'തുടര്‍ നടപടികള്‍ സ്വീകരിക്കും', മധുവിനെതിരെയുള്ള അഖിലിന്റെ പരാമര്‍ശത്തില്‍ മോഹൻലാല്‍

ബിഗ് ബോസില്‍ അഖിലിന്റെ വിവാദ പരാമര്‍ശത്തില്‍ നിലപാട് അറിയിച്ച് മോഹൻലാല്‍.

Mohanlal criticizes Akhil on controversial statement hrk

കൊല്ലപ്പെട്ട മധുവിനെ പരിഹസിച്ചതിന് അഖില്‍ മാരാരെ വിമര്‍ശിച്ച് മോഹൻലാല്‍. ബിഗ് ബോസ് ഷോയില്‍ മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരം എന്നാണ് മോഹൻലാല്‍ പറഞ്ഞത്. മോഹൻലാല്‍ ഇതിനെ കുറിച്ച് അഖില്‍ മാരാരോട് ചോദിക്കുകയും ചെയ്‍തു. നടപടിയെടുക്കുമെന്നും മോഹൻലാല്‍ ഷോയില്‍ വ്യക്തമാക്കുന്നതിന്റെ പ്രൊമൊ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാളും സംവിധായകനുമായ അഖില്‍ മാരാര്‍ ഷോയ്ക്കിടെ നടത്തിയ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ വൻ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബിഗ് ബോസില്‍ ടാസ്‍ക് നടക്കവേയായിരുന്നു അഖിലിന്‍റെ വിവാദ പരാമര്‍ശം. സിനിമയിലെ ചില കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ 'മീശമാധവനെ'യാണ് ടാസ്‍കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്‍ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്‍തത്.

'നിന്നോട് അരിയാഹാരങ്ങള്‍ മോഷ്‍ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്‍റെ അവസ്ഥയാവും. ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്‍റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെ' മറ്റു മത്സരാര്‍ഥികളോട് അഖില്‍ പറഞ്ഞു.

അഖില്‍ ഇത് പറഞ്ഞപ്പോള്‍ അധികം മത്സരാര്‍ഥികള്‍ അടുത്തില്ലായിരുന്നു. ഉറക്കെ അല്ലായിരുന്നു അഖിലിന്റെ പരാമര്‍ശം. അതിനാല്‍ത്തന്നെ എപ്പിസോഡ് വന്ന സമയത്ത് പ്രേക്ഷകര്‍ തന്നെ അധികം ഇത് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഈ രം​ഗത്തിന്‍റെ ക്ലിപ്പിം​ഗുകള്‍ എത്തിയ സമയത്താണ് ബി​ഗ് ബോസ് സ്ഥിരം പ്രേക്ഷകരില്‍ പലരും തന്നെ ഈ സംഭാഷണം ശ്രദ്ധിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അഖിലിന്റെ വിവാദ പരാമര്‍ശം വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു. അഖില്‍ മാരാര്‍ക്ക് എതിരെ സാമൂഹ്യ പ്രവര്‍ത്തകൻ പൊലീസിനും പട്ടിക ജാതി പട്ടിക വര്‍ഗ കമ്മിഷനും ഐബിഎഫിനും പരാതിയും നല്‍കിയിരുന്നു. എന്തായാലും മോഹൻലാലും അഖിലിന്റെ പരാമര്‍ശത്തില്‍ വിമര്‍ശിച്ചിരിക്കുകയാണ് ഇപ്പോള്‍.  മത്സരാര്‍ഥികളില്‍ ഒരാള്‍ രക്തസാക്ഷിയായ സഹോദരൻ മധുവിന്റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാൻ പാടില്ലാത്തതും ആയിരുന്നുവെന്ന് മോഹൻലാല്‍ പറയുന്നത് പ്രമൊ വീഡിയോയില്‍ കേള്‍ക്കാം. ഞങ്ങള്‍ ഈ വിഷയം ബന്ധപ്പെട്ട മത്സരാര്‍ഥിയുമായി സംസാരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ് എന്നും മോഹൻലാല്‍ പറഞ്ഞു. ബിഗ് ബോസ് വാരാന്ത്യ ഷോയായ ഇന്ന് ഇത് സംപ്രേഷണം ചെയ്യും.

Read More: 'അത് ചിലപ്പോള്‍ എന്നെ കുഴപ്പത്തിലാക്കിയേക്കും', കാര്‍ കളക്ഷനെ കുറിച്ച് വെളിപ്പെടുത്താതെ ദുല്‍ഖര്‍

Latest Videos
Follow Us:
Download App:
  • android
  • ios