'ഈയാഴ്ച നോമിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല'! മത്സരാര്‍ഥികള്‍ക്ക് വീണ്ടും സര്‍പ്രൈസുമായി ബിഗ് ബോസ്
നിലവിലെ സാഹചര്യം (കൊവിഡ്) പരിഗണിച്ചാണ് ഇത്തവണ എലിമിനേഷന്‍ ഉപേക്ഷിക്കുന്നതെന്ന് മോഹന്‍ലാല്‍ പ്രേക്ഷകരോട് പറഞ്ഞിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 86 എപ്പിസോഡുകളില്‍ എത്തിനില്‍ക്കുകയാണ്. മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമായി ഒട്ടേറെ അപ്രതീക്ഷിതത്വങ്ങള്‍ കാത്തുവച്ചിരുന്ന ഈ സീസണില്‍ ഇപ്പോഴും അതിന് കുറവൊന്നുമില്ല. ഇത്തവണത്തെ എലിമിനേഷനിലും നോമിനേഷനിലും അത്തരം അപ്രതീക്ഷിതത്വങ്ങള്‍ ഉണ്ടായിരുന്നു. 'നൊ എവിക്ഷന്‍' വാരാന്ത്യമായിരുന്നു ഇത്തവണത്തേത്. എന്നാല്‍ എലിമിനേഷന്‍ ഇല്ല എന്ന് വെറുതെ അങ്ങ് പ്രഖ്യാപിക്കുകയായിരുന്നില്ല ഇന്നലെ മോഹന്‍ലാല്‍. മറിച്ച് സാധാരണ എലിമിനേഷന്‍ പ്രഖ്യാപനത്തിന് സമാനമായ രീതിയില്‍ ഒരു രംഗം ഒരുക്കി നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന മത്സരാര്‍ഥികളെ മുള്‍മുനയില്‍ നിര്‍ത്തിയതിനു ശേഷമായിരുന്നു പ്രഖ്യാപനം. സ്വാഭാവികമായും മത്സരാര്‍ഥികള്‍ വിചാരിച്ചത് ഇന്ന് പുതിയ നോമിനേഷന്‍ ലിസ്റ്റ് വരുമെന്നാണ്. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായില്ല.
നിലവിലെ സാഹചര്യം (കൊവിഡ്) പരിഗണിച്ചാണ് ഇത്തവണ എലിമിനേഷന്‍ ഉപേക്ഷിക്കുന്നതെന്ന് മോഹന്‍ലാല്‍ പ്രേക്ഷകരോട് പറഞ്ഞിരുന്നു. ഇതേ ലിസ്റ്റ് തന്നെ അടുത്ത വാരത്തിലും തുടരുമെന്നും. എന്നാല്‍ മത്സരാര്‍ഥികള്‍ ഇത് പ്രതീക്ഷിച്ചിരുന്നതല്ല. കഴിഞ്ഞ വാരത്തിലെ ലിസ്റ്റ് അസാധുവായെന്നാണ് അവര്‍ കരുതിയിരുന്നത്. അതിനാല്‍ത്തന്നെ മോഹന്‍ലാല്‍ വേദി വിട്ടതിനു ശേഷം ആരെയൊക്കെ നോമിനേറ്റ് ചെയ്യണം എന്ന ആലോചനകള്‍ പല ഗ്രൂപ്പുകളിലും നടന്നിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകളും തീരുമാനങ്ങളുമൊക്കെ വൃഥാവിലാകുന്ന തീരുമാനം മത്സരാര്‍ഥികളെ ബിഗ് ബോസ് ഇന്ന് അറിയിച്ചു.
സാധാരണ നോമിനേഷനായി വിളിക്കുന്ന രീതിയില്‍ എല്ലാവരെയും വിളിച്ച് ഹാളില്‍ ഇരുത്തിയതിനു ശേഷമായിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനം. "ശ്രദ്ധിക്കുക, ഈയാഴ്ച നോമിനേഷന്‍ പ്രക്രിയ ഉണ്ടായിരിക്കുന്നതല്ല. കഴിഞ്ഞയാഴ്ച നോമിനേഷനില്‍ വന്നിരിക്കുന്നവര്‍ക്ക് ഈ വ്യാഴാഴ്ച രാത്രി വരെ പ്രേക്ഷകരില്‍ നിന്നും വോട്ടുകള്‍ നേടാന്‍ അവസരം ഉണ്ടായിരിക്കും", എന്നായിരുന്നു ബിഗ് ബോസിന്‍റെ അനൗണ്‍സ്‍മെന്‍റ്. കഴിഞ്ഞ വാരം ലിസ്റ്റില്‍ ഇടം പിടിക്കാത്തവര്‍ക്ക് സന്തോഷവും കഴിഞ്ഞ വാരം ലിസ്റ്റില്‍ ഉണ്ടായിരുന്നവര്‍ക്ക് ടെന്‍ഷനും നല്‍കുന്നതാണ് പുതിയ തീരുമാനം. തിങ്കളാഴ്ചകളിലാണ് ബിഗ് ബോസില്‍ സാധാരണ പുതിയ നോമിനേഷന്‍ ലിസ്റ്റുകള്‍ വരാറ്.