Bigg Boss 4 : വാശിയേറിയ 'കട്ട വെയിറ്റിംഗ്'; ഒറ്റയാൾ പോരാട്ടത്തിനൊടുവിൽ മൂന്ന് പേർ വിജയികൾ
ഇന്ന് വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിനമായിരുന്നു.
ബിഗ് ബോസിൽ(Bigg Boss) പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സെഗ്മെന്റാണ് വീക്കിലി ടാസ്ക്കുകൾ. കായികപരവും കലാപരവും ബുദ്ധിപരവുമായ ടാസ്ക്കുകളാണ് പലപ്പോഴും ബിഗ് ബോസ് നൽകാറ്. ഈ വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ ആഴ്ചയിലെയും നോമിനേഷനും ക്യാപ്റ്റൻസിയും ലക്ഷ്വറി ബജറ്റും തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഓരോതവണയും വാശിയേറിയ മത്സരങ്ങളാണ് മത്സരാർത്ഥികൾ കാഴ്ചവയ്ക്കാറുള്ളത്. കട്ട വെയിറ്റിംഗ് എന്നായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിന്റെ പേര്.
ഇന്ന് വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിനമായിരുന്നു. കഴിഞ്ഞ ദിവസം മത്സരാർത്ഥികള‍്‍ ഗ്രൂപ്പായാണ് മത്സരിച്ചതെങ്കിൽ ഇന്ന് ഒറ്റക്കാണ് കളത്തിലിറങ്ങേണ്ടത്. ഓരോ മത്സരാർത്ഥികൾക്കും ലഭിക്കുന്ന കട്ടകൾ ഉപയോഗിച്ച് ഒരു തൂണ് നിർമ്മിക്കുക എന്നതാണ് ടാസ്ക്. ഓരോരുത്തരും ഒറ്റക്ക് കട്ടകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും തൂണുണ്ടാക്കുകയും ചെയ്യണമെന്നാണ് ബിഗ് ബോസ് നൽകിയ നിർദ്ദേശം. ബസർ ശബ്ദം കേൾക്കുമ്പോൾ ആരാണോ ഏറ്റവും ഉയരം കുറഞ്ഞ തൂൺ നിർമ്മിച്ചത് അവർ പുറത്താകുകയും ചെയ്യും. ഇങ്ങനെ പുറത്താകുന്നവർ ടാസ്ക് കഴിയുന്നത് വരെ വീടിനകത്ത് പ്രവേശിക്കാൻ പാടുളളതുമല്ല. തൂണിന്റെ ഉയരത്തിന്റെ അടിസ്ഥാനത്തിലാകും ടാസ്ക്കിന്റെ വിജയിയെ തീരുമാനിക്കുക. സൂരജാണ് ടാസ്ക്കിന്റെ വിധി കർത്താവെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നാലെ വാശിയേറിയ മത്സരമായിരുന്നു മത്സരാർത്ഥികൾ കാഴ്ചവച്ചത്.
ഓരോ മത്സരാർത്ഥികളും അവരവർക്ക് ലഭിച്ച കട്ടകൾ ഉപയോഗിച്ച് തൂണുകൾ നിർമ്മിക്കുക എന്നതായിരുന്നു ടാസ്ക്കിന്റെ അടുത്ത ഘട്ടം. നിർദ്ദേശങ്ങളിൽ സൂചിപ്പിച്ചത് പോലെ ഏറ്റവും ഉയരം കുറഞ്ഞ തൂൺ നിർമ്മിച്ച ഡോ. റോബിൻ മത്സരത്തിൽ നിന്നും ആദ്യം പുറത്താകുകയും ചെയ്തു. റൂളുമായി ബന്ധപ്പെട്ട് ബ്ലെസ്ലി തർക്കമുണ്ടാക്കിയിരുന്നു. ബ്ലെസ്ലിയും പുറത്തായി എന്ന തരത്തിലായിരുന്നു സംസാരം നടന്നത്. എന്നാൽ ഒടുവിൽ റോബിൻ മാത്രം ടാസ്ക്കിൽ നിന്നും പുറത്തായതായി സൂരജ് അറിയിക്കുക ആയിരുന്നു. രണ്ടാമത്തെ ഘട്ടത്തിൽ ബ്ലെസ്ലിയും ധന്യയുമായിരുന്നു പുറത്തായത്. ഗെയിമിൽ റോൺസൺ ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ജാസ്മിനും നിമിഷയും എത്തിച്ചേർന്നു. പിന്നാലെ വീക്കിലി ടാസ് അവസാനിച്ചതായി ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.