അച്ചടക്ക ലംഘനം; റോബിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത്!
"പോകുന്നെങ്കില്‍ ഞാനും മാരാരും ഒരുമിച്ച് പോകും. ഇല്ലെങ്കില്‍ ഇവിടെ ഒരുത്തനും പോകില്ല. കുളമാക്കും. ഇവിടെ ഒരു ടാസ്കും നടക്കില്ല", പിന്നാലെ റോബിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അതിഥിയായി എത്തിയ സീസണ്‍ 4 മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍ ഷോയില്‍ നിന്ന് പുറത്തായി. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിന്‍റെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനാണ് പുറത്താക്കല്‍.
അഖിലിനും ജുനൈസിനുമിടയില്‍ പ്രശ്നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരെയും സംസാരിക്കാന്‍ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയച്ചു. പ്രശ്നം പരിഹരിച്ചുവെന്നറിഞ്ഞ റോബിന്‍ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഏതാനും ദിവസം മുന്‍പാണ് ചലഞ്ചേഴ്സ് ആയി റോബിനും രജിത്ത് കുമാറും ഹൗസിലേക്ക് എത്തിയത്. ഇത്രദിവസം ശാന്തനായി കഴിഞ്ഞ റോബിന്‍ പൊടുന്നനെയാണ് സീസണ്‍ 4 നെ അനുസ്മരിപ്പിക്കുന്ന നിലയിലേക്ക് ഭാവം മാറ്റിയത്.
"പോകുന്നെങ്കില്‍ ഞാനും മാരാരും ഒരുമിച്ച് പോകും. ഇല്ലെങ്കില്‍ ഇവിടെ ഒരുത്തനും പോകില്ല. കുളമാക്കും. ഇവിടെ ഒരു ടാസ്കും നടക്കില്ല. ഞാന്‍ നടത്താന്‍ സമ്മതിക്കില്ല", റോബിന്‍ അലറിക്കൊണ്ട് എല്ലാവരോടുമായി പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഏറെ താമസിയാതെ ബിഗ് ബോസ് റോബിനെ കണ്‍ഫറെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. എന്തായിരുന്നു റോബിന്‍റെ പ്രശ്നം എന്നായിരുന്നു ബിഗ് ബോസിന്‍റെ ആദ്യ ചോദ്യം. "എന്‍റെ കണ്‍മുന്നില്‍ കുറച്ച് കാര്യങ്ങള്‍ നടന്നു. പുള്ളിക്ക് (ജുനൈസ്) പരാതി ഉണ്ടായിരുന്നു. എന്‍റെ കണ്‍മുന്നില്‍ ഒരു കാര്യം നടന്നപ്പോള്‍ എനിക്കത് പറയണമെന്ന് തോന്നി. തെറ്റാണോ ബിഗ് ബോസ്? എനിയ്ക്കത് തെറ്റാണെന്ന് തോന്നുന്നില്ല ബിഗ് ബോസ്. ഞാനിവിടെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാനല്ല വന്നത്. ഞാന്‍ പോവാനല്ലേ വന്നത്? അപ്പോള്‍ ഇങ്ങനെ ഒരു സംഭവം എന്‍റെ കണ്‍മുന്നില്‍ നടക്കുമ്പോള്‍ എനിക്കത് ശരിയാണെന്ന് തോന്നിയില്ല ബിഗ് ബോസ്. അത് ശരിയല്ല", റോബിന്‍ പറഞ്ഞു.
ഇങ്ങനെയാണോ റോബിന്‍ പറയുന്ന രീതി എന്നായിരുന്നു ബിഗ് ബോസിന്‍റെ അടുത്ത ചോദ്യം. തുടര്‍ന്ന് സോറി പറഞ്ഞ റോബിനോട് ഒരു സോറി പറഞ്ഞാല്‍ ഇത്രയും പറഞ്ഞത് എല്ലാം തീരുമോ എന്ന് ബിഗ് ബോസ് തുടര്‍ന്ന് ചോദിച്ചു. "ഇത് 24 മണിക്കൂറും ലൈവ് പോയിക്കൊണ്ടിരിക്കുന്ന ഒരു ഫാമിലി ഷോ ആണെന്ന് നിങ്ങള്‍ക്ക് അറിയാമോ? നിങ്ങള്‍ ഇത്രനേരം ചെയ്തതിന്‍റെ ഉദ്ദേശ്യം എന്താണ്"? ബിഗ് ബോസിന് വിടാന്‍ ഭാവമില്ലായിരുന്നു. "റോബിന്‍ വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് അത് ഉറ്റുനോക്കിയത്. ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതി ഉള്‍പ്പെടെ നിങ്ങള്‍ ഇന്ന് ചെയ്ത മോശം പ്രവര്‍ത്തികളും സംസാരങ്ങളും കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ്. നിങ്ങളെ കൊണ്ടുപോകുന്നതിന് ഞങ്ങളുടെ ആള്‍ക്കാര്‍ വരും", ബിഗ് ബോസ് തീരുമാനം അറിയിച്ചു. തുടര്‍ന്ന് കണ്ണ് കെട്ടി കണ്‍ഫെഷന്‍ റൂമില്‍ നിന്ന് റോബിനെ നേരെ പുറത്തേക്ക് എത്തിക്കുകയും ചെയ്തു. പിന്നാലെ ഹൗസില്‍ ഉള്ളവരോട് ബിഗ് ബോസ് ഇക്കാര്യം അറിയിച്ചു.
"ഇത് ബിഗ് ബോസിന്‍റെ കര്‍ശന താക്കീത് ആണ്. ഇത്തരത്തിലുള്ള മോശമായ പെരുമാറ്റമോ വെല്ലുവിളിയോ ഇനിയും നിങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ചാല്‍ തീര്‍ച്ഛയായും കര്‍ശന നടപടി എടുക്കുന്നതാണ്. നടപടി ആവശ്യമായ കാര്യങ്ങളില്‍ തീര്‍ച്ഛയായും ഞങ്ങള്‍ ഇടപെടുന്നതാണ്. കാരണം 24 മണിക്കൂറും ഞങ്ങള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഷോയ്ക്ക് എതിരായ രീതിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടും പെരുമാറിയതുകൊണ്ടും റോബിന്‍ രാധാകൃഷ്ണനെ ഈ വീട്ടില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. എല്ലാവര്‍ക്കും പിരിഞ്ഞുപോകാം", ബിഗ് ബോസ് തീരുമാനം അവരെ അറിയിച്ചു.
ALSO READ : കേരളത്തില്‍ നിന്ന് മാത്രം 50 കോടി! ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് '2018'