തർക്കം, വാഗ്വാദം, കലിപ്പ്; ഒന്നാം സ്ഥാനത്തിന് കലഹിച്ച് മത്സരാർത്ഥികൾ, 'വിഷയം' കൊണ്ടുപോയ ടാസ്ക്
ബിഗ് ബോസിന്റെ ട്രോഫിയും അഖിൽ മാരാരുടെ സൗഹൃദവും വച്ചാൽ, സൗഹൃദം ആകും ബിബിയിൽ നിന്നും കൊണ്ടുപോകുക എന്നാണ് ഷിജു പറഞ്ഞതെന്ന് ജുനൈസ് പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അറുപത് ദിവസങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ 'സൻമനസുള്ളവര്‍ക്ക് സമാധാനം' എന്ന വീക്കിലി ടാസ്കാൻ ഷോയിൽ അരങ്ങേറുന്നത്. ആകെ നാല് ടാസ്‍കാണ് ഉണ്ടാകുക. ഇതിൽ അവസാനത്തെ റാങ്കിംഗ് എന്ന ടാസ്ക് ആണ് ഇന്ന് നടക്കുന്നത്. അവസാന ടാസ്ക് എന്നതിനെക്കാൾ ഉപരി അല്പം സങ്കീർണത നിറഞ്ഞതുമാണ് ഇത്.
ആത്യന്തികമായി ബിഗ് ബോസ് കിരീടം എന്നതാണ് ഓരോ മത്സരാർത്ഥികളുടെയും ലക്ഷ്യം. ഇവിടെ ഒരു വിജയി മാത്രമെ ഉണ്ടാകൂ. അത് വളരെ വ്യക്തിപരമായ വിജയമാണ്. അവിടെ കൂട്ടുകെട്ടിന് സ്ഥാനമില്ല. മുന്നോട്ടുള്ള യാത്രയിൽ മത്സരാർത്ഥികളുടെ ബിബി ഹൗസ് സ്ഥാനങ്ങൾ നിർണയിക്കുന്ന ടാസ്ക് ആണ് റാങ്കിംഗ്.
എന്താണ് റാങ്കിംഗ് ടാസ്ക് ?
ഗാർഡൻ ഏരിയയിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള സ്ഥാനങ്ങൾ എഴുതിയിട്ടുള്ള പെഡസ്റ്റലുകൾ ഉണ്ടാകും. ബിഗ് ബോസ് വീട്ടിൽ തുടരാനുള്ള അർഹതയുടെ അടിസ്ഥാനത്തിൽ ആണ് 1 മുതൽ 12 വരെയുള്ള സ്ഥാനങ്ങൾ നിർണയിക്കേണ്ടത്. ഒന്നാം സ്ഥാനത്ത് എത്തുന്ന വ്യക്തി ബിഗ് ബോസ് വിജയി ആകാൻ സാധ്യതയുള്ള ആൾ എന്ന രീതിയിലും 12-ാം സ്ഥാനത്ത് വരുന്ന വ്യക്തി നിലവിലുള്ള നോമിനേഷൻ ലിസ്റ്റ് കണക്കിലെടുക്കാതെ അടുത്ത എവിക്ഷ്ഷനിൽ ഇവിടെ നിന്നും പുറത്താകുന്ന രീതിയിലുമാണ് ഈ ടാസ്കിൽ കണക്കാക്കപ്പെടുന്നത്. മറ്റുള്ളവർക്ക് മുന്നിൽ തന്റെ സ്ഥാനം നേടിയെടുക്കാൻ വ്യക്തമായ കാര്യകാരണങ്ങൾ നിരത്തി സംസാരിക്കാവുന്നതാണ്. അത്തരത്തിൽ നേടിയെടുക്കുന്ന ഓരോ സ്ഥാനങ്ങളുടെയും അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് വരുന്ന ആൾക്ക് 12 പോയിന്റും രണ്ടാം സ്ഥാനക്കാർക്ക് പതിനൊന്ന് പോയിന്റും എന്ന രീതിയിൽ അവസാനം 12-ാം സ്ഥാനത്ത് വരുന്ന ആൾക്ക് ഒരു പോയിന്റും ആയിരിക്കും ലഭിക്കുക. അതിര് വിട്ട വഴക്കുകളോ ആക്രമണങ്ങളോ ആർക്കെങ്കിലും സംഭവിച്ചുവെന്ന് തോന്നിയാൽ ആ നിമിഷം ബസർ അമർത്താം. ശേഷം മത്സരം നിർത്തുകയും ചർച്ച വീണ്ടും ആരംഭിക്കുകയും വേണം. ഇത്തരത്തിൽ അഞ്ച് തവണ ബസർ അമർത്തിയാൽ ടാസ്ക് റദ്ദാക്കപ്പെടും. അങ്ങനെ വന്നാൽ നിലവിലെ ലക്ഷ്വറി ബജറ്റിൽ നിന്നും 25% കുറയും.
