'ഒരുമിച്ചിരുന്ന് എന്റെ പടം കാണണം എന്നുണ്ടായിരുന്നു, അപ്പോഴേക്കും അമ്മ പോയി'; നോവുണർത്തി സാഗർ
അമ്മയുടെ വിയോഗവും അമ്മയുടെ ആഗ്രഹത്തിന് വേണ്ടിയാണ് ബിഗ് ബോസിൽ വന്നതെന്നും സാഗർ പറയുന്നു.
വ്യത്യസ്ത മേഖലയിൽ ഉള്ള മത്സരാർത്ഥികളാണ് ബിഗ് ബോസ് സീസണുകളിൽ എത്തുന്നത്. ഇവരുടെ ജീവിത കഥ പലപ്പോഴും പ്രേക്ഷകന്റെ മനസ്സിൽ നോവുണർത്താറുണ്ട്. ഈ സീസണിലും അങ്ങനെ തന്നെ. ഇന്ന് തന്റെ ജീവിത കഥ പറഞ്ഞത് സാഗർ സൂര്യയാണ്. അമ്മയുടെ വിയോഗവും അമ്മയുടെ ആഗ്രഹത്തിന് വേണ്ടിയാണ് ബിഗ് ബോസിൽ വന്നതെന്നും സാഗർ പറയുന്നു.
സാഗർ സൂര്യയുടെ വാക്കുകൾ
തൃശ്ശൂരാണ് എന്റെ നാട്. വീട്ടിൽ അച്ഛൻ, അനിയൻ, അമ്മയില്ല. അമ്മയുടെ സ്ഥാനത്ത് അമ്മൂമ്മയാണ് വീട്ടിൽ വന്ന് നിൽക്കുന്നത്. ഒരു മാജിക് പോലെയാണ് എന്റെ ലൈഫ് പോകുന്നത്. ഹാർഡ് വർക്ക് ചെയ്യുന്നൊരാളാണ് ഞാൻ. വീട്ടുകാരെ അടിപൊളിയായി നോക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ വീട്ടിൽ വലിയൊരു ഹോപ് നൽകുന്നൊരു വ്യക്തി ഉണ്ടായിരുന്നു. ആള് പറഞ്ഞു പ്ലസ് ടു കഴിഞ്ഞ് എഞ്ചിനീയറിംഗ് പഠിക്കാൻ. നാട്ടിൽ അഡ്മിഷൻ കിട്ടാത്തത് കൊണ്ട് കോയമ്പത്തൂരിലാണ് ഞാൻ ജോയിൻ ചെയ്തത്. രണ്ട് മാസം ആയിട്ടും എനിക്ക് ഒന്നും മനസിലായില്ല. കാരണം ഇവിടെ മലയാളം മീഡിയത്തിൽ നിന്നും പോയി അവിടെ മുഴുവൻ ഇംഗ്ലീഷ് ആയപ്പോൾ ഒരുപിടിയും കിട്ടിയില്ല. ഫസ്റ്റ് സെമ്മിൽ തന്നെ എട്ട് നിലയിൽ പൊട്ടി. പഠിപ്പ് നിർത്തി പോയ്ക്കോ എന്ന് ഒപ്പമുള്ളവരും പറഞ്ഞു. അച്ഛനോട് വിളിച്ച് ഇത് നടക്കുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. കോഴ്സ് കപ്ലീറ്റ് ചെയ്താൽ മതി വേറെ സീനൊന്നും ഇല്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഒത്തിരി പേപ്പറുകൾ എഴുതി എടുക്കാൻ ഉണ്ടായിരുന്നു. നാലാം വർഷം അത് മുഴുവൻ കംപ്ലീറ്റ് ചെയ്തു. എന്റെ ലൈഫിൽ എന്ത് പറ്റില്ല എന്ന് പറഞ്ഞാലും അത് ഏറ്റെടുക്കാൻ ഭയങ്കര താല്പര്യം ആയിരുന്നു. ലൈഫിൽ ഹോപ് തന്ന വ്യക്തിയുടെ അടുത്ത് ഞാൻ വീണ്ടും പോകുവ. എഞ്ചിനീയറിംഗ് കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ കുറച്ചൂടെ പഠിക്കാൻ പറഞ്ഞു. അങ്ങനെ ഞാൻ എം ടെക് പഠിച്ചു. അങ്ങനെ വീണ്ടും രണ്ട് വർഷം വേറൊരു കോഴ്സും പഠിച്ച് കെട്ട് കണക്കിന് സർട്ടിഫിക്കറ്റുമായി