പെര്‍ഫോമര്‍ ഓഫ് ദി സീസണ്‍; ശ്രീരേഖ എന്തുകൊണ്ട് പുറത്തായി? 6 കാരണങ്ങള്‍

ബിഗ് ബോസിലൂടെ പേര് മോശമാക്കാത്ത മത്സരാര്‍ഥിയാണ് ശ്രീരേഖ.

Sreerekha over review in bigg boss malayalam season 6, eviction

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള ആളാണ് ശ്രീരേഖ. പക്ഷേ അത് വലിയ ജനപ്രീതി നേടാത്ത ഒരു ചിത്രത്തിലെ (വെയില്‍) പ്രകടനത്തിലൂടെ ആയതിനാല്‍ ഒരു ബിഗ് ബോസ് മത്സരാര്‍ഥിയായി എത്തുമ്പോള്‍ ശ്രീരേഖ ഭൂരിഭാഗം പ്രേക്ഷകര്‍ക്കും അപരിചിതയായിരുന്നു. എന്നാല്‍ പത്താം വാരത്തിലേക്ക് കടക്കുന്ന ദിവസം സീസണ്‍ 6 ല്‍ നിന്ന് എവിക്റ്റ് ആയി പോവുമ്പോള്‍ അങ്ങനെയല്ല. ടെലിവിഷന്‍ പ്രേക്ഷകരായ മുഴുവന്‍ മലയാളികളും ഈ നടിയെ അറിഞ്ഞിരിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ ബിഗ് ബോസ് പ്ലാറ്റ്ഫോമുകളിലും ശ്രീരേഖ മികച്ച പ്രകടനങ്ങള്‍ നടത്തി. എന്നാല്‍ ഷോ അതിന്‍റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ശ്രീരേഖ എന്തുകൊണ്ടാണ് പുറത്താവുന്നത്? കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

1. ഗംഭീര നടനം. പക്ഷേ.. സിനിമയില്‍ തന്‍റെ പ്രകടനങ്ങള്‍ കണ്ടിട്ടില്ലാത്തവരെപ്പോലും താന്‍ ഒരു പ്രതിഭയുള്ള അഭിനേത്രിയാണെന്ന് മനസിലാക്കിപ്പിക്കാന്‍ ശ്രീരേഖയ്ക്ക് നിഷ്പ്രയാസം സാധിച്ചു. ലഭിച്ച അവസരങ്ങളില്‍ മാത്രമല്ല, അവസരങ്ങള്‍ സ്വയം സൃഷ്ടിച്ചും ശ്രീരേഖ അത് സാധിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസില്‍ അത് മാത്രം പോരല്ലോ. ബിഗ് ബോസിലെ ശ്രീരേഖയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നത് ശ്രീരേഖയുടെ അഭിനയ പ്രകടനങ്ങള്‍ ആയിരിക്കും. മത്സരാര്‍ഥിയെന്ന നിലയില്‍ അത് തന്നെയായിരുന്നു അവരുടെ പരിമിതിയും. സഹമത്സരാര്‍‌ഥികളുമായുള്ള മറ്റ് നിമിഷങ്ങള്‍, അത് സംഘര്‍ഷമോ സൗഹൃദമോ ആവട്ടെ- സൃഷ്ടിക്കാന്‍ ശ്രീരേഖയ്ക്ക് കഴിഞ്ഞില്ല. അതുതന്നെയാണ് അവരുടെ പരാജയവും. നോമിനേഷനുകളില്‍ ഉള്‍പ്പെടുമ്പോള്‍ വാരാന്ത്യ എപ്പിസോഡിന് മുന്നോടിയായി ഒരു ആക്റ്റിംഗ് പെര്‍ഫോമന്‍സ് ശ്രീരേഖ നടത്തിയിരുന്നു. ആദ്യമൊക്കെ പ്രേക്ഷകര്‍ ഇതിന് കൈയടിച്ചു. എന്നാല്‍ ഇത് തുടര്‍ന്നതോടെ പ്രേക്ഷകര്‍ക്ക് ചെടിപ്പായി.

