'ഇവന്‍ ഖല്‍ നായക് അല്ല, സദാചാര അമ്മാവന്‍ ആണ്'; വിഷ്‍ണുവിനെതിരെ റിനോഷ്

ശബ്‍ദമുഖരിതമായി പതിനൊന്നാം വാരത്തില്‍ ബിഗ് ബോസ് വീട്

rinosh george against vishnu joshi in bigg boss malayalam season 5 nsn

ബിഗ് ബോസ് മലയാളം സീസണ്‍ 5 പതിനൊന്നാം വാരത്തിലാണ് ഇപ്പോള്‍. ഫൈനല്‍ 5 ല്‍ എത്തണമെന്ന ലക്ഷ്യത്തിലാണ് ഓരോ മത്സരാര്‍ഥിയും. അതേസമയം മത്സരാവേശം ഉയര്‍ന്നതിനെത്തുടര്‍ന്ന് മത്സരാര്‍ഥികള്‍ക്കിടയിലുള്ള ആരോപണ പ്രത്യാരോപണങ്ങളൊക്കെ കൂടിയിട്ടുണ്ട്. റിനോഷിനെതിരെ ആരോപണമെന്ന നിലയില്‍ വിഷ്ണു ഇന്നലെ ഉയര്‍ത്തിക്കൊണ്ടുവന്ന കാര്യം സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ് ഇപ്പോള്‍. സഹോദരിയെപ്പോലെ താന്‍ കരുതുന്നയാളെന്ന് വിശേഷിപ്പിച്ചിട്ടുള്ള ഒരു മുന്‍ മത്സരാര്‍ഥിയോട് റിനോഷ് സെക്സ് ജോക്ക് പറഞ്ഞുവെന്നതാണ് ആരോപണം എന്ന നിലയില്‍ റിനോഷ് എല്ലാവരുടെയും മുന്നില്‍ വച്ച് പറഞ്ഞത്. എന്നാല്‍ റിനോഷ് മറുപടിയുമായി എത്തിയതോടെ വിഷ്ണു ഒരര്‍ഥത്തില്‍ പ്രതിരോധത്തില്‍ ആവുകയും ചെയ്തു.

'എന്തൊരു മനുഷ്യനാണ് താന്‍' എന്നായിരുന്നു റിനോഷിന്‍റെ ആദ്യ പ്രതികരണം. താന്‍ സെക്സ് ജോക്ക് ആണ് പറഞ്ഞതെന്ന് സമ്മതിച്ച റിനോഷ് അതില്‍ അവര്‍ പരാതി പറഞ്ഞിട്ടുണ്ടോ എന്ന് വിഷ്ണുവിനോട് ചോദിച്ചു. പരാതിയായല്ല പറഞ്ഞതെന്നായിരുന്നു വിഷ്ണുവിന്‍റെ പ്രതികരണം. താനും അത്തരം തമാശകള്‍ പറയുന്ന ആളാണെന്നും പക്ഷേ പെങ്ങളോട് അത് പറയില്ലെന്നും വിഷ്ണു പറഞ്ഞു. സെക്സ് എന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. "പെങ്ങളോട് ഞാന്‍ സെക്സ് എന്താണ് എന്നത് ചിലപ്പോള്‍ വിശദീകരിച്ചു എന്നുവരും. പെങ്ങളുടെ കാര്യം പോട്ടെ, എന്‍റെ മകളോടു തന്നെ സെക്സിനെക്കുറിച്ച് ഞാന്‍ സംസാരിക്കും. അതില്‍ അറിവ് പകരും", റിനോഷ് പറഞ്ഞു. 

rinosh george against vishnu joshi in bigg boss malayalam season 5 nsn

 

എന്നാല്‍ സെക്സ് എജ്യൂക്കേഷനും സെക്സ് ജോക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു വിഷ്ണുവിന്‍റെ പ്രതികരണം. താന്‍ അത്തരം തമാശകള്‍ പറയുന്ന ഒരാളാണെന്നും എന്നാല്‍ കേള്‍ക്കുന്ന ഒരാള്‍ അതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാല്‍ താന്‍ പിന്നീടത് തുടരില്ലെന്നും റിനോഷ് തുടര്‍ന്നു. "ഞാന്‍ ഒരാളോട് ഒരു കാര്യം പറഞ്ഞു. അതില്‍ അയാള്‍ക്ക് പ്രശ്നമൊന്നുമില്ലെങ്കില്‍ ഇയാള്‍ക്കാണോ പ്രശ്നം? ഇയാളാര് സദാചാരക്കാരനോ"? എല്ലാവരുടെയും മുന്നില്‍ നിന്ന് റിനോഷ് ചോദിച്ചു. ഈ സമയം റിനോഷിന് പിന്തുണയുമായി ജുനൈസും നാദിറയും എത്തി. റിനോഷ് പറഞ്ഞ തമാശകള്‍ ആസ്വദിച്ചിട്ടുള്ളതായി ഈ വ്യക്തി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നാദിറ അറിയിച്ചു. പുറത്ത് പോയ ഒരു വ്യക്തി കൂടി ഉള്‍പ്പെടുന്ന ചര്‍ച്ച ആയതിനാല്‍ ഇത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ക്യാപ്റ്റനായ സെറീന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച വാക്ക്പോരാട്ടം അവസാനിക്കുകയും ചെയ്തു.

