ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?

ബിഗ് ബോസ് മലയാളത്തിൽ മുൻപും ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾ വന്നിട്ടുണ്ട്. എന്നാൽ അവർക്ക് നാദിറയ്ക്ക് ഒപ്പമോ അല്ലെങ്കിൽ നാദിറയെക്കാളുമോ ഉള്ള പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. പകുതിയിൽ വച്ച് തന്നെ അവർക്ക് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നു.

nadira mehrin bigg boss malayalam season 5 nrn

"ഇന്നിതാ അവൾ തന്റെ വീട്ടുകാരാൽ സ്വീകരിക്കപ്പെടുന്നു. ഒരു സമയത്ത് കുറ്റപ്പെടുത്തലുകളും ശാപവാക്കുകളും കൊണ്ട് അവളെ വേദനിപ്പിച്ച വീട്ടുകാരും നാട്ടുകാരും അവളുടെ പേരിൽ അഭിമാനം കൊള്ളുന്നു", നാദിറയെ കുറിച്ച് ശ്യാം സോർബ എന്ന കലാകാരൻ കുറിച്ച വാക്കുകളാണിത്. ഇത് തന്നെയാണ് ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നും ബിഗ് ബോസിൽ വന്ന നാദിറ മെഹ്റിന്റെ വലിയ വിജയവും. ജീവിതത്തിലെ കയ്പ്പേറിയ നിമിഷങ്ങൾ കാറ്റിൽ പറത്തി ടെലിവിഷൻ ചരിത്രത്തിലെ തന്നെ മികച്ച റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ ടോപ് ഫൈവിൽ എത്തി എന്ന് പറയുന്നത് ക്യുയർ കമ്മ്യൂണിറ്റിയിലുള്ളവർക്ക് മാത്രമല്ല, ദുർഘടങ്ങളിൽ നിന്നും കരകയറുന്നവർക്ക് കൂടി മാതൃക ആകുകയാണ്. ഇന്ന് പണപ്പെട്ടിയും എടുത്ത് പുറത്തിറങ്ങി തിരഞ്ഞ് നോക്കുമ്പോൾ, ഒരിക്കലുമൊരു നഷ്ടബോധം നാദിറയ്ക്ക് ഉണ്ടാകില്ല എന്നത് തീർച്ച.

നാദിറ സ്പെഷ്യലാണ് !

ബിഗ് ബോസ് മലയാളത്തിൽ മുൻപും ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾ വന്നിട്ടുണ്ട്. എന്നാൽ അവർക്ക് നാദിറയ്ക്ക് ഒപ്പമോ അല്ലെങ്കിൽ നാദിറയെക്കാളുമോ ഉള്ള പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. പകുതിയിൽ വച്ച് തന്നെ അവർക്ക് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നു.

Queer ally ആയ റിയാസിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും അതോടൊപ്പം തന്നെ ഒത്തിരി ഹേറ്റേഴ്സും താരത്തിന് ലഭിച്ചിരുന്നു. കൂടാതെ ഒരു ഗെയിം ചെയ്ഞ്ചർ എന്ന നിലയിലാണ് റിയാസിന് സ്വീകാര്യത ലഭിച്ചതും. പക്ഷേ നാദിറ അങ്ങനെ അല്ല. ടോട്ടൽ എന്റര്‍ടെയ്‍നറാണ് അവർ. റിയാസ് ഉൾപ്പടെയുള്ളവർ തങ്ങളുടെ കമ്മ്യൂണിറ്റിയെ കുറിച്ചാണ് പറഞ്ഞത്. അതിന് വേണ്ടി വാദിച്ചവരാണ്. എന്ന് കരുതി നാദിറ പറഞ്ഞില്ലെന്നല്ല. പക്ഷേ മറ്റുള്ളവർ വാക്കുകളിലൂടെ പറഞ്ഞ കാര്യങ്ങൾ, പ്രവർത്തിയിലൂടെ 'ഞങ്ങളും നിങ്ങളെ പോലെയാണെ'ന്ന് കാട്ടിത്തരികയാണ് ചെയ്‍തത്. ജെൻഡർ വേർതിരിവില്ലാതെ ബിബി ഹൗസിലെ എല്ലാ കാര്യങ്ങളിലും നൂറ് ശതമാനം കൊടുത്താണ് ഇന്നുവരെയും അവർ നിന്നത്.