2. സൗഹൃദങ്ങള്‍ സൃഷ്ടിക്കാനായില്ല. സീസണ്‍ 2 മുതല്‍ പല മത്സരാര്‍ഥികളും പരീക്ഷിക്കുന്ന ഒന്നാണ് ഒറ്റപ്പെടല്‍ സ്ട്രാറ്റജി. എന്നാല്‍ ഇത് പലപ്പോഴും കൃത്രിമമായി സൃഷ്ടിക്കുന്നതാണെന്ന് മനസിലാക്കി ബിഗ് ബോസില്‍ സഹമത്സരാര്‍‌ഥികള്‍ അതിനിപ്പോള്‍ ആരെയും അനുവദിക്കാറില്ല. നിലവില്‍ സാധ്യമായ വഴി സൗഹൃദങ്ങളുടേതാണ്.  ഗെയിമുകളിലും ടാസ്കുകളിലും മുന്നേറുന്നതിനും ഹൗസില്‍ ഒരു ആധിപത്യം പുലര്‍ത്തുന്നതിനും പ്രേക്ഷകര്‍ക്ക് മുന്നില്‍ രസനിമിഷങ്ങള്‍ സമ്മാനിക്കുന്നതിനും സുഹൃത്തുക്കളെ സൃഷ്ടിക്കല്‍ പ്രധാനമാണ്. അതിന് കഴിയാതെപോയ മത്സരാര്‍ഥിയാണ് ശ്രീരേഖ. കൂട്ടത്തില്‍ ഏറ്റവും ഭാഷാസ്വാധീനമുള്ള മത്സരാര്‍ഥിയായിരുന്നു ശ്രീരേഖ. എന്നാല്‍ സഹമത്സരാര്‍ഥികള്‍ക്കിടയില്‍ ഇത് ഗൗരവമുള്ള ഒരു സീനിയര്‍ എന്ന ഇമേജ് ആണ് നല്‍കിയത്.

3. സ്ഥിരതയില്ലായ്മ. ബിഗ് ബോസില്‍ ശ്രീരേഖയുടെ ഗ്രാഫ് എപ്പോഴും ഏറിയും കുറഞ്ഞും മുന്നോട്ട് നീങ്ങിയത് ആയിരുന്നു. കാര്യങ്ങളോട് ഏറെ സെന്‍സിറ്റീവ് ആയി പ്രതികരിച്ചിരുന്ന ശ്രീരേഖ പലപ്പോഴും വൈകാരികമായി തളര്‍ന്ന് പോകുന്നതും പ്രേക്ഷകര്‍ കണ്ടു. സഹമത്സരാര്‍ഥികളം സംബന്ധിച്ചും ശ്രീരേഖ ഒരു കണ്ഫ്യൂസിംഗ് മത്സരാര്‍ഥി ആയിരുന്നു. പോസിറ്റീവ് ആയി നിന്ന് ഗെയിമുകളിലോ ടാസ്കുകളിലോ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നോട്ട് പോകുന്ന സമയത്ത് ആയിരിക്കും സഹമത്സരാര്‍ഥികളുടെ എന്തെങ്കിലും പ്രവര്‍ത്തി ശ്രീരേഖയെ തകര്‍ക്കുന്നത്. ഗെയിം വിട്ടിട്ട് ഇതില്‍ നിന്ന് തിരിച്ചുവരുന്നതിന് പലപ്പോഴും അവര്‍‌ക്ക് സമയം നീക്കിവെക്കേണ്ടതായി വന്നിട്ടുണ്ട്. അവസരം എപ്പോള്‍ ലഭിക്കുമെന്ന് പറയാന്‍ സാധിക്കാത്ത, എപ്പോഴും തയ്യാറെടുത്തിരിക്കേണ്ട ബിഗ് ബോസ് പോലെ ഒരു ഗെയിമില്‍ ഈ സ്വഭാവം ശ്രീരേഖയ്ക്ക് തിരിച്ചടി ആയിട്ടുണ്ട്.

4. ഓവര്‍ അനലൈസിംഗ് സ്വഭാവം. സഹമത്സരാര്‍ഥികളെ മനസിലാക്കുക എന്നത് ബിഗ് ബോസ് ഷോയെ സംബന്ധിച്ച് പ്രധാനമാണ്. ഒരു സൈക്കോളജിസ്റ്റ് ആയ ശ്രീരേഖ അത് ചെയ്തിട്ടുമുണ്ട്. അപൂര്‍വ്വമായി അത് ഗെയിമര്‍ എന്ന നിലയില്‍ ഉപയോഗപ്പെടുത്താനും അവര്‍ക്ക് സാധിച്ചു. ഉദാഹരണത്തിന് ജാസ്മിനുമായുള്ള പ്രശ്നത്തില്‍ ഗബ്രി തകര്‍ന്നിരുന്ന ഒരു ദിവസം തന്‍റെ ടീമംഗമായ ഗബ്രിയെ അന്നത്തെ ക്രിയേറ്റീവ് ടാസ്കുകളില്‍ മുഴുവന്‍ നന്നായി ഉള്‍പ്പെടുത്തി. ഗബ്രി അത് ചെയ്യുകയും ചെയ്തു. ഗബ്രി പറയുന്നതുപോലെ പാനിക് അറ്റാക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥാപിക്കലായിരുന്നു ഇതിലൂടെ ശ്രീരേഖയുടെ ഉദ്ദേശ്യം. പിന്നാലെ അപ്പോഴത്തെ സുഹൃത്തുക്കളോട് അത് കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പലപ്പോഴും ഓവര്‍ അനലൈസിംഗ് സ്വഭാവം കളിയിലേക്ക് രണ്ടും കല്‍പ്പിച്ച് ഇറങ്ങുന്നതില്‍ നിന്ന് ശ്രീരേഖയെ തടഞ്ഞിട്ടുണ്ട്. തന്‍റെ തന്നെ ഇമോഷണല്‍ വീക്ക്‍നെസിനേക്കുറിച്ചുള്ള അറിവും അവരെ ഇതില്‍ നിന്ന് തടഞ്ഞ ഘടകമാണ്.

