പാവയ്ക്ക് 'മണിക്കുട്ടന്‍' എന്നു പേരിട്ട് സൂര്യ; എതിര്‍പ്പുയര്‍ത്തി മറ്റു മത്സരാര്‍ഥികള്‍
മണിക്കുട്ടന്‍ പോയതിനു പിന്നാലെ സൂര്യ തന്‍റെ പാവയ്ക്ക് 'മണിക്കുട്ടന്‍' എന്നു പേരിട്ടിരുന്നു. ഇന്നത്തെ എപ്പിസോഡിന്‍റെ തുടക്കത്തില്‍ മണിക്കുട്ടന്‍ എന്ന് വിളിച്ച് ആ പാവയെ കളിപ്പിക്കുന്ന സൂര്യയെയാണ് കണ്ടത്
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ഏറ്റവും അപ്രതീക്ഷിതത്വം കാത്തുവച്ചിരുന്ന എപ്പിസോഡ് ആയിരുന്നു തിങ്കളാഴ്ചത്തേത്. ഈ സീസണില്‍ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായ മണിക്കുട്ടന്‍റെ ഷോയില്‍ നിന്നുള്ള സ്വയം പിന്മാറ്റമായിരുന്നു ആ സംഭവം. മണിക്കുട്ടന്‍ തങ്ങളോട് ഒരു വാക്ക് പോലും പറയാതെ പോയത് മത്സരാര്‍ഥികളില്‍ പലര്‍ക്കും ഇന്നലെ ഉള്‍ക്കൊള്ളാന്‍ ആയിരുന്നില്ല. കൂട്ടത്തില്‍ ഏറ്റവും സങ്കടപ്പെട്ടത് ഡിംപലും സൂര്യയും ആയിരുന്നു. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ക്കിടയിലെ ഒരു അഭിപ്രായവ്യത്യാസത്തിലേക്ക് മണിക്കുട്ടന്‍റെ പേര് കടന്നുവന്നു.
മണിക്കുട്ടന്‍ പോയതിനു പിന്നാലെ സൂര്യ തന്‍റെ പാവയ്ക്ക് 'മണിക്കുട്ടന്‍' എന്നു പേരിട്ടിരുന്നു. ഇന്നത്തെ എപ്പിസോഡിന്‍റെ തുടക്കത്തില്‍ മണിക്കുട്ടന്‍ എന്ന് വിളിച്ച് ആ പാവയെ കളിപ്പിക്കുന്ന സൂര്യയെയാണ് കണ്ടത്. സൂര്യയില്‍ നിന്നും പാവയെ കൈയിലെടുത്ത അഡോണി അതിനെ ട്രെഡ് മില്ലില്‍ കൊണ്ടുവന്ന് വെക്കുകയും തമാശ ഉണ്ടാക്കുകയും ചെയ്തു. റംസാനും ഫിറോസും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. ട്രെഡ് മില്ലില്‍ നിന്നും വീഴുന്ന പാവയെ നോക്കി, ഞാനൊക്കെ പോയാലും നീയൊക്കെ ഇങ്ങനെ ചെയ്യുമോ എന്ന് ഫിറോസ് തമാശയ്ക്ക് ചോദിക്കുകയും ചെയ്തു.
വൈകിട്ടത്തെ മീറ്റിംഗില്‍ ക്യാപ്റ്റനായ രമ്യ ഈ വിഷയത്തില്‍ തനിക്കുള്ള അതൃപ്തി തുറന്നുപറഞ്ഞു. ഇന്നലെ ബിഗ് ബോസ് ഹൗസില്‍ നിന്നും പോയ ഒരാളുടെ പേര് ഒരു പാവയ്ക്ക് ഇടുന്നത് ശരിയല്ലെന്നും അത് പോയ ആളിനോടുള്ള ബഹുമാനക്കുറവായാണ് വിലയിരുത്തപ്പെടുകയെന്നും രമ്യ സ്വന്തം അഭിപ്രായം എന്ന നിലയില്‍ പറഞ്ഞു. രാവിലെ ചെയ്തത് ഇനി ആവര്‍ത്തിക്കില്ലെന്ന് അഡോണി പറഞ്ഞു. എന്നാല്‍ രമ്യ വൈകാരികമായാണ് ഇതിനോട് പ്രതികരിച്ചത്. മണിക്കുട്ടനെ എന്നും ബഹുമാനത്തോടെയേ കണ്ടിട്ടുള്ളുവെന്നും മണിക്കുട്ടനോട് സംസാരിക്കുന്നതുപോലെയാണ് താന്‍ ആ പാവയോട് സംസാരിക്കുന്നതെന്നും സൂര്യ പറഞ്ഞു. പിന്നാലെ സ്മോക്കിംഗ് റൂമില്‍ പോയി വിഷമിച്ചിരുന്ന സൂര്യയോട് സംസാരിക്കാന്‍ റിതുവും രമ്യയും പിന്നാലെ ഡിംപലും എത്തി. രമ്യ പറഞ്ഞതിലെ കാര്യം സൂര്യയെ മനസിലാക്കിപ്പിക്കാന്‍ ഡിംപലും ശ്രമിക്കുന്നുണ്ടായിരുന്നു.