വന്നു, കണ്ടു, കീഴടക്കി; ചരിത്രം വഴിമാറുമോ റിയാസിനു മുന്നിൽ?

തന്‍റെ ടാര്‍ഗറ്റുകള്‍ ഏതൊക്കെ മത്സരാര്‍ഥികളെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു റിയാസ് സലിമിന്‍റെ കടന്നുവരവ്

riyas salim chances of bigg boss malayalam season 4 title win

ഏത് ഭാഷയിലെ ബിഗ് ബോസിന്‍റെയും ഓരോ സീസണും പിൽക്കാലത്ത് ഓർക്കപ്പെടാൻ കാരണമാവുന്ന ചില മത്സരാർഥികളുണ്ട്. ഇരുപതോ അതിലധികമോ മത്സരാർഥികൾ ഓരോ സീസണിലും എത്താറുണ്ടെങ്കിലും പ്രേക്ഷകർ പിൽക്കാലത്ത് ആ സീസണിൻറെ ഭാഗമായി ഓർക്കുന്നത് അവരിൽ ചിലരെ മാത്രമാവും. തങ്ങളുടെ സാന്നിധ്യം അത്രമേൽ അടയാളപ്പെടുത്താൻ അവർക്ക് സാധിച്ചത് ഭാഗ്യം കൊണ്ടോ ഹൌസിൽ ലഭിച്ച അനുകൂല സാഹചര്യങ്ങൾ കൊണ്ടോ എതിരാളികളുടെ പ്രത്യേകതകൾ കൊണ്ടോ ആവില്ല, മറിച്ച് തങ്ങളുടെ ആർജ്ജവമുള്ള വ്യക്തിത്വം കൊണ്ടും ബാക്കിയുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്ന ചില ഘടകങ്ങളും മുറുകെപ്പിടിക്കുന്ന ചില മൂല്യങ്ങൾ കൊണ്ടും ഒക്കെയാവും. അതേസമയം ആദ്യം പറഞ്ഞ ഘടകങ്ങളെ അവർ ബുദ്ധിപരമായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ടാവും. ബിഗ് ബോസ് മലയാളം സീസൺ 4ൽ ഇപ്പറഞ്ഞ ഘടകങ്ങളെയൊക്കെ ഏറ്റവും നന്നായി ഉപയോഗിച്ച് ഫൈനൽ സിക്സിൽ എത്തിയിട്ടുള്ള ഒരാൾ റിയാസ് സലിം ആണ്.

41-ാം ദിവസത്തെ സർപ്രൈസ് എൻട്രി

മലയാളത്തിലെ മുൻ സീസണുകളെ അപേക്ഷിച്ച് തുടക്കത്തിലേ മത്സരാർഥികൾക്കിടയിൽ അഭിപ്രായ സംഘർഷങ്ങളും പൊട്ടിത്തെറികളുമൊക്കെ ആദ്യ വാരം മുതൽ ആരംഭിച്ച സീസൺ ആയിരുന്നു ഇത്. റോബിൻ, ജാസ്മിൻ, ഡെയ്‍സി, ലക്ഷ്മിപ്രിയ അങ്ങനെ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിയൊന്നുമില്ലാത്ത മത്സരാർഥികളുടെ നീണ്ട നിര ഈ സീസണിൻറെ പ്രത്യേകതയായിരുന്നു. അതിനാൽത്തന്നെ തുടക്കം മുതൽ ബിഗ് ബോസ് ഹൌസ് ഒരു പോർക്കളം കൂടിയായിരുന്നു. അതിൽത്തന്നെ സ്ത്രീ മത്സരാർഥികളായിരുന്നു അഭിപ്രായ പ്രകടനങ്ങളിൽ ബഹുദൂരം മുന്നിൽ. പലപ്പോഴും സംഘർഷങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും ഡോ. റോബിൻ നിലപാടുകൾ കൊണ്ടോ വാക്കുകൾ കൊണ്ടോ ശ്രദ്ധ നേടാതെ പോയ ആളുമാണ്. നിലപാടുകളുള്ള, അവ ഭയാശങ്കകളില്ലാതെ പറയുന്ന ഒരു പുരുഷ മത്സരാർഥി എന്ന ഒഴിവിലേക്ക് 41-ാം ദിവസം വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് റിയാസ് സലിമിൻറെ കടന്നുവരവ്.

riyas salim chances of bigg boss malayalam season 4 title win

 

'ഇഷ്ടം ഒരാളെ മാത്രം, ആറുപേർ ടാർഗറ്റ്'