ആദ്യകാഴ്‍ചയിലെ നാദിറ

ബിഗ് ബോസ് ഷോയുടെ തുടക്കത്തിൽ അത്രകണ്ട് പ്രധാന്യം ലഭിക്കാതിരുന്ന മത്സരാർത്ഥി ആയിരുന്നു നാദിറ. പ്രേക്ഷക ശ്രദ്ധയും വേണ്ടത്ര നേടിയിരുന്നോ എന്നതും സംശയമാണ്. നേരത്തെ പറഞ്ഞതുപോലെ ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നും മുൻപ് വന്നവരുടെ പ്രകടനങ്ങൾ കൊണ്ടാകാം അത്. എന്നാൽ അത്യാവശ്യം സംസാരിക്കാനും ഇടപഴകാനും അറിയാവുന്ന പ്രകൃതമായിരുന്നു നാദിറയുടേത്. പക്ഷേ താനൊരു ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളാണ്, തന്നെ മറ്റുള്ളവർ എങ്ങനെ സ്വീകരിക്കും തുടങ്ങിയ ചിന്തകളും ആദ്യഘട്ടത്തിൽ നാദിറയെ അലട്ടിയിരുന്നിരിക്കണം.

രണ്ട് മൂന്ന് ആഴ്‍ച കഴിഞ്ഞപ്പോൾ നാദിറ ഗെയിമിലേക്ക് എത്തി. ഗെയിമുകളിൽ എല്ലാം നൂറിൽ നൂറ് ശതമാനവും കൊടുത്ത് കളിച്ചു. ആദ്യ ആഴ്‍ചയിലെ ക്യാപ്റ്റൻസിയിൽ വന്നത് തന്നെ അതിന് തെളിവാണ്. ഒരുപക്ഷേ നാദിറയെ പ്രേക്ഷകർക്ക് മുന്നിൽ അടയാളപ്പെടുത്തിയത് ഈ ഘട്ടത്തിലാകണം. പിന്നീടും നാദിറ ക്യാപ്റ്റൻസിയിൽ മത്സരിച്ചു. അന്നും രണ്ടാം സ്ഥാനത്ത് എത്താനെ നാദിറയ്ക്ക് സാധിച്ചിരുന്നുള്ളൂ. എങ്കിൽ തന്നെയും ഒരു പരിഭവവും ഇല്ലാതെ, ഇതൊരു ഗെയിം ആണെന്ന് മനസിലാക്കി പൊരുതി കൊണ്ടേയിരുന്നു.

നേരത്ത പറഞ്ഞത് പോലെ മുൻ സീസണുകളിൽ വന്ന പല ട്രാൻസ്ജെന്റേഴ്‍സും അവർ നേരിട്ട പ്രതിസന്ധികൾ പറഞ്ഞ് അതിൽ തന്നെ അകപ്പെട്ട് കിടക്കുന്നൊരു അവസ്ഥ, അല്ലെങ്കിൽ മറ്റുള്ളവരോട് എതിർത്ത് നിന്ന് സംസാരിക്കാനുള്ള ബുദ്ധിമുട്ടെല്ലാം അനുഭവിച്ചിരുന്നു. എന്നാൽ നാദിറ അങ്ങനെ അല്ല. തനിക്ക് പറയേണ്ട കാര്യങ്ങൾ ആരുടെ മുഖത്ത് നോക്കിയാലും ശക്തമായി തന്നെ പറഞ്ഞു. ഒരു ട്രാൻസ്ജെന്റർ എന്ന നിലയ്ക്ക് അനുഭവിച്ച വേദനകളും യാതനകളും അവളെ ബാധിച്ചില്ല. ശക്തമായി തന്നെ പതിനെട്ട് മത്സരാർത്ഥികളോടും പൊരുതിക്കയറി.

ബിബി 5ലെ 'തഗ്ഗ് റാണി'

ബിഗ് ബോസ് എന്ന ഗെയിം ഷോയ്ക്ക് വേണ്ട പ്രധാന ഘടകങ്ങളിൽ ഒന്ന് മറ്റുള്ളവരെ(പ്രേക്ഷകരെ) എന്റർടെയ്ൻ ചെയ്യിക്കുക എന്നതാണ്. അതിലൂടെ പ്രേക്ഷക മനസിൽ ഇടം നേടാൻ മത്സരാർത്ഥികൾക്ക് സാധിക്കും. അത്തരത്തിൽ ഈ സീസണിലെ ഒരു മികച്ച എന്റർടെയ്‍നർ ആയിരുന്നു നാദിറ. ഒരുപക്ഷേ മറ്റാരെക്കാളും.

തഗ്ഗ് മറുപടികളാണ് നാദിറയുടെ ഹൈലൈറ്റുകൾ. വളരെ സീരിയസ് ആയ കാര്യങ്ങളിൽ പോലും തഗ്ഗിലൂടെ മറുപടി പറയുന്ന നാദിറയെ പലപ്പോഴും ഷോയിൽ കണ്ടു. മോഹൻലാൽ നൽകിയ 'കടല കടൽ കണ്ടു' എന്ന കവിത ചൊല്ലിയത് അവയിൽ ഒന്ന് മാത്രം. മോഹൻലാലിനെ ബിഗ് ബോസ് സീസണിൽ പൊട്ടിച്ചിരിപ്പിച്ച എപ്പിസോഡുകളിൽ ഒന്നും അതായിരുന്നു. പ്രേക്ഷകനെ ചിരിപ്പിച്ച് കൊണ്ടുള്ള നാദിറയുടെ കവിതാലാപനം റീമിക്സിലും ഇടം നേടി.

ശോഭ, ജുനൈസ് എന്നിവരുടെ മാറി മാറിയുള്ള നിലപാടുകളിലുമൊക്കെ തന്റെ എതിർപ്പ് രസകരമായി നാദിറ അവതരിപ്പിക്കുമായിരുന്നു. ഇവരുടെ മിണ്ടാട്ടം മുട്ടിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. അവയെല്ലാം ട്രോളുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പ്രേക്ഷകരും നാദിറയെ ഇരുകയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു.  

നിലാപാടുകൾ ഉറക്കെ പറഞ്ഞു, ക്ഷമ പറയേണ്ടിടത്ത് പറഞ്ഞോ?

ടാസ്‍കിലായാലും എന്റർടെയ്‍നിങ്ങിൽ ആയാലും മുൻപന്തിയിൽ നിൽക്കുന്ന നാദിറ, തന്റെ നിലപാടുകളിലും ഉറച്ചു നിന്നിരുന്നു. പറയേണ്ടുന്ന കാര്യങ്ങൾ യാതൊരു മടിയും കൂടാതെ, ഏത് വമ്പൻമാരുടെ മുഖത്ത് നോക്കിയായാലും പറഞ്ഞു. സാഗറിനോടുള്ള പ്രണയത്തെ ജുനൈസ് ചോദ്യം ചെയ്‍തപ്പോൾ നാദിറ നടത്തിയ ഇടപെടലും നിലപാടുകളും പ്രശംസനീയമായിരുന്നു.

 ബിഗ് ബോസിൽ തനിക്ക് പറ്റിയ തെറ്റുകൾ സമ്മതിക്കാനും അതിൽ ക്ഷമ ചോദിക്കാനും നാദിറ ഭയങ്കരമായി മടി കാണിക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. സെറീനയും നാദിറയും തമ്മിലൊരു വിഷയമുണ്ടായിരുന്നു, സെറീന ബ്യൂട്ടി ക്വീൻ ആയത് എന്റെ മുൻപിൽ ഒന്നുമല്ല എന്ന് പറഞ്ഞത്. പ്രകോപിതയായപ്പോൾ നാദിറയുടെ വായിൽ നിന്ന് വന്ന് പോയ അബദ്ധമായിരുന്നിരിക്കണം അത്. അങ്ങനെ പറഞ്ഞത് മോശമായി പോയെങ്കിലും നാദിറ അത് സമ്മതിക്കുകയോ ക്ഷമ പറയുകയോ ചെയ്‍തിട്ടില്ല.

എന്നാൽ ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലാത്തിടത്ത് ചോദിക്കുന്നുമുണ്ട്. അനുവുമായി ഒരു പ്രശ്‍നം ഉണ്ടായപ്പോൾ നാദിറയുടെ വായിൽ നിന്നും മോശം പദപ്രയോഗം ഉണ്ടായെന്ന് പറഞ്ഞ് അനു ക്ഷമ ആവശ്യപ്പെട്ടു. നാദിറ തെറ്റായൊന്നും പറഞ്ഞിട്ടില്ല. പക്ഷേ അതിന് നാദിറ മാപ്പ് പറയുകയും ചെയ്‍തു. എന്നാൽ ഇതൊന്നും തന്നെ നാദറിയ്ക്ക് നെഗറ്റീവ് ബാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.  

