'ബിഗ് ബോസിനെ പുച്ഛത്തോടെ കണ്ട ആളാണ് ഞാന്‍, അങ്ങോട്ട് വിളിച്ചാണ് ഇപ്പോൾ കയറിയത്'; റിനോഷ്
അന്ന് പുച്ഛം എന്ന് പറഞ്ഞതും ആത്മാര്‍ത്ഥമായിട്ടാണ്, ഇപ്പോള്‍ ബഹുമാനം തോന്നുന്നു എന്ന് പറയുന്നതും ആത്മാര്‍ത്ഥമായിട്ടാണെന്നും റിനോഷ് പറഞ്ഞു.
ബിഗ് ബോസ് സീസൺ അഞ്ചിന്റെ ആദ്യ ആഴ്‍ച മുതൽ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയ മത്സരാർത്ഥി ആയിരുന്നു റിനോഷ് ജോർജ്. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാറില്ല. എന്തെങ്കിലും പ്രശ്‍നം നടന്നാൽ അവയിൽ തലയിടാതെ ഒഴിഞ്ഞുമാറി എല്ലാം വീക്ഷിക്കുന്ന പ്രകൃതം. ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ വന്ന മത്സരാത്ഥികളിൽ നിന്നൊക്കെ വ്യത്യസ്തൻ. ആകെ മൊത്തത്തിൽ പൊസിറ്റീവ് വൈബ് ആയിരുന്ന റിനോഷിനെ പ്രേക്ഷകർ ഏറ്റെടുത്തു. എന്നാൽ പോകപ്പോകെ താൻ അത്ര കൂൾ അല്ലെന്നും റിനോഷ് കാണിച്ചു തന്നിരുന്നു. ടോപ് ഫൈവിൽ എത്തുമെന്ന് പ്രതീക്ഷിച്ച റിനോഷിന് പക്ഷേ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഷോയിൽ നിന്നും പുറത്താകേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് റിനോഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ഭയങ്കര പുച്ഛത്തോടെ ബിഗ് ബോസിനെ കണ്ടിരുന്ന ആളാണ് താനെന്ന് റിനോഷ് പറയുന്നു. പക്ഷേ പിന്നീട് അങ്ങോട്ട് ചെന്നാണ് വരാമെന്ന് പറഞ്ഞതെന്നു റിനോഷ് പറഞ്ഞു. അന്ന് പുച്ഛം എന്ന് പറഞ്ഞതും ആത്മാര്‍ത്ഥമായിട്ടാണ്, ഇപ്പോള്‍ ബഹുമാനം തോന്നുന്നു എന്ന് പറയുന്നതും ആത്മാര്‍ത്ഥമായിട്ടാണെന്നും റിനോഷ് പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റിനോഷിന്റെ പ്രതികരണം.
റിനോഷ് ജോർജിന്റെ വാക്കുകൾ ഇങ്ങനെ
ബിഗ് ബോസിലേത് നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. ഞാന്‍ ആ ഷോയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. വളരെ പുച്ഛത്തോടെ ഷോയെ കണ്ടിരുന്ന ഒരു മനുഷ്യനാണ് ഞാന്‍. ഭയങ്കര പുച്ഛം എന്ന് പറഞ്ഞാല്‍ വന്‍ പുച്ഛമായിരുന്നു. സീസണ്‍ ഒന്നിലേക്ക് എന്നെ വിളിച്ചിരുന്നു. അപ്പോള്‍ എന്റെ സിനിമാ പരിപാടിയൊക്കെ ആയിരുന്നു. അന്നെന്നോട് പറഞ്ഞപ്പോള്‍ എനിക്ക് പറ്റില്ല എന്ന രീതിയില്‍ തന്നെയാണ് പറഞ്ഞത്. എല്ലാവരും എന്നോട് പോകണം എന്നൊക്കെ പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് അത് പറ്റുന്ന പരിപാടിയല്ലെന്ന്. ഫോര്‍ത്ത് സീസണില്‍ കന്നഡയില്‍ നിന്ന് വിളിച്ചിരുന്നു. അപ്പോഴും ഞാന്‍ ഇല്ല എന്ന മൈന്‍ഡില്‍ തന്നെയായിരുന്നു. പിന്നെ പോകാന്‍ കാരണം എന്റെ കരിയറില്‍ ചില വീഴ്ചകളൊക്കെ ഉണ്ടായി.
നാലാമത്തെ സീസണില്‍ ഞാന്‍ റോബിന്‍ ഇറങ്ങി വന്നതാണ് കാണുന്നത്. അപ്പോള്‍ എനിക്ക് പുള്ളിയാരാണെന്നൊന്നും അറിയില്ല. ഞാന്‍ നോക്കുമ്പോള്‍ പുള്ളിയവിടെ വരുന്നു. മാളൊക്കെ കിടന്ന് കുലുങ്ങുകയാണ്. എനിക്ക് ഇത് എന്താണ് സംഭവം എന്ന് അറിയില്ല. അപ്പോള്‍ ഞാന്‍ സുഹൃത്തിനോട് ചോദിച്ചു. വല്ല നടനോ മ്യുസീഷ്യനോ ആണോ എന്ന്. അപ്പോഴാണ് ബിഗ് ബോസാണ് എന്ന് പറഞ്ഞത്. ഞാന്‍ ബിഗ് ബോസിനെ കുറിച്ച് മനസിലാക്കിയിട്ടുള്ളത് ടിവി എപ്പോഴെങ്കിലും മാറ്റുമ്പോള്‍ ഏഷ്യാനെറ്റ് എത്തിയാല്‍ കുറെ പേര് കിടന്ന് ഒച്ചയുണ്ടാക്കുന്നതാണ്. അതാണ് എനിക്ക് ഇതിനെ കുറിച്ചുള്ള ഐഡിയ. പിന്നെ രജിത് സാറിന്റെ കുറച്ച് കാര്യങ്ങള്‍ അമ്മ വീട്ടിലിരുന്ന് കാണുമായിരുന്നു. ബിഗ് ബോസിനെ കുറിച്ച് അതല്ലാതെ ഞാന്‍ അറിയുന്നത് ഓരോ വിവാദങ്ങള്‍ വരുന്നതാണ്.
എന്റെ പടം ഒരു പോസ്റ്ററില്‍ വരുമ്പോള്‍ ആരും അറിയാന്‍ പോണില്ല. ഞാനൊരു 10 പടം ചെയ്താലും അറുപതോ എഴുപതോ വയസുള്ള അമ്മച്ചിമാരൊന്നും എന്നെ തിരിച്ചറിയാന്‍ പോണില്ല. ഇങ്ങനെ ഒരു പ്ലാറ്റ്‌ഫോമില്‍ വരുമ്പോള്‍ ഇനി എവിടെ കണ്ടാലും അഞ്ച് വയസുകാരനും 30 വയസുകാരനും 50 വയസുകാരനും തിരിച്ചറിയും. ഞാന്‍ അതിന് വേണ്ടിയാണ് പോയത്. എന്റെ മനസില്‍ 30 ദിവസമൊക്കെ നില്‍ക്കാം കുറച്ച് കാശൊക്കെ ഉണ്ടാക്കാം എന്നിട്ട് തിരിച്ചുവരും എന്നൊക്കെയാണ്. ഞാന്‍ ആ വീട്ടില്‍ കയറുമ്പോള്‍ തന്നെ എന്തിനാണ് ഞാനിവിടെ വന്നത് എന്നൊക്കെയാണ് ചിന്തിക്കുന്നത്. ഒരുപാട് പേര്‍ക്ക് ഭയങ്കര അവസരമാണ് ഈ പ്ലാറ്റ്‌ഫോം എന്നൊക്കെ എനിക്ക് അറിയാം.
ഞാന്‍ ബിഗ് ബോസിനെ അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. അങ്ങനെ ഒരു മോശം അവസ്ഥയിലാണ് ഞാന്‍ അവരെ ബന്ധപ്പെടുന്നത്. അങ്ങനെ അവര്‍ എന്നെ ഓഡിഷന് വിളിച്ച് എന്താണ് ഷോയെ കുറിച്ച് അഭിപ്രായം എന്നൊക്കെ ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് ഭയങ്കര കോമഡിയായിട്ടാണ് തോന്നിയത്. പക്ഷെ ആ പ്ലാറ്റ്‌ഫോം തരുന്ന ഫെയിം ഞാന്‍ വാല്യൂ ചെയ്യുന്നു എന്ന് തന്നെ അവരോട് പറഞ്ഞു. എന്നാല്‍ ഇന്ന് ഞാന്‍ ആ ഷോയെ ഭയങ്കരമായി ഇഷ്ടപ്പെടുന്നു. വലിയ ബഹുമാനവുമാണ്. അന്ന് പുച്ഛം എന്ന് പറഞ്ഞതും ആത്മാര്‍ത്ഥമായിട്ടാണ്, ഇപ്പോള്‍ ബഹുമാനം തോന്നുന്നു എന്ന് പറയുന്നതും ആത്മാര്‍ത്ഥമായിട്ടാണ്.
ആ കത്ത് ഉമ്മയുടെ കയ്യിലെത്തി; 'ഈ ലോകത്തിൽ എല്ലാം നേടി വിജയിച്ച പോലെ'യെന്ന് നാദിറ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..