'ജീവിതത്തിലെ തിളക്കം നിറഞ്ഞ ഒരധ്യായം'; ബിഗ് ബോസിനെക്കുറിച്ച് നോബി
ബിഗ് ബോസ് ടൈറ്റില്‍ വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് ഹോട്ട്സ്റ്റാറില്‍ പുരോഗമിക്കുകയാണ്
ബിഗ് ബോസ് മലയാളം സീസണ്‍ 3, ഷോ ചിത്രീകരിച്ചിരുന്ന തമിഴ്നാട്ടിലെ കൊവിഡ് സാഹചര്യം മൂലം 95-ാം ദിവസത്തില്‍ ചിത്രീകരണം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. അതേസമയം ടൈറ്റില്‍ വിജയിയെ കണ്ടെത്തണമെന്ന തീരുമാനത്തിലുമാണ് ഏഷ്യാനെറ്റ്. അവസാന എട്ടു മത്സരാര്‍ഥികള്‍ക്കായി ഹോട്ട്സ്റ്റാറില്‍ വോട്ടിംഗും ആരംഭിച്ചിട്ടുണ്ട്. മത്സരം അവസാനിച്ചിട്ടില്ലാത്തതിനാല്‍ത്തന്നെ മത്സരാര്‍ഥികള്‍ക്ക് ക്യാംപെയ്‍നിനും മറ്റും വിലക്കുണ്ട്. അതേസമയം ഇത്രയും ദിവസം ബിഗ് ബോസില്‍ തങ്ങളെ നിര്‍ത്തിയ പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയിലൂടെ ചില മത്സരാര്‍ഥികള്‍ എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മത്സരാര്‍ഥിയും ചലച്ചിത്ര ടെലിവിഷന്‍ താരവുമായ നോബി മാര്‍ക്കോസ്.
നോബിയുടെ വാക്കുകള്‍
പ്രിയപ്പെട്ടവരെ, സംഭവബഹുലമായ കുറെ ദിവസങ്ങൾക്കു ശേഷം ഞാൻ ഇതാ നമ്മുടെ മണ്ണിൽ തിരിച്ചെത്തി. കൊറൊണയും ബ്ലാക്ക് ഫംഗസും യാസും പെരുമഴയുമൊക്കെ താളം ചവിട്ടുന്ന നമ്മുടെ സ്വന്തം നാട്ടിൽ. ഈ നശിച്ച കാലവും കടന്നു പോകും. സമാധാനത്തോടെ, ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്ന നല്ല കാലം ഇനി വരാനിരിക്കുന്നുണ്ട് ഉറപ്പായും.
ജീവിതത്തിലെ തിളക്കം നിറഞ്ഞ ഒരു ചാപ്റ്റര്‍ ആയിരുന്നു എനിക്ക് ബിഗ്ബോസ്. നിങ്ങൾ ഓരോരുത്തരും എന്നിലേക്ക് ചൊരിഞ്ഞ അളവറ്റ സ്നേഹമാണു ബിഗ്ബോസ് ഹൗസിൽ എന്നെ ഇത്രയും നാൾ നിലനിർത്തിയത്. ആ സ്നേഹം ഇനിയും തുടർന്നാൽ ബിഗ്ബോസിലെ വിജയം നമുക്കൊപ്പമുണ്ടാകും. ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിൽ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം നോബി.