ടാസ്കിൽ 'കില്ലാഡി'കളായ നാദിറയും ശോഭയും ക്യാപ്റ്റൻസിയിലേക്ക്, ഇവർ ജയിലിലേക്ക്
ടാസ്കിലും വീട്ടിലെ പൊതുവിലെ കാര്യങ്ങളിലും മോശം പ്രകടനം കാഴ്ചവച്ച ഹനാൻ, വിഷ്ണു, ഗോപിക എന്നിവർക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.
ബിഗ് ബോസ് സീസൺ അഞ്ചിൽ ഇതുവരെ രസകരമായ മൂന്ന് വീക്കിലി ടാസ്കുകൾ കഴിഞ്ഞു. ഈ ടാസ്കുകളുടെ അടിസ്ഥാനത്തിൽ ആണ് പിറ്റേ ആഴ്ചയിലെ ഓരോ മത്സരാർത്ഥികളുടെ ബിബി ഹൗസ് ജീവിതം എങ്ങനെ എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച പോരാട്ടമാണ് മത്സരാർത്ഥികൾ ഓരോരുത്തരും കാഴ്ചവയ്ക്കാറുള്ളത്.
വെള്ളിയാങ്കല്ല് എന്നായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്. ഇതിൽ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് പോരാടിയ ശോഭയും നാദിറയും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി(ശോഭ 68,നാദിറ 64). ഇവർ ആയിരിക്കും അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻസിക്കായി മത്സരിക്കുക. ടാസ്കിലും വീട്ടിലെ പൊതുവിലെ കാര്യങ്ങളിലും മോശം പ്രകടനം കാഴ്ചവച്ച ഹനാൻ, വിഷ്ണു, ഗോപിക എന്നിവർക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. എന്നാല്‍ ഹനാന്‍ അസുഖമായി ആശുപത്രിയില്‍ പോയതിനാല്‍ വിഷ്ണുവും ഗോപികയും ഇത്തവണ ജയിലിലേക്ക് പോയി.
ജയിൽ നോമിനേഷനുകൾ ഇങ്ങനെ
ദേവു- ഹനാൻ, ഗോപിക
വിഷ്ണു- ഷിജു, ദേവു
അഖിൽ- റിനോഷ്,ഗോപിക
മിഥുൻ- ഗോപിക, വിഷ്ണു
ശോഭ- അഖിൽ മാരാർ, ഹനാൻ
സെറീന- ഹനാൻ, ഷിജു
റെനീഷ- വിഷ്ണു, ഹനാൻ
സാഗർ- ലെച്ചു, വിഷ്ണു
ഗോപിക- ഹനാൻ, ദേവു
ലെച്ചു- ഹനാൻ, ഗോപിക
റിനോഷ് - ഗോപിക, ഹനാന്‍
'നീ നടത്തുന്നത് തട്ടിപ്പിം വെട്ടിപ്പും' എന്ന് അഖിൽ; അനാവശ്യം പറയരുതെന്ന് ഗോപിക, വാക്പോര്
എന്താണ് വെള്ളിയാങ്കല്ല് ?
ഈ വീക്കിലി ടാസ്കിൽ വിഷ്ണു, മിഥുൻ, സാഗർ , ജുനൈസ്, അഖിൽ മാരാർ എന്നിവർ കടൽകൊള്ളക്കാരും റെനീഷ മനീഷ, ഗോപിക, ദേവു, ഹനാൻ എന്നിവർ ഏഴ് സമുദ്രങ്ങൾക്കും അധിപരമായ സമുദ്ര അധികാരികളും ആയിരിക്കും. ബാക്കി ഉള്ള ഒൻപത് പേരും കടൽ വ്യാപാരികളാണ്. വ്യാപാരികൾക്ക് ഓരോരുത്തർക്കും വലിയ ബോട്ടുകളും കടൽ കൊള്ളക്കാർ ഓരോരുത്തർക്കും ചെറിയ ബോട്ടുകളും കൊളുത്തുള്ള കയറും നൽകും. ഈ വീടിന്റെ സർവ്വാധികാരവും സമുദ്ര