വന്നപ്പോൾത്തന്നെ തൻറെ നിലപാടുകളിലെ വ്യക്തത പ്രദർശിപ്പിച്ച ആളാണ് റിയാസ്. നിരവധി വർഷങ്ങളായി ബിഗ് ബോസ് ഷോയുടെ വലിയ ആരാധകനായ, ഹിന്ദിയിലേത് ഉൾപ്പെടെ മറുഭാഷാ ബിഗ് ബോസുകൾ കാര്യമായി കണ്ടിട്ടുള്ള റിയാസ് പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് ഷോയിലേക്ക് എത്തിയത്. താൻ എത്തുന്നതു വരെ ഈ സീസണിലെ എപ്പിസോഡുകളും കണ്ട് വിലയിരുത്താനുള്ള സമയം ലഭിച്ചു എന്നത് റിയാസിന് ലഭിച്ച വലിയ പ്ലസ് ആയിരുന്നു. ഇതുവരെ കണ്ടതിൽ നിന്ന് ഇഷ്ടപ്പെട്ട മത്സരാർഥികൾ ആരൊക്കെയെന്ന മോഹൻലാലിൻറെ ചോദ്യത്തിന് ഒരാളുടെ പേര് മാത്രമാണ് റിയാസ് പറഞ്ഞത്. ജാസ്മിൻറേത് ആയിരുന്നു അത്. എന്നാൽ തൻറെ ടാർഗറ്റുകളായി ആറ് പേരുടെ പേരുകളും റിയാസ് അന്ന് പറഞ്ഞു. റോബിൻ, ബ്ലെസ്‍ലി, ദിൽഷ, സൂരജ്, ധന്യ, ലക്ഷ്‍മിപ്രിയ എന്നിവരായിരുന്നു ശത്രുപക്ഷത്ത്.

വെടിയും പുകയും

സീക്രട്ട് റൂമിൽ ഒരു ദിവസം ചിലവഴിച്ചിട്ടാണ് റിയാസും ഒപ്പമുണ്ടായിരുന്ന വൈൽഡ് കാർഡ് ആയ വിനയ് മാധവും ഹൌസിലേക്ക് കയറുന്നത്. ഇതുവരെയുള്ള എപ്പിസോഡുകൾ കണ്ടതിൻറെ അമിത ആത്മവിശ്വാസം പ്രകടമാക്കിക്കൊണ്ടാണ് റിയാസ് ആരംഭിച്ചത്. റിയാസും വിനയ്‍യും കടന്നുവന്ന വാരം ഈ സീസണിലെ ഏറ്റവും സംഘർഷഭരിതമായ ആഴ്ചകളിൽ ഒന്നായിരുന്നു. ആ വാരത്തിലെ കോടതി ടാസ്കിൽ ഇവർ ഇരുവരുമായിരുന്നു ന്യായാധിപന്മാർ. ആ ടാസ്‍ക് തന്നെ അഭിപ്രായ സംഘർഷങ്ങളുടെ അരങ്ങായി മാറി. റിയാസിൻറെ പെരുമാറ്റത്തിലെ അയവില്ലായ്‍മയോട് മിക്ക മത്സരാർഥികളും തങ്ങളുടെ അതൃപ്തി പ്രകടമാക്കി.

riyas salim chances of bigg boss malayalam season 4 title win

 

റിയാസ് Vs റോബിൻ

വന്നപ്പോൾ ടാർഗറ്റുകളായി ആറ് പേരുടെ പേരുകൾ പറഞ്ഞെങ്കിലും റിയാസിൻറെ മുഖ്യശത്രുവായത് റോബിൻ രാധാകൃഷ്ണൻ ആയിരുന്നു. നിലപാടുകളിലെ വൈരുധ്യങ്ങൾക്കൊപ്പം ഇരുവരും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ഒട്ടും മടിയില്ലാത്തവരായതും ഇതിന് കാരണമായ പ്രധാന ഘടകമാണ്. വന്ന ആഴ്ചയിൽ തനിക്കുണ്ടായിരുന്ന, പെരുമാറ്റത്തിലെ അയവില്ലായ്മ പതിയെ കുറച്ചുകൊണ്ടുവരുന്ന റിയാസിനെയാണ് പിന്നീട് കണ്ടത്. തർക്കങ്ങളിലൊക്കെ ഏർപ്പെടുമ്പോൾ പറയുന്ന കാര്യങ്ങളിൽ, അവതരിപ്പിക്കുന്ന ഉള്ളടക്കങ്ങളിൽ സഹമത്സരാർഥികളേക്കാൾ ബഹുദൂരം മുന്നിലാണ് താനെന്ന തോന്നലുളവാക്കാൻ റിയാസിന് വേഗത്തിൽ സാധിച്ചു. ബിഗ് ബോസിൽ റിയാസ് പ്രധാനമായും സംസാരിക്കാൻ ആഗ്രഹിച്ച ലിംഗ രാഷ്ട്രീയം, ഭിന്ന ലൈംഗികാഭിരുചി തുടങ്ങിയ വിഷയങ്ങളൊക്കെ അവതരിപ്പിക്കാൻ ആവശ്യമായ വേദി മറ്റു മത്സരാർഥികൾ തന്നെ സൃഷ്ടിച്ചുകൊടുത്തു. ലക്ഷ്മിപ്രിയയും ബ്ലെസ്‍ലിയുമായിരുന്നു അതിൽ മുന്നിൽ.