അതേസമയം ബിഗ് ബോസില്‍ ഇനി തുടരാനാവില്ലെന്ന തീരുമാനത്തിലായിരുന്നു റിനോഷും ഒപ്പം മിഥുനും. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കാനും ഇരുവരും ആവശ്യപ്പെട്ടു. "ഞങ്ങള്‍ക്ക് ഇവിടെ തുടരാന്‍ ശരിക്കും താല്‍പര്യമില്ല. ഇവിടെ നിങ്ങള്‍ ബഹുമാനപൂര്‍വ്വം വിളിച്ചിരിക്കുന്നതാണ്. അങ്ങനെ പോവാനും പാടില്ല. പക്ഷേ വൃത്തികെട്ടത് ആയിത്തുടങ്ങി ഇവിടുത്തെ ​ഗെയിംസ്", മിഥുനൊപ്പം പുറത്തെ ക്യാമറയ്ക്ക് മുന്നിലെത്തി റിനോഷ് പറഞ്ഞു. വൈകാതെ ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. 

rinosh george against vishnu joshi in bigg boss malayalam season 5 nsn

 

എന്ത് പറ്റി എന്നായിരുന്നു ബിഗ് ബോസിന്‍റെ ആദ്യ ചോദ്യം. "നിങ്ങള്‍ കാണുന്നതല്ലേ ബി​ഗ് ബോസേ, പിന്നെന്താണ് എന്ത് പറ്റി എന്ന ചോദ്യം", എന്നായിരുന്നു ഇതിനോടുള്ള മിഥുന്‍റെ പ്രതികരണം. തുടര്‍ന്ന് റിനോഷ് ബിഗ് ബോസിന് മുന്നില്‍ കാര്യം അവതരിപ്പിച്ചു- "പറയുന്ന ഓരോ വാചകത്തിലെയും പൊളിറ്റിക്കല്‍ കറക്റ്റ്നെസ് ചികഞ്ഞുനോക്കി തിരുത്തുന്ന ആളാണ് വിഷ്ണു എന്ന വ്യക്തി. ഇത്രയും മ്ലേച്ഛമായും ഇത്രയും വൃത്തികെട്ട രീതിയിലുമാണ് അയാള്‍ സംസാരിച്ചിരിക്കുന്നത്. ഞാനെന്ന വ്യക്തി സെക്സ് കോമഡികള്‍ പറയുന്ന ഒരാളാണ്. ഒരാള്‍ക്ക് അത് കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ ഒരിക്കലും അത് ഞാന്‍ തുടരില്ല. അതെന്‍റെ മാന്യതയ്ക്ക് അപ്പുറത്തുള്ള കാര്യമാണ്. അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. രണ്ട് പേര് തമ്മില്‍ സംസാരിച്ച ഒരു കാര്യം ഇവന്‍ എന്തിനാണ് എടുത്തിടുന്നത്? എടുത്ത് നോക്കിയാല്‍ അറിയാം, ഏറ്റവും കൂടുതല്‍ ഇങ്ങനത്തെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്ന ഇവന്‍ ചൂണ്ടിക്കാണിക്കുകയാണ്. ഇവന്‍ കല്‍നായക് അല്ല, സദാചാര അമ്മാവന്‍ ആണ്", റിനോഷ് പറഞ്ഞു.

"ഞങ്ങള്‍ ഇവിടെ വന്നത് പോകാനുള്ള രീതിയിലാ. നിയമപരമായി എങ്ങനെയാണെന്ന് ബി​ഗ് ബോസ് പറഞ്ഞോ, നമുക്ക് അത് നോക്കാം. പ്രശ്നമില്ല. ഇന്നുതന്നെ എനിക്ക് എന്‍റെ വ്യക്തിത്വം മാറ്റേണ്ട അവസ്ഥ വന്നു. ഞാന്‍ ഈ ഷോയെ ബഹുമാനിച്ചുകൊണ്ട് മാത്രമാണ് ഇന്നിവിടെ അടി പൊട്ടിക്കാതിരുന്നത്", മിഥുന്‍ പറഞ്ഞു. എന്നാല്‍ ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു ബിഗ് ബോസ്- "ഇവിടെനിന്ന് ആരൊക്കെ പുറത്ത് പോകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അവര്‍ എല്ലാം കാണുന്നുണ്ട്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നിങ്ങള്‍ ഇപ്പോഴും ഇവിടെ തുടരുന്നത്. സങ്കീര്‍ണ്ണമായ ഇത്തരം സന്ദര്‍ഭങ്ങളെ അതിജീവിക്കുക എന്നതാണ് ഈ ഗെയിം. ഈ ഗെയിമിന് അതിന്‍റേതായ ചില നിയമങ്ങള്‍ ഉണ്ട്", ബിഗ് ബോസ് പറഞ്ഞു. റിനോഷ് ഇതോടെ മയപ്പെട്ടെങ്കിലും മിഥുന് ഈ വാക്കുകള്‍ സ്വീകാര്യമായിരുന്നില്ല. തുടര്‍ന്ന് മിഥുനോട് മാത്രമായും ബിഗ് ബോസ് സംസാരിച്ചു- "മിഥുന്‍, ആദ്യം ശാന്തനാവുക. നിങ്ങള്‍ മികച്ച രീതിയില്‍ മത്സരം തുടരുന്നുണ്ട്. അത് കൂടുതല്‍ മികച്ചതാക്കാന്‍ പരിശ്രമിക്കുക", ബിഗ് ബോസ് പറഞ്ഞു. തുടര്‍ന്ന് ബിഗ് ബോസിലെ ഏറ്റവും അടുത്ത സുഹൃത്ത് റിനോഷ് തന്നെ മിഥുനെ അനുനയിപ്പിച്ചു. അതോടെ മിഥുനും ഹൌസില്‍ തുടരാനുള്ള തീരുമാനത്തിലേക്ക് എത്തി.

ALSO READ : "ശോഭേ.."; ബിഗ് ബോസില്‍ അവസാനം സസ്‍പെന്‍സ് പൊളിച്ച് ഷിജു

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios