Bigg Boss : ബിഗ് ബോസ് മലയാളം ജീവിതം മാറ്റിമറിച്ച താരങ്ങള്‍
ബിഗ് ബോസില്‍ ആരാധകര്‍ ആഘോഷിച്ച താരങ്ങള്‍ (Bigg Boss Malayalam Season 4).
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം ഒരുമിച്ച് താമസിക്കുക. ചിലപ്പോള്‍ നേരത്തെ പരിചയമുള്ളവരായിരിക്കാം അവര്‍. അല്ലെങ്കില്‍ ആദ്യമായി കാണുന്ന ചിലര്‍. പ്രശസ്‍തരും അപ്രശസ്‍തരും ആയ ഒരുകൂട്ടം മത്സരാര്‍ഥികള്‍. ബിഗ് ബോസ് ഷോ പക്ഷേ അവരുടെ ജീവിതം മാറ്റിമറിക്കുന്നതാണ് അനുഭവം. ലോകത്തിന് മുന്നില്‍ തന്നെ അവതരിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ബിഗ് ബോസ്. ബിഗ് ബോസ് ഷോ അവര്‍ക്ക് നല്‍കുന്ന പ്രശസ്‍തിയും മറ്റൊരു ഘടകം. ബിഗ് ബോസ് ഷോയില്‍ മാറ്റുരച്ച് വിജയിച്ച് ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്‍ടിക്കാനായവര്‍ ഒരുപാട് പേരുണ്ട് (Bigg Boss).
ബിഗ് ബോസ് മലയാളം സീസണില്‍ ഇന്നോളമുണ്ടായ മത്സരാര്‍ഥികളില്‍ ഏറ്റവും മികച്ചയാള്‍ ആര് എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടാകും. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ വിജയി സാബുമോൻ, കഴിഞ്ഞ സീസണിലെ വിജയി മണിക്കുട്ടൻ, പേളി മാണി, സായ് കൃഷ്‍ണ, ഡോ. രജിത് കുമാര്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്‍ണൻ, ആര്യ, ഫുക്രു, അങ്ങനെ അവരവരുടെ പ്രിയതാരത്തിന്റെ പേര് ഓരോരുത്തരും പറയുമായിരിക്കും. ഒന്നാമത് എത്തിയവര്‍ മാത്രമല്ല ബിഗ് ബോസ് പ്രേക്ഷകരുടെ മനം കവര്‍ന്നിട്ടുണ്ടാകുക. യഥാര്‍ഥ ജീവിതം കാണുന്ന പ്രേക്ഷകര്‍ ഓരോ താരത്തെയും തനിക്കൊപ്പം ചേര്‍ത്തിട്ടുണ്ടാകും.
അത്ര വലിയ സ്വീകാര്യതയൊന്നുമില്ലാതായാരുന്നു സാബുമോൻ ബിഗ് ബോസിലേക്ക് എത്തിയത്. പക്ഷേ കളംനിറഞ്ഞ് മത്സരിച്ച സാബുമോൻ അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി. ആര്‍മി ഗ്രൂപ്പുകള്‍ സാബുമോനു വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് പിന്നീട് കണ്ടത്. പേളി മാണി ഗ്രൂപ്പായിരുന്നു സാബുമോന് എതിര്‍വശത്ത്.
സാബുമോനും പേളിക്കുമൊപ്പം ശ്രീനിഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു അവസാന അഞ്ചില്‍ ഉണ്ടായിരുന്നത്. നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ സാബുമോനും പേളി മാണിയും നേര്‍ക്കുനേര്‍ അവസാന രണ്ടുപേരായി. ഒടുവില്‍ പ്രേക്ഷകരുടെ പ്രതീക്ഷപോലെ സാബുമോൻ വിജയിയായും പേളി മാണി റണ്ണര്‍ അപ്പുമായും പ്രഖ്യാപിക്കപ്പെട്ടു. ബിഗ് ബോസ് ഷോ മലയാളം അന്യഭാഷകളിലെ പോലെ തന്നെ വൻ ഹിറ്റാകുകയും ചെയ്‍തിരുന്നു. ബിഗ് ബോസ് ഷോയില്‍ നിന്ന് സാബുമോനും അരിസ്റ്റോ സുരേഷിനും ചില സിനിമകളിലേക്ക് വാതില്‍തുറക്കുകയും ചെയ്‍തു. സാബുമോന് 'ജല്ലിക്കട്ടി'ലേക്കും അരിസ്റ്റോ സുരേഷ് 'കോളാമ്പി'യിലേക്കും ഗ്രാൻഡ് ഫിനാലെ വേദിയില്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ ഷോയ്‍ക്ക് ശേഷം പേളി മാണിക്ക് ബോളിവുഡിലും തമിഴകത്തുമൊക്കെ ('ലുഡോ', 'വലിമൈ') അവസരം വന്നപ്പോള്‍ ഷിയാസ് ഇന്ന് മിനി സ്‍ക്രീനിലും മോഡലിംഗിലും സജീവമാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ ആരാധകര്‍ ചര്‍ച്ചയാക്കിയത് പേളി- ശ്രീനിഷ് പ്രണയം കൊണ്ടുകൂടിയായിരുന്നു. പേളിഷ് എന്ന ഒരു വിളിപ്പേരിട്ട് ആരാധകര്‍ അത് ആഘോഷമാക്കി. ഇരുവരുടെയും പ്രണയം ഒരു നാടകമാണെന്ന് ആരോപണങ്ങളുയര്‍ന്നെങ്കിലും ബിഗ് ബോസിനു ശേഷം വിവാഹിതരായാണ് പേളിയും ശ്രീനിഷും മറുപടി പറഞ്ഞത്. പേളി - ശ്രീനിഷ് ദമ്പതിമാര്‍ക്ക് ഇന്ന് ഒരു മകളുമുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മത്സാര്‍ഥികള്‍ ഒരോ ചേരിയായിട്ടായി കാണപ്പെട്ടതായിരുന്നു രണ്ടാം സീസണിന്റെ പ്രത്യേകത. സിനിമാ സീരിയല്‍ സോഷ്യല്‍ മീഡിയെ സെലിബ്രിറ്റികളായിരുന്നു മത്സരാര്‍ഥികള്‍. ഫുക്രു, വീണ, ആര്യ, മഞ്‍ജു പത്രോസ്, തുടങ്ങിയവര്‍ മത്സരാര്‍ഥികളായി എത്തി. ഡോ. രജിത്‍കുമാര്‍ ആയിരുന്നു മറ്റൊരു പ്രധാന മത്സാര്‍ഥി. ഡോ. രജിത്‍കുമാര്‍ , ആര്യ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി മത്സാര്‍ഥികള്‍ വിഭജിക്കപ്പെട്ടു. ബിഗ് ബോസ് ഷോയുടെ നിയമാവലി തെറ്റിച്ചതിന്റെ പേരില്‍ ഒരു മത്സരാര്‍ഥി പുറത്താക്കപ്പെടുന്നതും പ്രേക്ഷകര്‍ കണ്ടു. പല തവണ എലിമിഷേനില്‍ വന്നെങ്കിലും പ്രേക്ഷകപിന്തുണയോടെ ബിഗ് ബോസില്‍ തുടര്‍ന്നിരുന്ന രജിത്‍കുമാര്‍ രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്.
കൊവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് ബിഗ് ബോസ് നിര്‍ത്തിവയ്‍ക്കേണ്ടി വന്നതിനാല്‍ അത്തവണ വിജയിയെ പ്രഖ്യാപിച്ചില്ല. ഡോ. രജിത്‍കുമാറിന് ഒരു സിനിമയിലേക്ക് വഴിതുറന്നിരുന്നു ബിഗ് ബോസിലെ പങ്കാളിത്തം. 'സ്വപ്‍ന സുന്ദരി'എന്ന സിനിമയിലായിരുന്നു ഡോ. രജിത്‍കുമാര്‍ അഭിനയിച്ചത്. ഫുക്രുവും ആര്യയും അടക്കമുള്ളവര്‍ വെബ് സീരിസുകളുമായും കളം നിറഞ്ഞു. ബിഗ് ബോസ് ഷോയ്‍ക്ക് ശേഷം 'ചിയാരോ' എന്ന സിനിമയിലൂടെ ആദ്യമായി നായികയാകുന്നുവെന്ന വിശേഷവും ആര്യയില്‍ നിന്ന് പ്രേക്ഷകര്‍ കേട്ടു. അലസാൻഡ്ര, പ്രദീപ് തുടങ്ങിയവര്‍ മോഡിലിംഗ് അഭിനയം തുടങ്ങിയ മേഖലകളില്‍ സജീവമായി. വിജയിയെ പ്രഖ്യാപിച്ചില്ലെങ്കിലും മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയ സ്വീകാര്യത ചെറുതല്ല.
ഏറ്റവും ഒടുവിലത്തെ സീസണ്‍ സ്വപ്‍നം കാണുന്നവരുടേതായിരുന്നു. മണിക്കുട്ടനും ഭാഗ്യലക്ഷ്‍മിയും അടക്കമുള്ള സെലിബ്രിറ്റികള്‍ ഉണ്ടായിരുന്നെങ്കിലും താരതമ്യേന അപ്രശസ്‍തരായവരായിരുന്നു ഭൂരിഭാഗവും. സിനിമയില്‍ നായകനായും സഹതാരവുമായി വലുതും ചെറുതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചെങ്കിലും കേരളത്തിന്റെയൊട്ടാകെ പ്രിയങ്കരനായി മാറുകയായിരുന്നു മണിക്കുട്ടൻ ബിഗ് ബോസിലൂടെ. എംകെ എന്ന ഒരു വിളിപ്പേരുമായി പ്രേക്ഷകര്‍ മണിക്കുട്ടനെ ഏറ്റെടുത്തു. സാധാരണക്കാരന്റെ പ്രതിനിധിയായി തന്നെ അവതരിപ്പിച്ച് സ്വപ്‍നം കാണുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്ന സായ് വിഷ്‍ണു വെള്ളിത്തിരയിലെ നായകനെ പോലെ പ്രേക്ഷകനിലേക്ക് എത്തി ഷോയില്‍ രണ്ടാമനായി. മോഡല്‍ രംഗത്തെ താരമായ ഡിംപല്‍ ഭാലും പ്രേക്ഷകരുടെ പ്രിയതാരമായി. പാട്ടുപാടിയും മോഡിലിംഗ് ചെയ്‍തു ഋതു മന്ത്രയ്‍ക്കും ബിഗ് ബോസ് വഴിത്തിരിവായി. അവസാന ഫൈവില്‍ എത്തിയില്ലെങ്കിലും സൂര്യക്കും ബിഗ് ബോസ് അവസരങ്ങള്‍ തുറന്നു.
'മരക്കാര്‍' അടക്കമുള്ള ചിത്രങ്ങളായിരുന്നു ബിഗ് ബോസില്‍ വിജയിയായതിന് ശേഷം മണിക്കുട്ടന്റേതായി പുറത്തുവന്നത്. 'നവരത്‍ന' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മണിരത്‍നത്തിന്റെയടക്കം ശ്രദ്ധ ആകര്‍ഷിക്കാൻ മണിക്കുട്ടന് ബിഗ് ബോസ് സഹായിച്ചിരുന്നു. ഗായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഋതു മന്ത്ര നായികയായി തെലുങ്ക് സിനിമ പൂര്‍ത്തിയായിട്ടുണ്ട്. മലയാളത്തിലും നായികയായിട്ടുള്ള സിനിമ ഋതു മന്ത്രയുടേതായിട്ട് വരുന്നതായി വാര്‍ത്തകളുണ്ട്. വിവിധ പരസ്യ ചിത്രങ്ങളില്‍ ഭാഗമായ ഋതു മന്ത്ര മോഡലിംഗില്‍ സജീവമാകുന്നു. ഡിംപല്‍ ബാല്‍ ടെലിവിഷനിലും മോഡിലിംഗിലും കൂടുതല്‍ സജീവമായിരിക്കുന്നു. സൂര്യ കഥയെഴുതുന്ന സിനിമ തമിഴില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. സൂര്യ ഒരു സിനിമയില്‍ നായികയുമാകുന്നു. അനൂപ് കൃഷ്‍ണൻ സിനിമകളിലും ടെലിവിഷനിലും നടനായും അവതാരകനായുംസജീവമായിരിക്കുന്നു. മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മ പര്‍വ'ത്തില്‍ അഭിനയിച്ച റംസാനും സ്വന്തം മേഖലയില്‍ തിരക്കിലാണ്. അങ്ങനെ ഓരോരുത്തരുടെയും ജീവിതം ബിഗ് ബോസിന് ശേഷം മാറിമറിഞ്ഞിരിക്കുന്നു.
ബിഗ് ബോസിലെ താരങ്ങളാകാൻ ഇനി ആരൊക്കെ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ഥകളുടെ പേരുകള്‍ ഊഹാപോഹങ്ങളായി പ്രചരിക്കുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ഥികളെ മോഹൻലാല്‍ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആരൊക്കെയാകും പ്രേക്ഷകരെ ആകര്‍ഷിക്കുക എന്നതറിയാൻ ബിഗ് ബോസ് എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.