ആദ്യമെ കലിപ്പ്, കറക്ക് കമ്പനിയിൽ വട്ടം കറങ്ങി മത്സരാർത്ഥികൾ; ആട്ടവും പാട്ടും, ഡമ്മിക്ക് തമ്മിലടി
ആദ്യഘട്ടത്തിൽ പുറത്തായവർ എല്ലാവരും നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണുകളിൽ ഏറ്റവും രസകരമായ സെഗ്മെന്റ് ആണ് വീക്കിലി ടാസ്കുകൾ. തർക്കങ്ങൾ ഉടലെടുക്കുന്ന ഇത്തരം ടാസ്കുകൾ ചിലപ്പോൾ കയ്യാങ്കളിയിൽ വരെ എത്തിപ്പെടാറുണ്ട്. എന്നാലും ഓരോ ആഴ്ചയിലെയും തങ്ങളുടെ ബിബി ഹൗസ് ജീവിതം തീരുമാനിക്കുന്ന വീക്കിലി ടാസ്ക് മികച്ച രീതിയിൽ മത്സരിക്കാൻ ആണ് എല്ലാ മത്സരാർത്ഥികളും ശ്രമിക്കാറുള്ളത്. ബിബി സീസൺ അഞ്ചിൽ കറക്ക് കമ്പനി എന്ന വീക്കിലി ടാസ്ക് ആണ് നടക്കുന്നത്. 48 മണിക്കൂർ നീണ്ടു നിൽക്കുന്ന സഹനശേഷി പരിശോധിക്കുന്ന ടാസ്ക് ആണിത്.
എന്താണ് കറക്ക് കമ്പനി
ഇത് സംഘം ചേർന്നുള്ള യുദ്ധമാണ്. നാല് പേർക്ക് മാത്രമെ ഈ മത്സരത്തിൽ വിജയിക്കാൻ സാധിക്കൂ. ആ നാല് പേർ സൗഹൃദങ്ങൾക്കിടയിൽ നിന്നുള്ള സംഘങ്ങൾ ആയിരിക്കണമോ അതോ വ്യക്തിപരമായി മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കണമോ എന്നത് മത്സരാർത്ഥികളുടെ യുക്തിയാണ്. ഗാർഡൻ ഏരിയയിൽ നാല് വശങ്ങൾ കയറുകൾ കൊണ്ട് ബന്ധിച്ച ചതുരാകൃതിയിൽ ഉള്ള ഒരു കളം ഉണ്ടായിരിക്കും. അതിൽ മൂന്ന് വശങ്ങളിലെ കയറുകൾ കറുത്ത നിറത്തിലുള്ളതും ഒരുവശത്തെ കയർ ചുവപ്പ് നിറത്തിലുള്ളതും ആയിരിക്കും. കളത്തിനുള്ളിൽ വലിയൊരു ബോക്സും അതിന്റെ ഓരോ വശങ്ങളിലും മത്സരാർത്ഥികളുടെ ചിത്രങ്ങളും നൽകിയിട്ടുണ്ടാകും. മത്സരം ആരംഭിക്കുമ്പോൾ കുടുംബാംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഏതെങ്കിലും നാല് മത്സരാർത്ഥികൾ കളത്തിനുള്ളിൽ വന്ന് നിന്ന് ബോക്സിന്റെ നാല് വശങ്ങളിലും പിടിച്ചു കൊണ്ട് നിൽക്കുക. ആദ്യം ഏത് നാല് പേരാണ് ബോക്സ് പിടിക്കേണ്ടതെന്ന് ബുദ്ധിമൃപൂർവ്വം തീരുമാനിക്കേണ്ടതാണ്. നിശ്ചിത ഇടവേളകളിൽ മണി മുഴങ്ങുമ്പോൾ മത്സരാർത്ഥികളുടെ കയ്യിൽ ഇരിക്കുന്ന ബോക്സ് വലത്തോട്ടോ ഇടത്തോട്ടോ കറങ്ങി കൊണ്ടിരിക്കണം. മണിമുഴക്കം നിൽക്കുന്ന സമയത്ത് ബോക്സ് നിശ്ചലമാക്കണം. അടുത്ത മണി മുഴങ്ങുന്നത് വരെ ബോക്സ് ചലിപ്പിക്കരുത്. ആ സമയം ചുവപ്പ് കയറിനെ അഭിമുഖീകരിച്ച് നിൽക്കുന്ന ബോക്സിന്റെ ഭാഗത്തെ ചിത്രങ്ങളിൽ ഉള്ള മത്സരാർത്ഥികളിൽ നിന്ന് ഒരു വ്യക്തി മത്സരത്തിൽ നിന്നും പുറത്താകുകയും അടുത്ത നോമിനേഷനിൽ ഉൾപ്പെടുന്നതും ആണ്. അത്തരത്തിൽ പുറത്താക്കുന്നതിനായി