'മറ്റുള്ളവരുടെ ഗെയിമിന് തടസം'; രതീഷ് കുമാറിനെ ബിഗ് ബോസ് ഹൗസിന് പുറത്താക്കി പവര്‍ ടീം
സീസണ്‍ 6 ല്‍ ആദ്യ ദിനങ്ങളില്‍ത്തന്നെ ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിക്കേട്ട ശബ്ദങ്ങളില്‍ ഒന്നായിരുന്നു രതീഷ് കുമാറിന്‍റേത്
തുടങ്ങിയിട്ട് നാലഞ്ച് ദിവസങ്ങളേ ആയിട്ടുള്ളൂവെങ്കിലും മുന്‍ സീസണുകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. കണ്ടന്‍റ് ഉണ്ടാക്കാന്‍ ബഹളം വെക്കലും ഉറക്കെ സംസാരിക്കലും മാത്രമാണെന്ന് കരുതുന്ന ചില മത്സരാര്‍ഥികള്‍ ഉള്ളതിനാല്‍ ആദ്യ ദിവസം മുതല്‍ തന്നെ സംഘര്‍ഷഭരിതമായി ബിഗ് ബോസ് ഹൗസ്. സീസണ്‍ 6 ല്‍ ബിഗ് ബോസ് പുതുതായി നടപ്പാക്കിയിരിക്കുന്ന പവര്‍ ഹൗസ് ആണ് മത്സരത്തെ ഇത്രയും ചടുലമാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത്. ഇപ്പോഴിതാ പവര്‍ ടീം അംഗമായ ശ്രീരേഖ തന്‍റെ പവര്‍ ഉപയോഗിച്ച് ഒരു ഉത്തരവ് ഇറക്കിയിരിക്കുകയാണ്.
സീസണ്‍ 6 ല്‍ ആദ്യ ദിനങ്ങളില്‍ത്തന്നെ ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിക്കേട്ട ശബ്ദങ്ങളില്‍ ഒന്നായിരുന്നു രതീഷ് കുമാറിന്‍റേത്. എന്നാല്‍ അനാവശ്യമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതായി മറ്റ് മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകരില്‍ ഒരു വിഭാഗത്തിനും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു രതീഷ് കുമാറിന്‍റെ ഹൗസിലെ പെരുമാറ്റം. തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ എതിരഭിപ്രായം ഉള്ളവരെ അത് പറയാന്‍ അനുവദിക്കാത്ത മനോഭാവവും മത്സരാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കി. പവര്‍ റൂം അംഗങ്ങള്‍ തങ്ങളില്‍ നിക്ഷിപ്തമായ അധികാരം വേണ്ടവിധം, ഗൗരവത്തോടെ ഉപയോഗിക്കുന്നില്ലെന്ന് ഇന്ന് ബിഗ് ബോസിന്‍റെ വിമര്‍ശനം വന്നതിന് പിന്നാലെയാണ് പവര്‍ റൂം അംഗമായ ശ്രീരേഖ ഒരു ഉത്തരവ് പുറത്തിറക്കിയത്. രതീഷ് കുമാര്‍ ഹൗസിന് പുറത്ത് നില്‍ക്കണം എന്നതായിരുന്നു അത്. എന്നാല്‍ ഇത് തന്‍റെ വിജയം എന്ന നിലയില്‍ ആഘോഷത്തോടെയായിരുന്നു രതീഷ് കുമാറിന്‍റെ പുറത്തേക്കുള്ള പോക്ക്.
മുന്‍ സീസണുകളില്‍ ഒന്നോ രണ്ടോ ബെഡ്‍റൂമുകള്‍ ആയിരുന്നു ഹൗസിലെങ്കില്‍ ഇക്കുറി അത് നാലെണ്ണമാണ്. മൂന്ന് ചെറിയ മുറികളും ഒരു വലിയ മറിയും. വലിയ മുറിയാണ് പവര്‍ റൂം. ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിരവധി അധികാരങ്ങളുണ്ട്. ബിഗ് ബോസിലെ മറ്റ് മത്സരാര്‍ഥികളുടെ ദിവസങ്ങളെത്തന്നെ നിര്‍ണ്ണയിക്കാന്‍ അവര്‍ക്ക് സാധിക്കും. എന്നാല്‍ അവര്‍ ഇത് വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നായിരുന്നു ബിഗ് ബോസിന്‍റെ വിമര്‍ശനം.
ALSO READ : അടുത്ത ദിലീപ് ചിത്രം 'പവി കെയര്‍ടേക്കര്‍'; റിലീസ് തീയതി പ്രഖ്യാപിച്ചു