'അങ്ങനെയൊരു വാക്ക് മലയാളത്തില്‍ ഇല്ല'; ഗോപികയോടും സെറീനയോടും മോഹന്‍ലാല്‍
ഒരു ദിവസം മോണിംഗ് ആക്റ്റിവിറ്റിയെ തുടര്‍ന്നാണ് ബിഗ് ബോസില്‍ സംഘര്‍ഷം രൂപപ്പെട്ടത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. നോമിനേഷനുകളൊന്നും വോട്ടിംഗിലേക്ക് നീട്ടാതിരുന്ന ആദ്യ വാരത്തിനു ശേഷം സംഘര്‍ഷഭരിതവും ആവേശകരവുമായ ഒരു രണ്ടാം വാരമാണ് ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയത്. മത്സരാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷങ്ങളും രസകരമായ നിമിഷങ്ങളുമൊക്കെ ഉണ്ടായ രണ്ടാം വാരത്തില്‍ പ്രേക്ഷകര്‍ക്ക് കൗതുകം പകര്‍ന്ന നിരവധി നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ഒരു മോണിംഗ് ആക്റ്റിവിറ്റിയെ തുടര്‍ന്ന് ഗോപിക തന്‍റെ എതിരഭിപ്രായം ഉയര്‍ത്തി രംഗത്തെത്തിയത്.
മോഡലിംഗ് രംഗത്ത് ശോഭിച്ച സെറീനയോട് ആത്മവിശ്വാസം കുറവെന്ന് തോന്നുന്ന അഞ്ച് മത്സരാര്‍ഥികളെ വിളിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനാണ് അന്നത്തെ മോണിംഗ് ആക്റ്റിവിറ്റിയില്‍ ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇത് പ്രകാരം സെറീന ആദ്യം വിളിച്ചത് ഗോപികയെ ആയിരുന്നു. ബിഗ് ബോസില്‍ ഗോപികയുടെ പ്രകടനം വിലയിരുത്തവെ അവര്‍ കോണ്‍ഷ്യസ് ആണെന്ന് സെറീന പറഞ്ഞു. കോണ്‍ഷ്യസ് എന്ന ഇംഗ്ലീഷ് വാക്കിനെ സംശയിച്ച് സംശയിച്ച് സെറീന മലയാളീകരിച്ചത് അവകര്‍ഷണബോധം എന്നായിരുന്നു. അപകര്‍ഷതാബോധം എന്നാണ് സെറീന മലയാളത്തില്‍ പറയാന്‍ ഉദ്ദേശിച്ചതെങ്കിലും അതിന്‍റെ അര്‍ഥം ഇന്‍റഫീരിയോറിറ്റി കോംപ്ലക്സ് ആണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ താന്‍ ഉദ്ദേശിച്ചത് അതല്ലെന്നും കോണ്‍ഷ്യസ് എന്നതിന്‍റെ മലയാളമാണെന്നും സെറീന വിശദീകരിച്ചു. എന്നാല്‍ അവകര്‍ഷണബോധമെന്ന് സെറീന തെറ്റായി പറഞ്ഞ അപകര്‍ഷതാബോധത്തില്‍ ഊന്നി വന്‍ വിമര്‍ശനമാണ് ഗോപിക ഉയര്‍ത്താന്‍ ശ്രമിച്ചത്. താന്‍ ഉദ്ദേശിച്ചത് കോണ്‍ഷ്യസ് എന്ന ഇംഗ്ലീഷ് വാക്കിന്‍റെ മലയാളമാണെന്നും അപകര്‍ഷണം എന്ന് തെറ്റായി പറഞ്ഞതാണെന്നും സെറീന വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഗോപിക അത് ചെവിക്കൊണ്ടില്ല. അപകര്‍ഷതാബോധത്തിന്‍റെ അര്‍ഥം പലപ്പോഴും വിശദീകരിക്കാന്‍ ശ്രമിച്ചത് ശരിയായി ആണെങ്കിലും അവകര്‍ഷണബോധമെന്നാണ് ഗോപിക എല്ലായ്പ്പോഴും ഉച്ചരിച്ചത്. അതിന് വലിയ അര്‍ഥങ്ങളാണ് ഉള്ളതെന്നും വാക്കുകള്‍ അര്‍ഥം മനസിലാക്കി ഉച്ചരിക്കണമെന്നും ഗോപിക പറയുന്നുണ്ടായിരുന്നു.
ഇന്നത്തെ എപ്പിസോഡില്‍ ഈ തര്‍ക്കം ചര്‍ച്ചയാക്കിയ മോഹന്‍ലാല്‍ അവകര്‍ഷണബോധം എന്നൊരു വാക്ക് മലയാളത്തില്‍ ഇല്ലെന്ന് ഗോപികയോടും സെറീനയോടുമായി പറഞ്ഞു. അപകര്‍ഷതാബോധം എന്ന് ഗോപികയോട് ശരിയായി ഉച്ചരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്കൂള്‍ കാലത്ത് തന്നോട് അപകര്‍ഷതയെക്കുറിച്ച് പലരും സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഗോപികയോട് അതൊക്കെ ഇപ്പോഴും ഭാരമായി ചുമന്ന് നടക്കുന്നത് എന്തിന് എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം.