'ഫുള്‍ ഫേക്ക്, അവസരവാദി'; ദേവുവിനെതിരെ ആരോപണമുയര്‍ത്തി വിഷ്‍ണു ജോഷി
സീസണിലെ ആവേശം നിറഞ്ഞ ആദ്യ വീക്കിലി ടാസ്കിനിടെയാണ് ഇരുവര്‍ക്കുമിടയിലെ തര്‍ക്കം രൂപപ്പെട്ടത്
മത്സരാവേശത്തിലും ഗെയി സ്പിരിറ്റിലും ബിഗ് ബോസ് മലയാളത്തിലെ മുന്‍ സീസണുകളെ അപേക്ഷിച്ച് സീസണ്‍ 5 ഒരുപടി മുകളിലാണ്. തുടങ്ങി നാല് ദിവസം മാത്രം ആയിട്ടുള്ള സീസണ്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം ആ അഭിപ്രായം നേടിക്കഴിഞ്ഞു. മത്സരാര്‍ഥികള്‍ക്കിടയിലെ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ മുന്‍ സീസമുകളെ അപേക്ഷിച്ച് സര്‍വ്വസാധാരണമായ കാര്യമാണ് ഇത്തവണ. മാഡ് വൈബ് ദേവുവും വിഷ്ണു ജോഷിയും തമ്മിലുള്ള ഉരസലായിരുന്നു ഹൗസില്‍ ഇന്നുണ്ടായ പ്രധാന തര്‍ക്കങ്ങളില്‍ ഒന്ന്.
സീസണിലെ ആവേശം നിറഞ്ഞ ആദ്യ വീക്കിലി ടാസ്കിനിടെയാണ് ഇരുവര്‍ക്കുമിടയിലെ തര്‍ക്കം രൂപപ്പെട്ടത്. പലനിറത്തിലുള്ള കട്ടകള്‍ സ്വന്തമാക്കേണ്ട ഫിസിക്കല്‍ ടാസ്കിലെ ഒരേയൊരു ഗോള്‍ഡന്‍ കട്ട ആദ്യം സ്വന്തമാക്കിയത് ദേവുവിന്‍റെ ടീമിലെ അനിയന്‍ മിഥുന്‍ ആയിരുന്നു. ബിഗ് ബോസ് പറഞ്ഞത് പ്രകാരം ഫ്രെയ്മിലെ മറ്റ് കട്ടകള്‍ ഒഴിവാക്കി താന്‍ നേടിയെടുത്ത ഗോള്‍ഡന്‍ കട്ടയുമായി മിഥുന്‍ കുറേനേരം ഇരുന്നു. എന്നാല്‍ ബിഗ് ബോസിന്‍റെ ആഹ്വാനപ്രകാരം ഷിജു ഓരോ ടീമിന്‍റെയും കട്ടകളുടെ എണ്ണമെടുക്കുന്ന സമയത്ത് അനിയന്‍ മിഥുന്‍ ഫ്രെയ്മില്‍ നിന്ന് മാറിനിന്ന സമയത്ത് ദേവു ആ ഗോള്‍ഡന്‍ കട്ട സ്വന്തമാക്കുകയായിരുന്നു. വീക്കിലി ടാസ്ക് അവസാനിച്ചിട്ടില്ലെന്നും അത് ദേവുവിന്‍റെ കൈയില്‍ നിന്നും മറ്റുള്ളവര്‍ക്കും സ്വന്തമാക്കാനുള്ള അവസരമുണ്ടെന്നും വിഷ്ണു പറഞ്ഞപ്പോള്‍ ഇത് പക്ഷഭേദമാണെന്ന് ദേവു പറഞ്ഞതില്‍ നിന്നാണ് തര്‍ക്കങ്ങളുടെ തുടക്കം.
നേരത്തെ മിഥുന്‍ ഗോള്‍ഡന്‍ കട്ട സ്വന്തമാക്കി ഫ്രെയ്മില്‍ നിന്ന് ദേവുവിന്‍റെ കട്ടകളൊക്കെ ഒഴിവാക്കിയ സമയത്ത് ദേവു തന്നെ പഞ്ചാരയടിക്കാന്‍ വന്നുവെന്ന് വിഷ്ണു പറയുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ദേവു വാക്കുകളാല്‍ ആദ്യം എതിര്‍ത്തുനിന്നെങ്കിലും തനിക്കു ലഭിച്ച ഗോള്‍ഡന്‍ കട്ട രോഷത്താല്‍ വലിച്ചെറിഞ്ഞു. ഇതിനിടെ ദേവു ഫുള്‍ ഫേക്ക് ആണെന്നും അവസരവാദിയാണെന്നുമൊക്കെ വിഷ്ണു പറയുന്നുണ്ടായിരുന്നു. തന്‍റെ കുട്ടിയടക്കം ഈ ഷോ കാണുന്നുണ്ടെന്നും ഗെയിമിലെ വിജയത്തേക്കാള്‍ തനിക്ക് വലുത് അഭിമാനമാണെന്നും തെറ്റായ ആഗോപണങ്ങളാണ് വിഷ്ണു ഉന്നയിക്കുന്നതെന്നും ദേവു പറയുന്നുണ്ടായിരുന്നു. അതേസമയം ദേവു വലിച്ചെറിഞ്ഞ ഗോള്‍ഡന്‍ കട്ട ലഭിച്ചത് ഷിജുവിനാണ്. ഇത് ലഭിച്ചതോടെ നേരത്തെ ലഭിച്ച നോമിനേഷനില്‍ നിന്ന് ഷിജു മുക്തനാവുകയും ചെയ്തു.