മികച്ച തുടക്കം
രതീഷ് കുമാറും റോക്കിയുമൊക്കെ ചേര്‍ന്ന് ശബ്ദായമാനമാക്കിയ ആദ്യ വാരങ്ങളായിരുന്നു ഈ സീസണിലേത്. അതായത് ഈ സീസണില്‍ ആദ്യ വാരങ്ങളില്‍ ഏതെങ്കിലും മത്സരാര്‍ഥിയുടെ ശബ്ദം പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ അത്രയും ഉറക്കെ സംസാരിക്കണമായിരുന്നു. ഒരു അധ്യാപിക കൂടിയായ റസ്മിന് അത് അനായാസം സാധിച്ചു. ആദ്യ ദിനങ്ങളില്‍ത്തന്നെ മത്സരാര്‍ഥികളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് തോന്നുന്ന ഒരു വിലയിരുത്തലുണ്ട്.
ഹൗസിലെ പ്രധാന തര്‍ക്ക വിഷയങ്ങളിലൊക്കെ ഇടപെടുന്ന, ആരുടെ മുഖത്ത് നോക്കിയും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയാന്‍ ഒരു മടിയും കാട്ടാത്ത റസ്മിനെ പ്രേക്ഷകര്‍ ആദ്യദിനങ്ങളില്‍ത്തന്നെ ശ്രദ്ധിച്ചു, ഒപ്പം സഹമത്സരാര്‍ഥികളും.
'റോംഗ് ടേണ്‍'
സൌഹൃദത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നയാളാണ് റസ്മിന്‍, ഒരുപക്ഷേ ആവശ്യമുള്ളതിലും അധികം. കരുത്തയായ ഒരു മത്സരാര്‍ഥിയെന്ന നിലയിലുള്ള തുടക്കത്തിന് ശേഷം ബിഗ് ബോസ് ഹൌസില്‍ റെസ്മിന്‍റെ മുനയൊടിച്ചത് സൌഹൃദങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ അവര്‍ സ്വയമാണ്. ജാസ്മിനും ഗബ്രിയുമായിരുന്നു ഈ സീസണ്‍ എടുത്താല്‍ റസ്മിന്‍റെ ഏറ്റവും ആദ്യത്തെ, ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ജാസ്മിന്‍- ഗബ്രി കോമ്പോയ്ക്ക് പ്രേക്ഷകരിലും സഹമത്സരാര്‍ഥികള്‍ക്കുമിടയിലുള്ള പ്രീതിക്കുറവ് റസ്മിനും നെഗറ്റീവ് ആയി മാറി. ജാസ്മിനും ഗബ്രിക്കുമിടയില്‍ ഉണ്ടായിരുന്ന, പലപ്പോഴും സംഘര്‍ഷഭരിതമായിരുന്ന ബന്ധത്തിന്‍റെ സൈഡ് എഫക്റ്റ് നേരിട്ടത് റെസ്മിന്‍ ആണ്. പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇവര്‍ക്കിടയിലെ പാലമായി ഒത്തുതീര്‍പ്പിനായി ഓടിനടന്ന റെസ്മിന്‍ താന്‍ ഒരു ഇന്‍ഡിവിജ്വല്‍ ഗെയിമര്‍ ആണെന്ന് പലപ്പോഴും മറന്നുപോയി.