ഫസ്റ്റ് അടിച്ച നാദിറ !

ബിഗ് ബോസ് സീസൺ അഞ്ചിൽ മിക്ക കാര്യങ്ങളിലും ആദ്യ സ്ഥാനങ്ങളിൽ ഇടം നേടിയ ആളാണ് നാദിറ. വിജയിക്കാൻ സാധിച്ചില്ലെങ്കിലും ആദ്യമായി ക്യാപ്റ്റൻസിയിൽ മത്സരിച്ചു. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ് വ്യക്തി ടിക്കറ്റ് ടു ഫിനാലെ വിജയിച്ചു കയറി. ബിഗ് ബോസ് ഷോയിലെ ഏറ്റവും പ്രാധാന്യമേറിയ 'പണപ്പെട്ടി' ടാസ്‍കിൽ, പണം എടുത്ത ആദ്യ വ്യക്തിയും നാദിറയാണ്. ഒപ്പം ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നും എത്തി വലിയൊരു വിഭാഗം ആരാധകരെ സ്വന്തമാക്കിയ ആദ്യ വ്യക്തിയും നാദിറ മെഹ്റിൻ ആണ്. ആകെ മൊത്തത്തിൽ കപ്പടിച്ചില്ലെങ്കിലും ഈ സീസണിൽ ഭൂരിഭാഗം കാര്യങ്ങളിലും നാദിറ മുന്നിലായിരുന്നു.

നാദിറയും സൗഹൃദങ്ങളും

ആദ്യഘട്ടത്തിൽ അത്യവശ്യം സീരിയസ് ആയിട്ടുള്ളൊരു വ്യക്തി ആയിരുന്നു നാദിറ. അതൊരു പക്ഷേ ഈ ഗെയിം എന്താണ് എന്നുള്ളലൊരു കൺഫ്യൂഷൻ ആയിരുന്നിരിക്കണം. ശേഷം പതിയെ മത്സരാർത്ഥികളുടെ തന്നെ മനസ്സിൽ നാദിറ ഇടം നേടുകയായിരുന്നു. നാദിറയ്ക്ക് ആദ്യമൊരു അടുപ്പം വരുന്നത് ശോഭയുമായാണ്. ശോഭ പക്ഷേ ഗെയിമിന് വേണ്ടി മാത്രമായിരുന്നു ആ സൗഹൃദത്തെ കണ്ടത്. ഇരുവരും ഒന്നിച്ച് നിന്ന് പല ഗെയിമുകളും മാറ്റി മറിച്ചിട്ടുമുണ്ട്. എന്നാൽ അതൊരു സൗഹൃദം ആക്കാൻ ശോഭ തയ്യാറായിട്ടില്ല. ശോഭയുമായുള്ള ആ അടുപ്പം കഴിഞ്ഞ ദിവസം വരെയും അങ്ങനെ തന്നെ നാദിറ കൊണ്ടുപോയിരുന്നു. എന്നാൽ എതിർക്കേണ്ട സ്ഥലത്ത് കൃത്യമായി എതിർക്കുകയും ചെയ്‍തു. നിലവിൽ ശോഭയ്ക്ക് അഖിലിനോടുള്ള സമീപനത്തെ ഇന്നലെ ചോദ്യം ചെയ്‍തും ശ്രദ്ധേയമാണ്.

ബിഗ് ബോസിൽ പൊതുവെ മത്സരാർത്ഥികളുടെ മനസിൽ ഇടം നേടുക എന്നത് വലിയ ടാസ്‍ക് ആണ്. ഈ സീസണിൽ അങ്ങനെ ഇടംപിടിച്ചവരിൽ ഒരാളാണ് നാദിറ. സഹമത്സരാർത്ഥി എന്നതിന് പുറമെ തങ്ങളുടെ ഒരു സഹോദരി, സുഹൃത്ത് എന്ന നിലയിൽ പലരും നാദിറയെ കണ്ടു. ഒരുഘട്ടത്തിൽ കട്ട കലിപ്പിലായിരുന്ന നാദിറ- അഖിൽ മാരാർ തമ്മിലുള്ള നിലവിലെ കോമ്പോ തന്നെ അതിന് തെളിവാണ്. മാരാർ നാദിറയെ ചേർത്ത് പിടിക്കുന്നത് ക്യുയർ കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിന് വേണ്ടിയാണെന്ന ആരോപണവും ഒരുവശത്ത് നടക്കുന്നുണ്ട്.

എന്നാല്‍ നാദിറ ടിക്കറ്റ് ടു ഫിനാലെ നേടരുതെന്ന് ഏറെ ആഗ്രഹിച്ചവരും ബിബി ഹൗസിൽ ഉണ്ടായിരുന്നു. എന്തായാലും ഈ ഷോ കഴിഞ്ഞാലും ഭൂരിഭാഗം പേരും നാദിറയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ ആയിരിക്കുമെന്ന് ഉറപ്പാണ്.

ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കിയ ആദ്യ ട്രാൻസ് വ്യക്തി

രണ്ടാഴ്‍ച മുൻപാണ് ബിഗ് ബോസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് നടന്നത്. മൊത്തം ആറ് ടാസ്‍കുകൾ ആണ് ഉണ്ടായിരുന്നത്. ഇവയിൽ വിജയിച്ച് ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വ്യക്തി നേരിട്ട് ഫിനാലെയിൽ എത്തും. ഒടുവിൽ പത്ത് പേരോട് പൊരുതി ജയിച്ച് നാദിറ ആ നേട്ടം സ്വന്തമാക്കി. ആകെ 52 പോയിന്റുകൾ ആണ് നാദിറ സ്വന്തമാക്കിയത്.  അങ്ങനെ ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ് വ്യക്തി ടിക്കറ്റ് ടു ഫിനാലെ കരസ്ഥമാക്കുകയും ചെയ്‍തു. എന്നാൽ പണപ്പെട്ടിയുമായി നാദിറ പോയ സ്ഥിതിയ്ക്ക് സെറീനയ്ക്ക് ചിലപ്പോൾ ആ നേട്ടം ലഭിക്കും. ഒരുപക്ഷേ താൻ പുറത്ത് പോകുകയാണെങ്കിൽ, ടിക്കറ്റ് ടു ഫിനാലെ സെറീനയ്ക്ക് കൊടുക്കുമെന്ന് നാദിറ മുൻപ് പറഞ്ഞിരുന്നു. ഇത് നടക്കുമോ ഇല്ലയോ എന്നത് കണ്ടറിയണം.

വാപ്പയ്ക്ക് അഭിമാനമായ നാദിറ

ബിഗ് ബോസ് മലയാളത്തിൽ ആദ്യമായാണ് ഒരു ഫാമിലി വീക്ക് സംഘടിപ്പിക്കുന്നത്. ഈ ഫാമിലി വീക്കിലെ ഏറ്റവും വലിയ താരം നാദിറ മെഹ്റിൻ ആയിരുന്നു. നാദിറയുടെ അനുജത്തി ഷഹനാസ് ബിബി ഹൗസിൽ വരുന്നതും അവരുടെ ഫാമിലി നാദിറയെ അംഗീകരിച്ചതുമെല്ലാം ഓരോ പ്രേക്ഷകനും മനംതൊട്ട് സ്വീകരിച്ചിരുന്നു. ഒരു സമയത്ത് കുറ്റപ്പെടുത്തലുകളും ശാപവാക്കുകളും കൊണ്ട് അവളെ വേദനിപ്പിച്ച വീട്ടുകാരും നാട്ടുകാരും അവളുടെ പേരിൽ അഭിമാനം കൊള്ളുന്നുവെന്ന് കേൾക്കുന്നത് തന്നെ അഭിമാനമായി തോന്നി. അതും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ.