ഞാൻ അയാളുടെ അടുത്ത് പോയപ്പോൾ നി വേറെ വല്ല പണിക്കും പോ എന്ന് പറഞ്ഞ് വിട്ടു. തളർന്ന് പോയി ഞാൻ. മൈന്റ് ഒന്ന് ചിൽ ആക്കാൻ വേണ്ടിയാണ് ഞാൻ അഭിനയം പഠിക്കാൻ പോയത്. ഒത്തിരി ഒഡിഷനുകൾ അറ്റന്റ് ചെയ്തു. ജൂനിയർ ആർട്ടിസ്റ്റ് ആയി കുറേ പടത്തിൽ അഭിനയിക്കാൻ പോയി. ഒന്നും കിട്ടാതായതോടെ നെഗറ്റീവ് അടിക്കാൻ തുടങ്ങി. റിസ്ക് പിടിച്ച പണിയാണെന്ന് മനസിലാക്കി. ഇവിടം വിട്ട് ഓസ്ട്രേലിയയിൽ പോകാൻ തീരുമാനിച്ചു. ആ സമയത്താണ് ഒരു പരിപാടിയുടെ ഒഡിഷൻ കാര്യങ്ങൾ സുഹൃത്ത് എനിക്ക് അയച്ച് തന്നത്. അങ്ങനെ അതിൽ വിളിച്ചു. അങ്ങനെയാണ് തട്ടീം മുട്ടീനിലും എത്തുന്നത്. ഫസ്റ്റ് എപ്പിസോഡ് കണ്ടിട്ട് അമ്മ കയ്യടിക്കുന്ന നിമിഷം ഇപ്പോഴും ഓർമയുണ്ട്.
അനിയത്തി പ്രാവ് സിനിമ പോലെ ആയിരുന്നു അച്ഛനും അമ്മയും. അത്രയും പ്രണയം ആയിരുന്നു അവര്‍. അപ്പോഴൊക്കെ അമ്മയോട് പറയും എന്റെ സിനിമ ഓരുമിച്ച് പോയി കാണണം എന്നൊക്കെ. പക്ഷേ അതിന് എനിക്ക് സാധിച്ചില്ല. ഒരു വാദ സംബന്ധമായ അസുഖമൊക്കെ അമ്മയ്ക്ക് വന്നു. പെട്ടെന്ന് ആയിരുന്നു അമ്മയുടെ മരണം. എന്റെ കൺമുന്നിൽ വച്ചായിരുന്നു ആ ഒരു വെപ്രാളമൊക്കെ. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ബിഗ് ബോസിലേക്ക് ഞാൻ വരാനുള്ള പ്രധാന കാരണം അമ്മയാണ്. അതിന് കാരണം തട്ടീം മുട്ടീം നടന്നാലും അമ്മ കാണുന്നത് ബിഗ് ബോസ് ആയിരിക്കും. ഒരിക്കൽ ബിഗ് ബോസിൽ ഞാൻ വരുമെന്ന് പറയുമായിരുന്നു. പിന്നെ നിന്നെ കൊണ്ടോന്നും പറ്റില്ലെന്ന് അമ്മ പറയുമായിരുന്നു. അമ്മയുടെ കുറച്ച് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. അതിന് വേണ്ടിയാണ് ഈ ഷോയിൽ വന്നത്. അല്ലെങ്കിൽ ഞാൻ വരില്ലായിരുന്നു. അമ്മയുടെ പ്രസൻസ് എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട്. അമ്മ പോയത് ഒരു 11-ാം തിയതി ആണ്. എന്റെ സിനിമ കുരുതി ഇറങ്ങിയതും ആ ഡേറ്റിന് ആണ്. അമ്മയുടെ ആഗ്രഹ പ്രകാരം ഒരു ചേച്ചിക്ക് വീട് വച്ച് കൊടുക്കാൻ പറ്റി. ഞാനൊരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിട്ടുണ്ട്. തമിഴ് സിനിമയാണ് ചെയ്യുന്നത്. യോഗി ബാബുവിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട്. ഇവിടുന്ന് ഇറങ്ങി കഴിഞ്ഞാൽ ചെയ്യാൻ പോകുന്ന കാര്യവും ഇത് തന്നെയാണ്.