5. സ്വന്തം വീഴ്ച അംഗീകരിക്കാതെയിരിക്കല്‍. മറ്റുള്ളവരുടെ തെറ്റ് ഏറെ യുക്തിസഹമായ രീതിയില്‍ അവതരിപ്പിച്ചിട്ടുള്ളയാളാണ് ശ്രീരേഖ. എന്നാല്‍ സ്വന്തം ഭാഗത്തുനിന്നുണ്ടാവുന്ന പാളിച്ചകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടിയാല്‍ അത് മനസ് തുറന്ന് അംഗീകരിക്കാന്‍ ശ്രീരേഖയ്ക്ക് സാധിച്ചിട്ടില്ല. ഇത് ഒരു ഇരട്ട നിലപാടിന്‍റെ ഇമേജ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രീരേഖയ്ക്ക് സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പവര്‍ ടീം അംഗങ്ങള്‍ക്കിടയിലെ കമ്യൂണിക്കേഷന്‍ ഗ്യാപ്പിനെ കാര്യകാരണ സഹിതം നന്ദന ചോദ്യം ചെയ്തപ്പോള്‍ കുറച്ച് ഐസ്ക്രീം എടുത്തതിനാണോ ഈ പറയുന്നതെന്ന ഇമോഷണല്‍ പ്രതികരണമാണ് ശ്രീരേഖ നടത്തിയത്. വീക്കെന്‍ഡ് എപ്പിസോഡിലടക്കം അതിന് തുടര്‍ച്ച നല്‍കുകയും ചെയ്തു.

6. ട്രസ്റ്റ് ഇഷ്യൂ. ഇത്തവണത്തെ ബിഗ് ബോസില്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ട സൗഹൃദങ്ങള്‍ ഇല്ല. അതിഥികളായി അത്തിയ സാബുമോനും ശ്വേത മേനോനും പറഞ്ഞതുപോലെതന്നെ എല്ലാത്തിനെയും സീരിയസ് ആയി എടുക്കുന്ന മത്സരാര്‍ഥികളാണ് പൊതുവെ ഇത്തവണ. സഹമത്സരാര്‍ഥികളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്ത ശ്രീരേഖയെയാണ് മിക്കപ്പോഴും ഹൗസില്‍ കണ്ടത്. സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രീരേഖയ്ക്ക് കഴിയാതെപോയതും ഈ ട്രസ്റ്റ് ഇഷ്യൂ കാരണമാണ്. നോറയെപ്പോലെ ഗെയിമുകളെ എപ്പോഴും പേഴ്സണല്‍ ആയി എടുത്തില്ലെങ്കിലും ഏത് നിമിഷവും ഒരു പണി വരാമെന്ന് മുന്‍കൂട്ടി കണ്ട് ഒരു രക്ഷാമതില്‍ തീര്‍ത്തായിരുന്നു ബിഗ് ബോസില്‍ ശ്രീരേഖയുടെ നില്‍പ്പ്.

പത്താം ആഴ്ചയിലേക്ക് ബി​ഗ് ബോസ്, ഒരാള്‍ കൂടി ഷോയ്ക്ക് പുറത്തേക്ക്, ഞെട്ടി മറ്റുള്ളവർ

ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും ബിഗ് ബോസിലൂടെ പേര് മോശമാക്കാത്ത മത്സരാര്‍ഥിയാണ് ശ്രീരേഖ. ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ മലയാളികളില്‍ വലിയൊരു ശതമാനത്തിലേക്ക് എത്താനായി എന്നതിനാല്‍ ബിഗ് ബോസ് ശ്രീരേഖയ്ക്ക് ആത്യന്തികമായി നേട്ടമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios