Bigg Boss : ഇത് വല്ലാത്തൊരു 'ഭാഗ്യ പേടകം'; വീക്കിലി ടാസ്ക്കിൽ ഇഞ്ചോടിഞ്ച് പൊരുതി മത്സരാർത്ഥികൾ
ഭാഗ്യ പേടകം ടാസ്ക്കിന്റെ അവസാനം എന്താകുമെന്നും ആരാകും ജയിക്കാൻ പോകുന്നതെന്നും അറിയാന്‍ നാളെ വരെ കാത്തിരിക്കേണ്ടിവരും.
ബിഗ് ബോസ്(Bigg Boss Malayalam) വീടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ് വീക്കിലി ടാസ്ക്കുകൾ. ഓരോ ആഴ്ച്ചയിലെയും ലക്ഷ്വറി ബജറ്റുകളും ആരോക്കെയാണ് നോമിനേഷനിൽ പോകേണ്ടത് എന്നൊക്കെ തീരുമാനിക്കുന്നത് ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയാണ് മത്സരാർത്ഥികൾ ഈ ഗെയിമിലെ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്ക് 'അകത്തോ പുറത്തോ' ആയിരുന്നെങ്കിൽ ഈ ആഴ്ചയിലെ ടാസ്ക്കിന്റെ പേര് 'ഭാഗ്യ പേടകം' എന്നായിരുന്നു.
ബഹിരാകാശത്തേക്കൊരു സാങ്കൽപ്പിക യാത്ര എന്നതാണ് ടാസ്ക്. ഒരു സമയം അഞ്ച് പേർക്ക് മാത്രമെ ഗാർഡൻ ഏരിയയിൽ സജീകരിച്ചിരിക്കുന്ന പേടകത്തിൽ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. നിശ്ചിത ഇടവേളകളിലെ അറിയിപ്പുകൾക്കുള്ള സമയത്തിനുള്ളിൽ പേടകത്തിൽ ഉള്ളവർ ചേർന്ന് ചർച്ച ചെയ്ത്, ഐക്യകണ്ഠേനെ ഒരാളെ പുറത്താക്കേണ്ടതും പകരം പുറത്തുള്ള ഒരാളെ, പുറത്തുള്ളവർ ചർച്ച ചെയ്ത് പേടകത്തിലേക്ക് കയറ്റേണ്ടതുമാണ്. ഇത്തരത്തിൽ ഓരോ മത്സരാർത്ഥികളും പേടകത്തിന് പുറത്തേക്ക് പോകുകയും അകത്തേക്ക് വരികയും ചെയ്യും. എല്ലാ ഘട്ടങ്ങളിലും സജീവമായി പങ്കെടുത്ത് ഏറ്റവും കൂടുതൽ സമയം ബഹിരാകാശ പേടകത്തിൽ ചിലവഴിക്കുക എന്നതാണ് ടാസ്ക്. ഈ ടാസ്ക്കിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തി അടുത്ത ആഴ്ചയിലെ നോമിനേഷൻ പ്രക്രിയയിൽ നിന്നും മുക്തി നേടുമെന്നും ബിഗ് ബോസ് നിർദ്ദേശം നൽകി. കൂടാതെ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്നവർക്കാകും അടുത്ത ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ സാധിക്കുകയെന്നും ബിഗ് ബോസ് അറിയിച്ചു. ഒരിക്കൽ പോലും പേടകത്തിൽ കയറാൻ സാധിക്കാത്തവർക്ക് അവരുടെ ലക്ഷ്വറി പോയിന്റ് പൂർണമായും നഷ്ടമാകുന്നതായിരിക്കും.
ധന്യ, അശ്വിൻ, നിമിഷ, ബ്ലെസ്ലി, ദിൽഷ എന്നിവരാണ് ആദ്യമായി പേടകത്തിൽ കയറാൻ യോഗ്യത നേടിയത്. പിന്നാലെ മത്സരത്തിനായുള്ള തയ്യാറെടുപ്പായിരുന്നു. ഏവരും. എന്നാൽ ടാസ്ക്കിൽ നിന്നും ഡോ. റോബിൻ മാറി നിന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. പുറത്തു നിന്നവരിൽ നിന്നും ആദ്യം പേടകത്തിലേക്ക് പ്രവേശിക്കാൻ പോയത് ശാലിനി ആയിരുന്നു. പേടകത്തിൽ ഇരുന്നവരിൽ നിന്നും പുറത്തേക്ക് പോയത് ധന്യയും ആയിരുന്നു. ഇത്തവണത്തെ നോമിനേഷനിൽ ധന്യ ഇല്ല എന്നതായിരുന്നു കാരണമായി മറ്റുള്ളവർ പറഞ്ഞത്.
പിന്നാലെ നടന്നത് ശാലിനിയും ധന്യയും തമ്മിലുള്ള മത്സരമാണ്. ഇരുവരും തമ്മിലുള്ള മത്സരത്തിൽ ആരാണോ ജയിക്കുന്നത് അവരാകും പേടകത്തിൽ ആദ്യം കയറുക. ഹെവി ടാസ്ക്ക് ആയിരുന്നു ഇരുവർക്കും ബിഗ് ബോസ് നൽകിയത്. പിന്നാലെ നടന്ന വാശിയേറിയ പേരാട്ടത്തിൽ ധന്യ വിന്നറാവുകയും തിരികെ വീണ്ടും പേടകത്തിലേക്ക് താരം പോകുകയും ചെയ്തു. പരാജയപ്പെട്ട ശാലിനി അന്യഗ്രഹത്തിൽ(പ്രത്യേകം സെറ്റ് ചെയ്ത സ്ഥലം) പോകുകയും ചെയ്തു. തുടരെ എട്ട് മണിക്കൂറാണ് ധന്യ, അശ്വിൻ, നിമിഷ, ബ്ലെസ്ലി, ദിൽഷ എന്നിവർ പേടകത്തിൽ തന്നെ സ്ഥാനം ഉറപ്പിച്ചത്.
ശേഷം നടന്നത് ടാസ്ക്കിന്റെ രണ്ടാം ഘട്ടമായിരുന്നു. വിടമാട്ടെ എന്നായിരുന്നു ഇതിന്റെ പേര്. രണ്ട് ടീമിൽ നിന്നും അഞ്ച് പേര് വീതം ആയിരുന്നു ഈ ഘട്ടത്തിൽ മത്സരത്തിനിറങ്ങിയത്. പുറത്തുള്ളവരിൽ നിന്നും ഡോ. റോബിൻ, സുചിത്ര, ലക്ഷ്മി പ്രിയ, ജാസ്മിൻ, റോൺസൺ എന്നിവരായിരുന്നു ടാസ്ക്കിൽ പങ്കെടുക്കാൻ എത്തിയത്. വെള്ളം നിറച്ച ബലൂൺ ആണികൾക്ക് മുകളിൽ ഒരു കൈമാത്രം ഉപയോഗിച്ച് പിടക്കുക എന്നതായിരുന്നു ടാസ്ക്. ശേഷം നടന്ന പോരാട്ടത്തിനൊടുവിൽ റോൺസൺ വിന്നറാവുകയും ചെയ്തു.
ഒടുവിൽ പേടകത്തിലുള്ള അഞ്ച് പേരും എന്തുകൊണ്ട് പേടകത്തിൽ തുടരാൻ തങ്ങൾ അർഹരാണ് എന്ന് റോൺസണോട് പറയാൻ ബിഗ് ബോസ് നിർദ്ദേശം നൽകുകയും ധന്യ, ദിൽഷ, നിമിഷ, അശ്വൻ, ബ്ലെസ്ലി എന്നിവർ അവരവരുെ ഭാഗം പറയുകയും ചെയ്തു. ഇവരുടെ വിവരണം കേട്ട ശേഷം ആര് പുറത്ത് പോകണമെന്ന് റോൺസണ് തീരുമാനിക്കാമെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. ധന്യയെ ആയിരുന്നു റോൺസൺ തിരഞ്ഞെടുത്തത്. ധന്യ നോമിനേഷനിൽ ഇല്ല എന്നതായിരുന്നു കാരണം. ശേഷം ധന്യ പുറത്ത് പോകുകയും റോൺസൺ പോടകത്തിന് അകത്ത് പോകുകയും ചെയ്തു. ഭാഗ്യ പേടകം ടാസ്ക്കിന്റെ അവസാനം എന്താകുമെന്നും ആരാകും ജയിക്കാൻ പോകുന്നതെന്നും അറിയാൻ നാളെ വരെ കാത്തിരിക്കേണ്ടിവരും.