എതിര്‍ചേരിയിലെ ജിന്‍റോ
ഈ സീസണില്‍ പ്രേക്ഷകപ്രീതി ഏറ്റവും കുറഞ്ഞ കോമ്പോ ആയിമാറിയ ഗബ്രി- ജാസ്മിന്‍ കോമ്പോയുടെ ഏറ്റവുമടുത്ത സുഹൃത്തായി മാറിയ റസ്മിന്‍ ജനപ്രീതിയില്‍ നില്‍ക്കുന്ന ജിന്‍റോയെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. ജിന്‍റോയുമായി പലരും പല സമയത്ത് വഴക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ നിലനിന്ന അഭിപ്രായ വ്യത്യാസങ്ങള്‍ നോറയുടെയും റസ്മിന്‍റേയും ആയിരുന്നു. ഒരേസമയം പവര്‍ ടീമില്‍ ഉണ്ടായിരുന്ന സമയത്ത് ജിന്‍റോയെ അഡ്ജസ്റ്റ് ചെയ്യാന്‍ റസ്മിന്‍ ഏറെ ബുദ്ധിമുട്ടി. ആദ്യമാദ്യം അത് ഒരു പൊട്ടിത്തെറിയിലേക്ക് വരാതെ റസ്മിന്‍ സൂക്ഷിച്ചിരുന്നെങ്കില്‍ അവസാനമായപ്പോഴേക്കും മറ്റ് മത്സരാര്‍ഥികളുടെ മുന്നില്‍ പവര്‍ ടീം അംഗങ്ങള്‍ നേരിട്ട് ഏറ്റുമുട്ടുന്ന നിലയിലേക്ക് എത്തി. മലയാളം ബിഗ് ബോസില്‍ ഇത്തവണ ആദ്യമായി അവതരിപ്പിക്കപ്പെട്ട കാര്യമായിരുന്നതിനാല്‍ പവര്‍ ടീം എന്താണെന്ന ആശയക്കുഴപ്പം മത്സരാര്‍ഥികള്‍ക്ക് മൊത്തത്തില്‍ ഉണ്ടായിരുന്നു. റസ്മിന്‍ പവര്‍ ടീമില്‍ ഉണ്ടായിരുന്ന സമയത്ത് സഹമത്സരാര്‍ഥികള്‍ക്ക് കൊടുക്കുന്ന ശിക്ഷയില്‍ പക്ഷപാതിത്വമുള്ളത് പ്രേക്ഷകര്‍ക്ക് പലപ്പോഴും അനുഭവപ്പെട്ടു. പ്രേക്ഷകപ്രീതിയുള്ള ജിന്‍റോയുടെ എതിര്‍ചേരിയില്‍ നിന്നത് റെസ്മിന്‍റെ പ്രേക്ഷകപ്രീതിയും വോട്ടിംഗിലും ഇടിവ് ഉണ്ടാക്കിയ കാര്യമാണ്.
മറ്റ് സൗഹൃദങ്ങള്‍
ഈ സീസണില്‍ സുഹൃത്തുക്കള്‍ക്കുവേണ്ടി ഏറ്റവുമധികം സംസാരിച്ച മത്സരാര്‍ഥികളിലൊരാളാണ് റസ്മിന്‍. ഗബ്രിയും ജാസ്മിനുമായി സൗഹൃദം തുടങ്ങിയ ആദ്യ വാരങ്ങളിലൊഴികെ മറ്റ് പല സഹമത്സരാര്‍ഥികളുമായും സൗഹൃദം പുലര്‍ത്തുകയും സംസാരിക്കുകയും ചെയ്ത മത്സരാര്‍ഥിയാണ് റസ്മിന്‍. എന്നാല്‍ ഇത് ബിഗ് ബോസിലെ മുന്നോട്ടുപോക്കിനായി റസ്മിന് ഗുണമൊന്നും ഉണ്ടാക്കിയില്ല, പലപ്പോഴും ദോഷമുണ്ടാക്കിയിട്ടുണ്ടുതാനും. ഗബ്രി- ജാസ്മിന്‍ കഴിഞ്ഞാല്‍ നോറ, അപ്സര, ശ്രീതു- അര്‍ജുന്‍ എന്നിവരുമായാണ് റസ്മിന് സൗഹൃദം ഉണ്ടായത്. തര്‍ക്കങ്ങളില്‍ പലപ്പോഴും നോറയ്ക്കുവേണ്ടി സംസാരിച്ചിട്ടുള്ള റസ്മിന്‍ ശരിക്കും കുഴഞ്ഞുപോയത് നോറയ്ക്കും ജാസ്മിനുമിടയില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോഴായിരുന്നു. രണ്ട് അടുത്ത സുഹൃത്തുക്കള്‍ നിതന്തശത്രുക്കളായത് റെസ്മിനെ ശരിക്കും ബുദ്ധിമുട്ടിച്ചു. എന്നാല്‍ അപ്പോഴൊക്കെ കൂടുതല്‍ അടുത്ത സുഹൃത്തായ ജാസ്മിന്‍റെ ഭാഗത്താണ് റെസ്മിന്‍ നിന്നത്. അവിടെയൊക്കെ നോറയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ റെസ്മിന്‍ ഉത്തരമില്ലാതെ നിന്നു. നീതി/ അനീതി എന്നിവയേക്കാള്‍ തനിക്ക് പ്രധാനം കൂടുതല്‍ അടുത്തതാര് എന്ന ചോദ്യമാണെന്ന് റെസ്മിന്‍ പറയാതെ പറഞ്ഞു.
