ബിഗ് ബോസ് വീട്ടിലെ 'വാറുണ്ണിയും കൈസറും' ആര്? ഏറ്റുമുട്ടി അഖില്‍ മാരാരും റിനോഷും
ജയില്‍ നോമിനേഷനുവേണ്ടി വന്ന റിനോഷ് ആണ് അഖില്‍ മുന്‍പ് പറഞ്ഞ ഒരു ഉദാഹരണം ചര്‍ച്ചയ്ക്ക് എടുത്തിട്ടത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ എട്ടാം വാരത്തിലൂടെ മുന്നോട്ട് പോവുകയാണ്. 50 എപ്പിസോഡുകള്‍ പിന്നിട്ടതിനു ശേഷമുള്ള ആദ്യ വാരം മത്സരാര്‍ഥികള്‍ക്കായി നിരവധി സര്‍പ്രൈസുകളാണ് ബിഗ് ബോസ് ഒരുക്കിയിരുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അതിഥികളായി ബിഗ് ബോസ് മുന്‍ മത്സരാര്‍തികളായ രജിത്ത് കുമാറിനെയും റോബിന്‍ രാധാകൃഷ്ണനെയും തിരികെ കൊണ്ടുവന്നത്. അതേസമയം പകുതി പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ ഷോയില്‍ മത്സരം മുറുകുന്നുണ്ട്. ഈയിടെയായി പലപ്പോഴും ആശയപരമായി ഏറ്റുമുട്ടിത്തുടങ്ങിയ അഖിലിനും റിനോഷിനും ഇടയില്‍ നടന്ന ഒരു വാദം മറ്റു മത്സരാര്‍ഥികളുടെയും പ്രേക്ഷകരുടെയും ശ്രദ്ധ നേടി.
ജയില്‍ നോമിനേഷനുവേണ്ടി വന്ന റിനോഷ് ആണ് അഖില്‍ മുന്‍പ് പറഞ്ഞ ഒരു ഉദാഹരണം ചര്‍ച്ചയ്ക്ക് എടുത്തിട്ടത്. ഐ വി ശശിയുടെ മമ്മൂട്ടി ചിത്രം മൃഗയയിലെ മമ്മൂട്ടിയുടെയും അദ്ദേഹത്തിന്‍റെ പട്ടിയുടെയും പേരിലുള്ള ഉദാഹരണത്തെക്കുറിച്ചായിരുന്നു അത്. വാറുണ്ണി എന്ന മമ്മൂട്ടി കഥാപാത്രത്തിന്‍റെ നായയാണ് കൈസര്‍. ബിഗ് ബോസിലെ വാറുണ്ണി അനിയന്‍ മിഥുനും കൈസര്‍ റിനോഷുമാണെന്നായിരുന്നു അഖിലിന്‍റെ അഭിപ്രായപ്രകടനം. എന്നാല്‍ ഈ വാറുണ്ണി കൈസറിന്‍റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ടിട്ടില്ലെന്നും വാറുണ്ണിയും കൈസറും സ്വതന്ത്രമായാണ് സഞ്ചരിക്കുന്നതെന്നും റിനോഷ് പറഞ്ഞു.
ബിഗ് ബോസ് വീട്ടിലെ മറ്റു രണ്ട് പേരെ ഇതേ ഉദാഹരണം കൊണ്ട് നിരീക്ഷിക്കുകയും ചെയ്തു റിനോഷ്. അഖില്‍ മാരാരും ഷിജുവുമായിരുന്നു റിനോഷിന്‍റെ കണ്ണിലെ വാറുണ്ണിയും കൈസറും. എന്നാല്‍ ഈ വാറുണ്ണി കൈസറിന്‍റെ കഴുത്തില്‍ ബെല്‍റ്റ് കെട്ടിയിട്ടുണ്ടെന്നും ആ കെട്ട് അഴിച്ചാല്‍ കൈസര്‍ അക്രമാസക്തനാവുകയും തുടര്‍ന്ന് വീട്ടുകാര്‍ ഇവിടെനിന്ന് പുറത്താക്കുമെന്നും റിനോഷ് നിരീക്ഷിച്ചു. ശക്തമായ ഭാഷയില്‍ സംസാരിക്കുന്നത് അപൂര്‍വ്വമാണെങ്കിലും സംസാരിക്കുന്ന സമയത്ത് ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമായും രസകരമായും ആശയങ്ങള്‍ അവതരിപ്പിക്കാറുണ്ട് റിനോഷ്.
ALSO READ : 'എന്‍റെ അടുത്ത സിനിമയില്‍ രജിത്ത് കുമാറിന് വേഷം'; അഖില്‍ മാരാരുടെ വാഗ്‍ദാനം