റോബിൻറെയും ജാസ്മിൻറെയും കൊഴിഞ്ഞുപോക്ക്

വൈൽഡ് കാർഡ് ആയി എത്തിയ സമയത്ത് സഹമത്സരാർഥികളെപ്പോലെ ഭൂരിഭാഗം പ്രേക്ഷകർക്കും വലിയ താൽപര്യമില്ലാതിരുന്ന മത്സരാർഥിയായിരുന്നു റിയാസ്. എന്നാൽ ഷോ അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോൾ ഗെയിമിനെ തിരിക്കുന്ന ആളായി റിയാസ് മാറി. ടൈറ്റിൽ കിരീടത്തിന് ഏറ്റവും അർഹതയുള്ള, സാധ്യതയുള്ള മത്സരാർഥികളിൽ പ്രധാനിയായും റിയാസ് മാറി. ഒരു തരത്തിൽ റിയാസിന് എതിരാളികൾ ഇല്ലാതെയാക്കിയത് ബിഗ് ബോസ് ഷോയുടെ അപ്രവചനീയ സ്വഭാവം കൂടിയാണ്. റോബിൻറെയും ജാസ്മിൻറെയും അപ്രതീക്ഷിത കൊഴിഞ്ഞുപോക്ക് ആയിരുന്നു ഇതിനൊരു പ്രധാന കാരണം. സീസണിലെ ചലനാത്മകമാക്കിയ രണ്ട് പ്രധാന മത്സരാർഥികൾ പോയപ്പോൾ ബിഗ് ബോസിന് നഷ്ടപ്പെട്ട കളർ തിരിച്ചുപിടിച്ചവരിൽ പ്രധാനി റിയാസ് ആയിരുന്നു. തനിക്ക് ഷോയിലൂടെ പറയാനുള്ള കാര്യങ്ങൾ വ്യക്തമായും കൃത്യമായും പറയാനുള്ള അവസരം റിയാസിന് ലഭിച്ചതും അതിനു ശേഷമാണ്. എന്താണ് എൽജിബിടിക്യുഐഎ പ്ലസ് തുടങ്ങിയ കാര്യങ്ങളൊക്കെ റിയാസ് വിശദീകരിക്കുന്നതിൻറെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ബിഗ് ബോസിൻറെ സ്ഥിരം പ്രേക്ഷകരല്ലാത്ത, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ പലരും റിയാസിന് ക്യാംപെയ്ൻ നടത്തുന്നതിലേക്ക് എത്തി കാര്യങ്ങൾ.

riyas salim chances of bigg boss malayalam season 4 title win

 

ചരിത്രം വഴിമാറുമോ?

വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തുന്ന ഒരു മത്സരാർഥി മലയാളം ബിഗ് ബോസിൽ ഇതുവരെ ടൈറ്റിൽ കിരീടം നേടിയിട്ടില്ല. മുൻ സീസണുകൾ പലതും വലിയ പുരുഷാധിപത്യ പ്രവണത പ്രദർശിപ്പിച്ചിട്ടുള്ള മത്സരാർഥികളുടെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ആയതിനാൽത്തന്നെ റിയാസ് സലിമിനെപ്പോലെ ലിംഗതീനിയെക്കുറിച്ചും ഭിന്ന ലൈംഗികാഭിരുചിയെക്കുറിച്ചുമൊക്കെ കൃത്യവും സ്പഷ്ടവുമായി സംസാരിക്കുന്ന ഒരാൾ വിജയിയായാൽ അത് മലയാളം ബിഗ് ബോസിൻറെ മുന്നോട്ടുപോക്കിൽ വലിയ കുതിപ്പ് ആവും സമ്മാനിക്കുക. ചരിത്രം വഴിമാറുമോ എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.

Latest Videos
Follow Us:
Download App:
  • android
  • ios