'മധുവിന്‍റെ കുടുംബത്തോടും പ്രേക്ഷകരോടും ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു'; ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍
സംഘാടകര്‍ എന്ന നിലയില്‍ വിഷയത്തില്‍ തങ്ങള്‍ക്കുള്ള ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 വേദിയില്‍ മത്സരാര്‍ഥികളില്‍ ഒരാളും ചലച്ചിത്ര സംവിധായകനുമായ അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒരു ടാസ്കിനിടെ സഹമത്സരാര്‍ഥിയോട് തമാശ പറയാനായി ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിന്‍റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നു അഖില്‍. ഇന്നത്തെ എപ്പിസോഡില്‍ മത്സരാര്‍ഥിയുടെ ഈ പരാമര്‍ശത്തെക്കുറിച്ച് സംസാരിച്ച മോഹന്‍ലാല്‍ സംഘാടകര്‍ എന്ന നിലയില്‍ വിഷയത്തില്‍ തങ്ങള്‍ക്കുള്ള ഖേദം പ്രകടിപ്പിച്ചു.
"സമൂഹം മാനിക്കുന്ന പൊതു മര്യാദകളെ അനാവശ്യമായി ലംഘിക്കുന്ന തരത്തിലുള്ള നിലപാടുകളും അഭിപ്രായങ്ങളും തടയേണ്ടതും തിരുത്തേണ്ടതും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഷോയുടെ സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ ദിവസം മത്സരാര്‍ഥികളില്‍ ഒരാള്‍ ഒരു ടാസ്കിനിടെ രക്തസാക്ഷിയായ സഹോദരന്‍ മധുവിന്‍റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. നിരുത്തരവാദിത്തപരമായ ഈ പരാമര്‍ശത്തില്‍ മധുവിന്‍റെ കുടുംബത്തോടും ലോകമെമ്പാടുമുള്ള പ്രേക്ഷകരോടും സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. തീര്‍ച്ഛയായും ഞങ്ങള്‍ ഈ വിഷയം ബന്ധപ്പെട്ട മത്സരാര്‍ഥിയുമായി സംസാരിക്കുകയും അദ്ദേഹം നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്", മോഹന്‍ലാല്‍ പറഞ്ഞു.
തുടര്‍ന്ന് അഖിലിനോട് ഈ വിഷയം സംസാരിച്ചപ്പോള്‍ താന്‍ അങ്ങനെ ഉദ്ദേശിച്ചല്ല അത് പറഞ്ഞതെന്ന പ്രതികരണമാണ് ഉണ്ടായത്. താന്‍ തമാശയും ആക്ഷേപഹാസ്യവുമാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ അഖിലിനോട് അതൊരു തമാശയാണോ എന്നും സാമൂഹികശ്രദ്ധയുള്ള ഒരു വിഷയത്തില്‍ കമന്‍റ് പറയുക എന്നത് വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യമല്ലേ എന്നും മോഹന്‍ലാല്‍ ചോദിച്ചു. "ഇതുപോലെ ഒരു ഷോയില്‍ തമാശ പറയുമ്പോള്‍ ശ്രദ്ധിക്കണം. കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു അത്", മോഹന്‍ലാല്‍ പറഞ്ഞു. താന്‍ ആ സമയത്ത് മധുവിനെ പിന്തുണച്ച് കവിത എഴുതിയിട്ടുള്ള ആളാണെന്നു പറഞ്ഞ അഖിലിനോട് എന്നിട്ടാണോ ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചു. "ഞാന്‍ പറഞ്ഞത് മറ്റേതെങ്കിലും രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ഛയായും മാപ്പ് ചോദിക്കാന്‍ തയ്യാറാണ്. തെറ്റിദ്ധാരണ ആയാലും അല്ലാതെ ആയാലും മാപ്പ് ചോദിക്കുന്നു", തുടര്‍ന്ന് അഖില്‍ പറഞ്ഞു. ബിഗ് ബോസ് ഷോയില്‍ 70 ക്യാമറകളുടെ മുന്നിലാണ് നിങ്ങള്‍ നില്‍ക്കുന്നതെന്നും നിങ്ങള്‍ പറയുന്നത് കേള്‍ക്കാനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണെന്നും ഓര്‍മ്മിപ്പിച്ചാണ് മോഹന്‍ലാല്‍ ഈ വിഷയത്തിലുള്ള ചര്‍ച്ച അവസാനിപ്പിച്ചത്.
ALSO READ : ബിഗ് സ്ക്രീനില്‍ വീണ്ടും പുതുമയുമായി മമ്മൂട്ടി; പ്രഖ്യാപനം നാളെ