Bigg Boss : ബിഗ് ബോസ് വീട്ടില്‍ നിന്ന് അപ്രതീക്ഷിത വിടവാങ്ങല്‍, മത്സരാര്‍ഥികള്‍ ഷോക്കില്‍
വളരെ സങ്കടകരമായ ഒരു കാര്യമാണ് എന്ന് പറഞ്ഞാണ് മോഹൻലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് കാഴ്‍ചകളിലേക്ക് ക്ഷണിച്ചത് ( Bigg Boss).
ബിഗ് ബോസ് വീട്ടില്‍ നിന്നുള്ള എവിക്ഷൻ പ്രഖ്യാപിക്കുന്ന ദിവസങ്ങളാണ് മോഹൻലാല്‍ വരുന്ന ശനിയാഴ്‍ചയും ഞായറാഴ്‍ചയും. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്തുപോകേണ്ട ആളെ തീരുമാനിക്കുക. എവിക്ഷനുള്ള പട്ടിക തയ്യാറാക്കുന്നത് മത്സരാര്‍ഥികളുടെ തന്നെയുള്ള നോമിനേഷന്റെ അടിസ്ഥാനത്തിലും. എന്നാല്‍ ഇന്ന് വളരെ അപ്രതീക്ഷിതമായി ഒരാള്‍ പടിയിറങ്ങുന്നത് കാണിച്ചുകൊണ്ടാണ് ബിഗ് ബോസ് എപ്പിസോഡ് തുടങ്ങിയത് ( Bigg Boss).
കഴിഞ്ഞ ദിവസം വെള്ളിയാഴ്‍ച ബിഗ് ബോസ് വീട്ടില്‍ അപ്രതീക്ഷിതമായ ഒരു വിടവാങ്ങല്‍ സംഭവിച്ചുവെന്ന് മോഹൻലാല്‍ തന്നെ തുടക്കത്തില്‍ പറഞ്ഞു. നമ്മളെ സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമായ ഒരു കാര്യമാണ് അത്. എന്താണ് സംഭവിച്ചത് എന്ന് നോക്കാമെന്ന് പറഞ്ഞ് മോഹൻലാല്‍ ബിഗ് ബോസ് വീട്ടിലെ കാഴ്‍ചകളിലേക്ക് ക്ഷണിച്ചു. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മണികണ്ഠനെ ബിഗ് ബോസ് കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിക്കുന്നതായിരുന്നു ആദ്യം കണ്ടത്.
കണ്‍ഫെഷൻ റൂമിലേക്ക് എത്തിയ മണികണ്ഠനോട് ബിഗ് ബോസ് അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് പറയുകയായിരുന്നു. മണികണ്ഠൻ നിങ്ങളുടെ വീട്ടില്‍ നിന്ന് നിങ്ങളുടെ ഡോക്ടറായ ആര്‍കെ പ്രഭുവില്‍ നിന്ന് ഒരു പ്രിസ്‍ക്രിപ്ഷൻ അയച്ചുതന്നിരുന്നു. പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധയും ഡയറ്റും മരുന്നും വിശ്രമവും അത്യാവശ്യമാണ്. ദിവസവും നാല് നേരവുമുള്ള പ്രമേഹ പരിശോധനയും അതിനുശേഷമുള്ള ഇൻസുലിൻ കുത്തിവയ്‍പ്പുമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ വീട്ടിലെ മുന്നോട്ടുള്ള യാത്രയില്‍ കഠിനമായ മത്സരങ്ങളും കൃത്യമായ ഭക്ഷണ ക്രമവും പിന്തുടരാൻ പറ്റാത്ത സാഹചര്യങ്ങളും ഇവിടെ ഉണ്ടായേക്കാം. ഈ അവസ്ഥയില്‍ ഈ ഷോയില്‍ തുടരുന്നതിനേക്കാള്‍ നിങ്ങളുടെ ആരോഗ്യത്തിന് അഭികാമ്യം കൃത്യമായി ഇതെല്ലാം ചെയ്യാൻ സാഹചര്യം ലഭിക്കുന്ന സ്വന്തം വീട്ടില്‍ നില്‍ക്കുന്നതായിരിക്കും. കാരണം നിങ്ങളുടെ ആരോഗ്യം ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. അതുകൊണ്ട് പ്രത്യേക ശ്രദ്ധ ആവശ്യമായ താങ്കളുടെ ആരോഗ്യപ്രശ്‍നങ്ങള്‍ കണക്കിലെടുത്ത് അത് പരിപാലിക്കുന്നതും വിശ്രമിക്കുന്നതുമാണ് ഉചിതമെന്ന് ഞങ്ങള്‍ മനസിലാക്കുന്നു.നിങ്ങള്‍ എന്തുപറയുന്നുവെന്നും ബിഗ് ബോസ് ചോദിച്ചു.
ബിഗ് ബോസ് എന്തു പറഞ്ഞാലും അനുസരിക്കാം എന്നായിരുന്നു മണികണ്ഠന്റെ മറുപടി. നിങ്ങള്‍ മികച്ച ഒരു മത്സരാര്‍ഥിയാണ്. ചില സാഹചര്യങ്ങള്‍ ചില ഘട്ടങ്ങളില്‍ നമ്മെ പിന്തുണയ്‍ക്കാറില്ല. അത് നിങ്ങളെ പോലെ പക്വതയുള്ള ഒരു മനുഷ്യന് വ്യക്തമാകുമെന്ന് ഞങ്ങള്‍ കരുതുന്നുവെന്ന് ബിഗ് ബോസ് അറിയിച്ചു.ഇങ്ങനെ ഒരു ഷോയില്‍ പങ്കെടുക്കാൻ പറ്റിയതില്‍ സന്തോഷവാനാണ് എന്ന് മണികണ്ഠൻ പറഞ്ഞു. മോഹൻലാലിന്റെ അടുത്തുനില്‍ക്കാൻ തനിക്ക് കഴിഞ്ഞു. ലോകം മുഴുവൻ ആഗ്രഹിക്കുന്ന, എല്ലാ മലയാളികളും സ്വപ്‍നം കാണുന്ന ഒരു ഷോയില്‍ കുറച്ച് ദിവസമെങ്കിലും പങ്കെടുക്കാൻ പറ്റി. പക്ഷേ ആരോഗ്യം ഒരു പ്രശ്‍നമാണ്. തീര്‍ച്ചയായും തനിക്ക് സന്തോഷമേയുള്ളൂവെന്നും മണികണ്ഠൻ പറഞ്ഞു. രോഗാവസ്ഥ ആരുടെയും ഒരു തെറ്റല്ല. അതുകൊണ്ടാണ് നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയൊക്കെ സംഭവിക്കേണ്ടി വന്നത്. എല്ലാ വിധ ആശംസകളും നേരുന്നുവെന്നും പറഞ്ഞ് ബിഗ് ബോസ് മണികണ്ഠനെ പുറത്തേക്കുള്ള വഴി പറഞ്ഞുകൊടുത്തു.
ബിഗ് ബോസ് മത്സരാര്‍ഥികളെയും ഇക്കാര്യം അറിയിച്ചു. ബ്ലസ്‍ലി അടക്കമുള്ളവരുടെ ശരീരഭാഷയില്‍ മണികണ്ഠന്റെ പുറത്താകലിലെ സങ്കടം വ്യക്തമാകുന്നുണ്ടായിരുന്നു. ഒരു ഗുഡ് ബൈ പോലും പറയാനായില്ലല്ലോ എന്നായിരുന്നു അപര്‍ണയുടെ സങ്കടം. ആരോഗ്യരംഗം ടാസ്‍ക് പെട്ടെന്ന് തീര്‍ത്തത് മണികണ്ഠന്റെ ആരോഗ്യകാരണങ്ങളാകാം എന്നും ചര്‍ച്ചകള്‍ വന്നു. ബിഗ് ബോസിന്റെ നിര്‍ദ്ദേശാനുസരണം നവീൻ മണികണ്ഠന്റെ വസ്‍ത്രങ്ങള്‍ സ്റ്റോര്‍ റൂമില്‍ കൊണ്ടുവയ്‍ക്കുകയും ചെയ്‍തു.
മണികണ്ഠന്റെ ആരോഗ്യവും അദ്ദേഹത്തിന്റെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരവും ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു തീരുമാനത്തിലെത്തേണ്ടി വന്നുവെന്ന് മോഹൻലാലും പറഞ്ഞു. ബിഗ് ബോസിലെ ഡോക്ടര്‍മാരും അങ്ങനെ തന്നെയാണ് പറയുന്നത്, അദ്ദേഹത്തിന് വിശ്രമം വളരെ ആവശ്യമാണ്. തുടര്‍ന്ന് അങ്ങോട്ടുള്ള ഷോയില്‍ വളരെ ഫിസിക്കലായ കഠിനമായ ടാസ്‍ക് വരാൻ സാധ്യതയുണ്ട്. അതിനാല്‍ അദ്ദേഹവും അത് തന്നെയാണ് ആവശ്യപ്പെട്ടത് എന്നും മോഹൻലാല്‍ പറഞ്ഞു.