പിന്നീട് നടന്നത് വാക്കുതർക്കങ്ങളും ഉയർന്ന സ്ഥാനങ്ങൾ നേടാനുമുള്ള മത്സരാർത്ഥികളുടെ പോരാട്ടമാണ്. ആദ്യം ഒന്നാം സ്ഥാനത്ത് നാദിറ, രണ്ട് ശോഭ, മൂന്ന് സെറീന എന്നിങ്ങനെ ആണ് നിന്നത്. പിന്നീട് ഈ സ്ഥാനത്ത് നിൽക്കാൻ എന്താണ് യോഗ്യത എന്ന് ചോദിച്ച് മറ്റുള്ളവർ ചോദ്യം ഉന്നയിച്ചു. ജുനൈസ് ലൗ സ്ട്രാറ്റജി എന്ന് കാര്യം പറഞ്ഞപ്പോൾ ആദ്യം തന്നെ നാദിറ ബസർ അമർത്തി. പ്രകോപനങ്ങളും തർക്കങ്ങളും കൂടിയപ്പോൾ വീണ്ടും നാദിറ ബസറടിച്ചു. ഫിസിക്കൽ ടാസ്കിൽ തോൽക്കുമെന്ന് ഉറപ്പുള്ളപ്പോൾ അസുഖമാണെന്ന് പറഞ്ഞ് നടക്കുന്ന ആളാണ് അഖിൽ എന്നും നാദിറ പറയുന്നു. ഇതിനെതിരെ ശക്തമായാണ് അഖിൽ പ്രതികരിച്ചത്. ഒടുവിൽ നാദിറയ്ക്ക് തന്റെ സ്ഥാനം ഉറപ്പിക്കാൻ പറ്റാത്തതിനാൽ എല്ലാവരും തീരുമാനിച്ച് പതിനൊന്നാം സ്ഥാനം നൽകി.
ബിഗ് ബോസിന്റെ ട്രോഫിയും അഖിൽ മാരാരുടെ സൗഹൃദവും വച്ചാൽ, സൗഹൃദം ആകും ബിബിയിൽ നിന്നും കൊണ്ടുപോകുക എന്നാണ് ഷിജു പറഞ്ഞതെന്ന് ജുനൈസ് പറയുന്നു. ഉടനെ അത് നൂറ് ശതമാനം ശരിയാണെന്നും. പന്ത്രണ്ടാം സ്ഥാനത്ത് നെഞ്ചും വിരിച്ച് നിൽക്കാൻ തയ്യാറാണെന്നും ഷിജു പറയുന്നു. ജനങ്ങളുടെ തീരുമാനമാണ് വലുതെന്ന് ഇവിടെയുള്ള പതിനൊന്ന് പേരുടെ തീരുമാനങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും അഖിൽ നാലാം സ്ഥാനത്ത് നിന്ന് പറയുന്നുണ്ട്. അഖിലിന്റെ പ്രസ്താവനകളോട് കടുത്ത എതിർപ്പാണ് നാദിറ, ജുനൈസ് ഉൾപ്പടെ ഉള്ളവർ നടത്തിയത്. ഒടുവിൽ എല്ലാവരും കൂടി അഞ്ചാം സ്ഥാനം കൊടുത്തു.
ഒന്ന്- റിനോഷ്
രണ്ട്- അനിയൻ മിഥുൻ
മൂന്ന്- സാഗർ
നാല്- വിഷ്ണു
അഞ്ച്- അഖിൽ മാരാർ
ആറ്- ശോഭ
ഏഴ്-അനു ജോസഫ്
എട്ട്-സെറീന
ഒൻപത്-റെനീഷ
പത്ത്-ഷിജു
പതിനൊന്ന്-നാദിറ
പന്ത്രണ്ട്-ജുനൈസ്
എന്നിങ്ങനെയാണ് ഏറ്റവും ഒടുവിൽ വന്ന സ്ഥാനങ്ങൾ. ഒടുവിൽ ഈ വാരത്തിൽ നടന്ന നാല് ടാസ്കുകളിലുമായി 29 പോയിന്റോടെ റിനോഷ് വിജയിച്ചു. 25 പോയിന്റുമായി അനിയൻ മിഥുൻ രണ്ടാം സ്ഥാനത്തും എത്തി. സെറീനയും ഷിജുവും ആണ് ഏറ്റവും കുറവ് പോയിന്റുകൾ കരസ്ഥമാക്കിയത്. വീക്കിലി ടാസ്കിൽ വിജയിച്ച റിനോഷ് അടുത്ത നോമിനേഷനിൽ നിന്നും മുക്തി നേടി. അനിയൻ മിഥുൻ ക്യാപ്റ്റൻസിക്ക് മത്സരിക്കാൻ അർഹനായി. സെറീനയും ഷിജുവും നേരിട്ട് എവിക്ഷനിലും ആയി.
കിടപ്പ് രോഗികൾക്ക് മമ്മൂട്ടി വക സൗജന്യ ഓക്സിജൻ കോൺസൻട്രേറ്ററുകൾ; കയ്യടിച്ച് ആരാധകർ