അഖില്‍, ജുനൈസ്, നാദിറ; പൊട്ടിച്ചിരിപ്പിച്ച് മഹേഷിന്‍റെ ബിഗ് ബോസ് മിമിക്രി
സീസണ്‍ 5 ഒന്‍പതാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്
മിമിക്രി വേദികളില്‍ പല കാലങ്ങളിലായി മലയാളികളെ വിസ്‍മയിപ്പിച്ച നിരവധി പേരുണ്ട്. ഒരുകാലത്ത് മിമിക്രി വേദിയില്‍ സജീവമായിരുന്നവരില്‍ പലരും മലയാള സിനിമയില്‍ ഇന്ന് പ്രതിഭ തെളിയിച്ച അഭിനേതാക്കളും താരങ്ങളുമാണ്. മലയാളിയുടെ ഈ മിമിക്രി പാരമ്പര്യത്തിന് ഒത്ത അവകാശിയായി പുതുകാലത്ത് ഒരു കലാകാരനുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഏറ്റവും വൈറല്‍ ആയ നിരവധി ശബ്ദാനുകരണങ്ങള്‍ നടത്തിയിട്ടുള്ള മഹേഷ് കുഞ്ഞുമോന്‍ ആണ് ആ കലാകാരന്‍. ഇപ്പോഴിതാ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ചില മത്സരാര്‍ഥികളെ അനുകരിച്ച് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മഹേഷ്.
സീസണ്‍ 5 ല്‍ നിലവില്‍ മത്സരിക്കുന്ന ജുനൈസ്, സാഗര്‍, വിഷ്ണു, റിനോഷ്, മിഥുന്‍, ഷിജു, നാദിറ, അഖില്‍ എന്നിവരെയും സീസണ്‍ 4 മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനെയുമാണ് മഹേഷ് അനുകരിച്ചിരിക്കുന്നത്. വെറും ശബ്ദാനുകരണം എന്നതിനപ്പുറം ബിഗ് ബോസ് ഹൗസിലെ ഓരോ മത്സരാര്‍ഥിയുടെയും പെരുമാറ്റവും മനോഭാവവും വാക്കുകളുടെ ഉപയോഗത്തിലെ സവിശേഷതയുമൊക്കെ ചേര്‍ന്നതാണ് മഹേഷിന്‍റെ അവതരണം. മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒന്‍പതാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ വാരത്തിലെ നോമിനേഷന്‍ തെരഞ്ഞെടുപ്പ് ഇന്നലെ ആയിരുന്നു. കണ്‍ഫെഷന്‍ റൂമിലേക്ക് ഗ്രൂപ്പുകളായി വിളിച്ച് ഓരോ ഗ്രൂപ്പില്‍ നിന്നും ഒരാളെ വീതം തെരഞ്ഞെടുക്കാന്‍ മത്സരാര്‍ഥികളോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഏറ്റവും കരുത്തരായ മത്സരാര്‍ഥികളാണ് നോമിനേഷനില്‍ ഇക്കുറി എത്തിയിരിക്കുന്നത്. അഖില്‍, റിനോഷ്, വിഷ്ണു, ജുനൈസ്, ശോഭ, സാഗര്‍ എന്നിങ്ങനെ ആറ് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.
ALSO READ : ഇത് ചരിത്രം! മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയി '2018', 'പുലിമുരുകനെ' മറികടന്നു