അധികാരികൾക്ക് മാത്രമായിരിക്കും. കൊള്ളക്കാർക്ക് വീട്ടിൽ അധികാരം ഇല്ലെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി എവിടെയും പ്രവേശിക്കാവുന്നതാണ്. ഗാർഡൻ ഏരിയ വ്യാപാരികളുടെയും കൊള്ളക്കാരുടെയും ബോട്ടുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും ആക്ടിവിറ്റി ഏരിയ നിറയെ രത്നങ്ങൾ ഉള്ള സമുദ്രവും ആയിരിക്കും. സൈറൻ മുഴങ്ങുമ്പോൾ വ്യാപാരികൾ എല്ലാവരും ഗാർഡൻ ഏരിയയിൽ നിന്നും സ്വന്തം ബോട്ടുകൾ എടുത്ത് ആക്ടിവിറ്റി ഏരിയയിലെ സമുദ്രത്തിൽ പോകേണ്ടതാണ്. അവിടെ ലഭിക്കുന്ന സമയത്തിനുള്ളിൽ പരമാവധി രത്നങ്ങൾ ശേഖരിച്ച് സൂക്ഷിച്ച് രണ്ടാമത്തെ സൈറന് പുറത്തു വരേണ്ടതാണ്. അങ്ങനെ വരുന്ന സമയത്ത് സമുദ്രാധികാരികൾ കരംപിരിക്കുന്ന അധികാരത്തിന്റെ പ്രതീകമായി വ്യാപാരികൾ ആക്ടിവിറ്റി ഏരിയയിൽ നിന്നും പുറത്തുവന്ന ശേഷം ലിവിംഗ് ഏരിയയിൽ വച്ചിട്ടുള്ള ഫ്ലാഗുകൾ അവരുടെ ബോട്ടുകളിൽ വയ്ക്കേണ്ടതാണ്. സമുദ്രാധികാരികൾക്ക് എല്ലാവർക്കുമായി ആകെ ആറ് ഫ്ലാഗുകൾ മാത്രമായിരിക്കും ലഭിക്കുക. അതിൽ എത്ര ഫ്ലാഗുകൾ ഓരോരുത്തരും സ്വന്തമാക്കണമെന്ന് അധികാരികൾ ബുദ്ധിപൂർവ്വം ആലോചിച്ച് തീരുമാനിക്കുക. വ്യാപാരികൾ ഒരേസമയം അധികാരികളുടെയും കൊള്ളക്കാരുടെയും നിരീക്ഷണത്തിൽ ആയിരിക്കും. വീടിന്റെ ഏത് ഭാഗം ഉപയോഗിക്കണമെങ്കിലും വ്യാപാരികൾ അധികാരികളെ സമീപിച്ച് ബോധ്യപ്പെടുത്തി രത്നങ്ങൾ നൽകേണ്ടതാണ്. ടാസ്കിന്റെ അവസാനം ഏറ്റവും കൂടുതൽ രത്നങ്ങൾ കൈവശം ഉള്ള വ്യക്തി ആയിരിക്കും ഈ ടാസ്കിലെ വിജയി. ആ വ്യക്തിയെ കാത്തിരിക്കുന്നത് നോമിനേഷൻ മുക്തി എന്ന സവിശേഷ നേട്ടമായിരിക്കും. ഡീൽ ഉറപ്പിക്കുന്നതിനും രത്നങ്ങൾ കൈമാറുന്നതിനുമായി ഗാർഡൻ ഏരിയയിൽ പ്രത്യേക സ്ഥലം തയ്യാറാക്കിയിട്ടുണ്ട്. അക്രമിക്കുന്നതിനായി കൊള്ളക്കാർ തങ്ങളുടെ കയർ ഉപയോഗിച്ച് വ്യാപാരികളുടെ ബോട്ടിൽ കൊളുത്തിടേണ്ടതാണ്. അഞ്ച് കൊള്ളക്കാർക്കുമായി ഒരു കയർ മാത്രം ആയിരിക്കും ഉള്ളത്. ആയതിനാൽ ഓരോ സമയവും ആരെ ആക്രമിക്കണമെന്ന് ആവശ്യമെങ്കിൽ കൊള്ളക്കാർക്ക് ചർച്ച ചെയ്ത് തീരുമാനിക്കാം. കൊളുത്തു വീണ ബോട്ടിലെ രത്നങ്ങൾ കൊള്ളക്കാർക്ക് കൈവശമാക്കാം. ഗാർഡൻ ഏരിയയിൽ വച്ച് മാത്രമെ വ്യാപാരികളെ ആക്രമിക്കാൻ പാടുള്ളൂ. പിറ്റേദിവസം അധികാരികള്‍ കൊള്ളക്കാരും കൊള്ളക്കാര്‍ അധികാരികളും ആയിരുന്നു.