തെരഞ്ഞെടുക്കേണ്ടത് എല്ലാ മത്സരാർത്ഥികളും ചേർന്നാണ്. ഇങ്ങനെ പുറത്താകുന്ന വ്യക്തികൾ ഓരോ ജോഡികളായി ബന്ധിതരാകുകയും അറിയിപ്പ് ലഭിക്കുന്ന സമയത്ത് ഒഴികെ ടാസ്കിന്റെ അവസാനം വരെ ഊണിലും ഉറക്കത്തിലും ഉൾപ്പടെ മുഴുവൻ സമയവും അതേ രീതിയിൽ തന്നെ തുടരേണ്ടതും ആണ്. ഇത്തരത്തിൽ തുടരുക. ബോക്സ് പിടിക്കുന്നത് കൈമാറണമെന്ന് തോന്നിയാൽ പുറത്തുള്ള ആരെ വേണമെങ്കിലും വിളിക്കാവുന്നതാണ്. ആരൊക്കെ ബോക്സ് പിടിച്ച് നിൽക്കണമെന്ന് യുക്തി പൂർവ്വം തീരുമാനിക്കുക. ഒരുതവണ പുറത്തായവർക്ക് ബോക്സ് പിടിക്കാൻ അർഹത ഉണ്ടായിരിക്കില്ല. ഒടുവിൽ ബോക്സ് പിടിച്ചു നിൽക്കുന്നവർ ആകും ടാസ്ക് വിജയികൾ. വിജയിക്കുന്നവർക്ക് ഒരാഴ്ചത്തെ നോമിനേഷൻ മുക്തി ലഭിക്കും.
പിന്നാലെ ബോക്സ് പിടിക്കേണ്ടവരെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. അഖിൽ മാരാർ, ഷിജു, മിഥുൻ, ശ്രുതി എന്നിവരാണ് ആദ്യം ബോക്സ് പിടിക്കാൻ നിന്നത്. ഇതിനിടയിൽ ശോഭയെ ശ്രുതി വിളിച്ചെങ്കിലും വന്നില്ല. അവസാനം നിൽക്കുന്നവരാണ് വിജയിക്കുക എന്നുള്ളത് കൊണ്ട് തന്നെ പലരും ആദ്യം ബോക്സ് പിടിക്കാൻ മടിക്കുന്നു എന്നത് വ്യക്തം. ആദ്യഘട്ടത്തിൽ റെനീഷ പുറത്തായി. അടുത്ത നോമിനേഷനിൽ എത്തുകയും ചെയ്തു. താൻ സ്ട്രോങ് ആയത് കൊണ്ടാണ് പുറത്താക്കിയതെന്ന് ആണ് റെനീഷ സെറീനയോട് പറഞ്ഞത്. രണ്ടാമത് അനു ജോസഫ്, മൂന്നാമത് ശോഭ, നാലാമത് സാഗർ, അഞ്ചാമത് സെറീന, ആറാമത് പുറത്തായി. ന്യായീകരണങ്ങളും കർക്കങ്ങളും ഒക്കെ നടന്നെങ്കിലും രസകരമായ ടാസ്ക് ആയിരുന്നു ഇന്ന്. ആട്ടവും പാട്ടുമൊക്കെ ആയാണ് ബോക്സ് പിടിച്ചു നിന്നവർ ടാസ്കിനെ സമീപിച്ചത്.
'ഇവളെ പോലെ ഗതിയില്ലാത്തവൾക്കൊപ്പം കളിക്കാൻ ഞാനി'ല്ലെന്ന് അഖിൽ; 'ചെറ്റേ' എന്ന് വിളിച്ച് ശോഭ, തർക്കം
ആദ്യഘട്ടത്തിൽ പുറത്തായവർ എല്ലാവരും നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് തിരികെ മത്സരത്തിൽ കടക്കാനുള്ള അവസരം ആണ് ബിഗ് ബോസ് അടുത്തതായി നൽകിയത്. പുറത്തായ അഞ്ച് പേരാണ് മത്സരിക്കുക. മനുഷ്യ ഡമ്മി സ്വന്തമാക്കുക എന്നതാണ് ടാസ്ക്. അവസാന ബസർ കേൾക്കുമ്പോൾ ആരുടെ കയ്യിലാണോ ഡമ്മി അവർ വിജയിക്കും. ഇവർ നോമിനേഷനിൽ നിന്നും മുക്തി നേടും. ബുദ്ധിപൂർവ്വം നിലവിൽ ബോക്സ് പിടിച്ചു നിൽക്കേണ്ടവരെ ഒഴിവാക്കാനും സാധിക്കും. എന്നാൽ ഇത്തരത്തിൽ ഒഴിവാകുന്ന വ്യക്തി ടാസ്കിൽ നിന്നും പുറത്താകില്ല. ഇതിൽ അനു വിജയിക്കുകയും ചെയ്തു.