ജെൻഡർ തിരിച്ചറിഞ്ഞതിന്റെ പേരിൽ ചെറുപ്പകാലത്ത് വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്ന ഒരാളാണ് നാദിറ. നജീബിൽ നിന്നും നാദിറയിലേക്ക് എത്തിപ്പെടാൻ നാദിറ നടത്തിയ പോരാട്ടം വളരെ വലുതാണ്. ആ നാദിറയെ പ്രേക്ഷക ലക്ഷങ്ങൾ കാണുന്ന ഒരു പരിപാടിയിലൂടെ അംഗീകരിക്കപ്പെടുമ്പോൾ ഒരു വലിയ മാറ്റം ആണ് സംഭവിക്കുന്നത്. ഇത് ക്യുയർ കമ്മ്യൂണിറ്റിയിൽ തന്നെ വലിയൊരു വിപ്ലവം സൃഷ്ടിക്കും എന്നതിൽ സംശയമില്ല. എന്തായാലും നാദിറയുടെ വീട്ടുകാരിലെ ഈ മാറ്റം സമൂഹത്തിന് മുതൽക്കൂട്ടാകുമെന്നും ഇതുപോലെ വീട് വിട്ടിറങ്ങേണ്ടി വന്ന നിരവധി ട്രാൻസ് വ്യക്തികൾക്ക് കരുത്ത് പകരുന്നതുമാണ് ഈ സ്വീകാര്യത എന്നതും ഉറപ്പാണ്. അതായത് കപ്പ് കിട്ടിയില്ലെങ്കിലും 'ഈ ഷോയിൽ നാദിറ വിന്നറായി'.

നാദിറയുടെ പ്രത്യേകതകൾ

1- എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന പ്രകൃതം. എല്ലാവർക്കും അടുപ്പം തോന്നുന്ന വ്യക്തിത്വം.
2- ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും വരുമ്പോൾ പൊതുവിൽ അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനും ആ സമൂഹം എന്താണ് എന്ന് മറ്റുള്ളവരെ ബോധവാന്മാർ ആക്കുകയുമൊക്കെ ആണ് ചെയ്യാറുള്ളത്. എന്നാൽ നാദിറ ഇവിടെ തന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടി നിൽക്കുക മാത്രമല്ല, ബിഗ് ബോസിന് പറ്റിയൊരു മത്സരാർത്ഥിയാണ് താനെന്ന് കൂടി തെളിയിച്ചു. അതിലൂടെ മലയാളികളുടെ മനസിൽ ഇടം നേടി.  
3- എല്ലാ ടാസ്‍കിലും നൂറിൽ നൂറ് ശതമാനം കൊടുത്ത് മുന്നേറും.
4- പക്കാ എന്റർടെയ്നർ.
5-കൃത്യമായ നിലപാട്.
6- 'കമിംഗ് ഔട്ട്'(വീട് വിട്ടിറങ്ങേണ്ടി വന്നവരെ പറയുന്നതെന്ന് ഒരിക്കൽ നാദിറ പറഞ്ഞു) ആയ ആൾ വീട്ടുകാർക്ക് അഭിമാനമായി.
7- ബിഗ് ബോസിന് മുൻപും തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് നാദിറ. അതിനൊരു തുടർച്ച ഉണ്ടാക്കാൻ ഷോയിലൂടെ നാദിറയ്ക്ക് സാധിച്ചു.

പണപ്പെട്ടി എടുത്തത് ശരിയോ ? തെറ്റോ ?

ബിഗ് ബോസ് സീസണുകളിലെ പ്രധാന ടാസ്‍കുകളിൽ ഒന്നാണ് പണപ്പെട്ടി. ഓരോ പെട്ടികളിലും വിവിധ തുകകൾ ഉണ്ടാകും. ഷോയിൽ മുന്നോട്ട് പോകാൻ താല്പര്യം ഇല്ലാത്തവർക്ക് ആ പണപ്പെട്ടിയുമായി ഷോയ്ക്ക് പുറത്ത് പോകാം. സീസൺ നാല് വരെയും ആരും ഈ പണം എടുത്തിരുന്നില്ല. എന്നാൽ ഇന്ന് ആദ്യമായൊരു മത്സരാർത്ഥി പണപ്പെട്ടി എടുത്തു എന്നത് ശ്രദ്ധേയമാണ്. അതും നാദിറ.

