'മിസ്റ്റീരിയസ് പ്ലെയര്‍ ഇന്‍ ബിഗ് ബോസ്'; ഒടുവില്‍ ബിഗ് ബോസും പറഞ്ഞു, 'ഇത് നടക്കില്ല'
വീക്കിലി ടാസ്കിന്റെ ആദ്യ ഘട്ടത്തിലാണ് റിനോഷിന്റെ ഈ പെരുമാറ്റം മത്സരാര്ഥികളുടെയും കാണികളുടെയും ബിഗ് ബോസിന്റെ തന്നെയും സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചത്
മുന്‍ സീസണുകളേക്കാളൊക്കെ ആവേശഭരിതമാണ് ഇത്തവണ ബിഗ് ബോസ്. കഴിഞ്ഞ സീസണുകളില്‍ രണ്ട് മൂന്നാഴ്ചകള്‍ പിന്നിടുമ്പോഴൊക്കെ ഉണ്ടാവാറുള്ള മത്സരാവേശം ആദ്യ ദിനം മുതല്‍ സീസണ് 5 ല്‍ ഉണ്ട്. ആദ്യദിവസം തന്നെ ഓപണ്‍ നോമിനേഷനും ആദ്യ വീക്കിലി ടാസ്ക് തന്നെ ഫിസിക്കല്‍ ടാസ്ക് ആയും നല്കി ബിഗ് ബോസും മത്സരാര്‍ഥികളുടെ ആവേശം അളക്കുന്നുണ്ട്. കൈ മെയ് മറന്ന് എല്ലാവരും മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പക്ഷേ ഒരാള്‍ മാത്രം ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നുണ്ട്. ഗായകനും ഡിജെയും നടനുമൊക്കെയായ റിനോഷ് ജോര്‍ജ് ആണ് അത്.
വീക്കിലി ടാസ്കിന്റെ ആദ്യ ഘട്ടത്തിലാണ് റിനോഷിന്റെ ഈ പെരുമാറ്റം മത്സരാര്ഥികളുടെയും കാണികളുടെയും ബിഗ് ബോസിന്റെ തന്നെയും സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചത്. രണ്ട് പേര് വീതമുള്ള ഒന്‍പത് ടീമുകളായി മത്സരാര്‍ഥികള്‍ പങ്കെടുത്ത വീക്കിലി ടാസ്കില് മനീഷയും റിനോഷുമായിരുന്നു ഒരു ടീം. ബിഗ് ബോസ് ഇട്ടുകൊടുക്കുന്ന പല നിറം കട്ടകള്‍ ശേഖരിക്കുന്ന ടാസ്ക് മറ്റുള്ളവര്‍ക്കൊപ്പം മനീഷയും നന്നായി ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ റിനോഷ് ആ ഭാഗത്തേക്കേ വന്നില്ല. എല്ലാം നോക്കിക്കൊണ്ട് ദൂരെ മാറി നില്‍ക്കുകയായിരുന്നു ഈ മത്സരാര്‍ഥി. എന്നാല്‍ മത്സരം പകുതി സമയം പിന്നിട്ടപ്പോള്‍ റിനോഷിന്റെ പേരെടുത്തു വിളിച്ച് ബിഗ് ബോസ് രംഗത്തെത്തി.
ബിഗ് ബോസില്‍ മുന്നോട്ടുള്ള യാത്രയിലും ശാരീരികവും മാനസികവുമായ ഗെയിമുകള്‍ വരുമെന്നും അതില്‍ പൂര്‍ണ്ണ പങ്കാളിത്തം ഉണ്ടാവണമെന്നും ബിഗ് ബോസ് അറിയിച്ചു. ഇതോടെ വീക്കിലി ടാസ്കിന്റെ ശേഷിച്ച ഭാഗത്തില്‍ റിനോഷ് പങ്കെടുത്തു. എന്നാല്‍ വളരെ കുറച്ച കട്ടകള്‍ ശേഖരിക്കാനേ റിനോഷിന് സാധിച്ചുള്ളൂ. അതേസമയം തനിക്ക് ഏറ്റവും താല്പര്യവും അവഗാഹവുമുള്ള സംഗീതം റിനോഷ് ബിഗ് ബോസിലും പലപ്പോഴും നന്നായി അവതരിപ്പിക്കുന്നുണ്ട്. ആദ്യദിനം തന്നെ ഹൗസ്മേറ്റ്സിന്റെയൊക്കെ പേരുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബിഗ് ബോസിലെ ജീവിതത്തെക്കുറിച്ച് റിനോഷ് ഒരു ഇന്‍സ്റ്റന്റ് റാപ്പ് സോംഗ് തയ്യാറാക്കി പാടിയിരുന്നു. പ്രശ്നങ്ങള്‍ക്കൊന്നും പോകാത്തതുകൊണ്ട് റിനോഷിന് ഹൗസിലും പുറത്തും ഹേറ്റേഴ്സും ഇല്ല.