വന്നപ്പോഴത്തെ ആളല്ല
ബിഗ് ബോസ് ഷോയില്‍ ആഴ്ചകള്‍ മുന്നോട്ട് പോകുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ആദ്യ വാരങ്ങളില്‍ എതിരഭിപ്രായങ്ങള്‍ മുഖത്ത് നോക്കി ശക്തമായ ഭാഷയില്‍ സംസാരിക്കുന്ന മത്സരാര്‍ഥിയായിരുന്നു റസ്മിനെങ്കില്‍ പോകെപ്പോകെ അതിന് മാറ്റം വന്നു. സൗഹൃദങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന റസ്മിന് സഹമത്സരാര്‍ഥികളില്‍ പലരും സുഹൃത്തുക്കളും അടുപ്പക്കാരുമായി മാറിയതിനാല്‍ പഴയ രീതിയുള്ള വാക്ക് പോരാട്ടങ്ങള്‍ക്ക് പിന്നീട് സാധിച്ചില്ല. റസ്മിന്‍ തന്നെ ഫാമിലി വീക്കില്‍ അത് കുടുംബാംഗങ്ങളോട് സമ്മതിച്ചിട്ടുമുണ്ട്. ഒരു കോമണര്‍ എന്ന് സഹമത്സരാര്‍ഥികളെയോ പ്രേക്ഷകരെയോ തോന്നിപ്പിച്ചില്ല എന്ന റസ്മിന്‍റെ വിജയമാണ്. അതേസമയം തങ്ങളിലൊരാളെന്ന് പ്രേക്ഷകരില്‍ തോന്നലുളവാക്കാന്‍ സാധിക്കാനുള്ള അവസരം ഉപയോഗിക്കാനാവാതിരുന്നത് അവരുടെ പരാജയവുമാണ്. രണ്ട് തവണയായി നാല് ആഴ്ചകളില്‍ പവര്‍ റൂമിലും ഒരു വാരം ക്യാപ്റ്റന്‍ സ്ഥാനത്തുമായി അഞ്ച് ആഴ്ചകളാണ് നോമിനേഷനില്‍ നിന്ന് മാറിനില്‍ക്കാന്‍ റെസ്മിന് ഭാഗ്യം ലഭിച്ചത്. കുറച്ചുകൂടി തവണ നോമിനേഷനില്‍ വന്നിരുന്നെങ്കില്‍ ഒരുപക്ഷേ മത്സരാര്‍ഥിയെന്ന നിലയില്‍ റെസ്മിന്‍ ഇന്‍ഡിവിജ്വല്‍ ഗെയിമില്‍ കൂടുതല്‍ ശ്രദ്ധിച്ചേനെ. എന്നിരിക്കിലും കോമണര്‍ ആയി എത്തിയ റസ്മിന്‍ 73-ാം ദിനം മടങ്ങുന്നത് വിജയിയായി തന്നെയാണ്.
ALSO READ : മറ്റ് സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് റിലീസുമായി 'ടര്‍ബോ'; എത്തുന്നത് 364 സ്ക്രീനുകളില്‍