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നിൽക്കുന്നവരാണ് ബിഗ് ബോസ് മത്സരാർത്ഥികൾ. തങ്ങളുടെ ഗെയിമിനെ വിലയിരുത്താനുള്ള ആകെയുള്ള വഴി ആഴ്ചതോറും ഉള്ള വോട്ടിംഗ് ആണ്. അതുകൊണ്ട് തന്നെ ജനങ്ങളുമായി മത്സരാർത്ഥികൾക്ക് ഒരു ഉത്തരവാദിത്വം ഉണ്ട്. അത് വളരെ വലുതുമാണ്. അതുകൊണ്ടാണ് മലയാളം ബിഗ് ബോസിൽ ഇതുവരെ ആരും പണപ്പെട്ടി എടുക്കാത്തത്. മറ്റ് ഭാഷകളിലെ ബിഗ് ബോസിൽ അങ്ങനെ നടന്നതായി കേട്ടിട്ടുമില്ല. അഥവ പണപ്പെട്ടി എടുക്കുന്നുണ്ടെങ്കിൽ, അത്രത്തോളം അത്മവിശ്വാസം ഉള്ള ഒരാൾക്ക് മാത്രമെ അതിന് സാധിക്കുകയുള്ളൂ. അതിന് ചെറിയ ധൈര്യം പോര താനും. പുറത്തിറങ്ങുമ്പോൾ, "ഞങ്ങൾ വോട്ട് ചെയ്‍ത്ഇത്രയും നാൾ നിർത്തിയിട്ട് ഇങ്ങനെ ചെയ്യണമായിരുന്നോ?", എന്നൊരു ചോദ്യം വന്നേക്കാം. ഇത് ഫേസ് ചെയ്യാനാണ് ധൈര്യം വേണ്ടത്. പ്രത്യേകിച്ച് നാദിറയെ പോലെ ഭേദപ്പെട്ട സപ്പോർട്ട് ഉള്ള ഒരാൾക്ക്.

ടിക്കറ്റ് ടു ഫിനാലെ ജയിച്ച് ഗ്രാന്റ് ഫിനാലെയിലേയ്ക്ക് കയറിയ ഒരാളാണ് നാദിറ. ഒരുപക്ഷേ നാദിറ പണം എടുത്തതിനാൽ, മറ്റൊരാൾക്ക് ലഭിക്കാവുന്ന ടോപ് ഫൈവ് അവസരമാണ് നഷ്‍ടമായിരിക്കുന്നത്. ഇത് ചിലപ്പോൾ വിമർശനങ്ങൾക്ക് വഴിവച്ചേക്കാം.

'നീയെ ജയിക്കൂ എന്ന് എനിക്കറിയാം. പക്ഷേ വോട്ട് ചെയ്‍ത് ഇതുവരെ നിർത്തിയവരോട് കാണിക്കുന്ന നീതി കേടാകും അത്', ഒരിക്കൽ പണപ്പെട്ടി എടുക്കണമെന്ന് അഖിൽ പറഞ്ഞപ്പോൾ ഷിജു പറഞ്ഞ വാക്കുകളാണിത്. അതുപോലെ നാദിറ നീതികേട് കാണിച്ചുവെന്ന് ഒരുപക്ഷേ അവരെ സപ്പോർട്ട് ചെയ്യുന്നവർക്ക് തോന്നാനും ഇടയുണ്ട്.

എന്നാൽ, നാദിറയുടേത് വളരെ നല്ലൊരു തീരുമാനം ആകാനും സാധ്യതയുണ്ട്. ആരാകും ജയിക്കുകയെന്ന ഏകദേശ രൂപം ഹൗസിലെ ഫാമിലി വീക്കിലൂടെ മത്സരാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട് (ഒരട്ടിമറി നടന്നില്ലെങ്കിൽ). അതുകൊണ്ട് എന്തുകൊണ്ടും ലാഭം പണപ്പെട്ടിയുമായി പോകുന്നതാകാമെന്ന് നാദിറ മനസിലാക്കിയിരിക്കണം. എന്ന് കരുതി ബിഗ് ബോസിൽ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് റണ്ണറപ്പാകുക എന്നത് നിസാരമായ കാര്യവുമല്ല.

എന്തായാലും നാദിറയ്ക്ക്  മികച്ചൊരു സീസൺ ആയിരുന്നു ഇത്. മറ്റൊരു മത്സരാർത്ഥിക്കും ലഭിക്കാത്ത നേട്ടങ്ങളുമായാണ് നാദിറ ബിഗ് ബോസിന്റെ പടിയിറങ്ങുന്നത്. ജീവിതത്തിൽ അവൾ കേൾക്കാൻ കൊതിച്ച കാര്യങ്ങളും കേട്ടു. അതുകൊണ്ട് ഒരിക്കലും ഒരു നഷ്‍ടബോധം നാദിറയ്ക്ക് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?

ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...

ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios