Bigg Boss : തെറ്റായാലും ശരിയായാലും അഭിപ്രായങ്ങള്‍ ഉറക്കെപ്പറഞ്ഞ ലക്ഷ്‍മി പ്രിയ
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ സ്വന്തം അഭിപ്രായങ്ങള്‍ ഉറക്കെപ്പറഞ്ഞ മത്സരാര്‍ഥി (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ പ്രത്യേകതയായിരുന്നു ശക്തരായ സ്‍ത്രീ മത്സരാര്‍ഥികള്‍. ഈ സീസണിന്റെ ആദ്യ എപ്പിസോഡുകളില്‍ കളം നിറഞ്ഞതും സ്‍ത്രീ മത്സരാര്‍ഥികളായിരുന്നു. ഇത്തവണത്തെ ബിഗ് ബോസിന്റെ തുടക്കം മുതലേ ശ്രദ്ധ നേടിയ ഒരു മത്സരാര്‍ഥിയാണ് ലക്ഷ്‍മി പ്രിയ. സ്വയം ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ ഉറക്കെ പറയാൻ മടികാട്ടാതിരുന്നതിനാലാണ് ഫൈനല്‍ സിക്സില്‍ ലക്ഷ്‍മി പ്രിയയും ഇടംപിടിച്ചത് (Bigg Boss).
തുടക്കത്തിലേ കളം നിറഞ്ഞു
ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ തുടക്കത്തിലേ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാൻ ലക്ഷ്‍മി പ്രിയയ്‍ക്ക് കഴിഞ്ഞിരുന്നു. നല്ലതുപോലെ സംസാരിക്കാനുള്ള കഴിവാണ് ലക്ഷ്‍മി പ്രിയയെ തുടക്കത്തില്‍ ശ്രദ്ധേയയാക്കിയത്. പക്ഷേ ലക്ഷ്‍മി പ്രിയ മറ്റാരെയും സംസാരിക്കാൻ അനുവദിക്കാത്ത രീതിയിലാണ് പെരുമാറുന്നത് എന്ന് ആക്ഷേപം കേള്‍ക്കുകയും ചെയ്‍തു. സുചിത്രയെ പോലുള്ളവര്‍ ആദ്യ എപ്പിസോഡുകളില്‍ തന്നെ ലക്ഷ്‍മി പ്രിയയ്‍ക്ക് എതിരെ പരാതിയുമായി രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. ക്യാപ്റ്റനല്ലാഞ്ഞിട്ടും ലക്ഷ്‍മി പ്രിയ മറ്റുള്ളവര്‍ക്ക് മേല്‍ അധികാര ഭാവം കാട്ടുന്നുവെന്നായിരുന്നു സുചിത്രയുടെ ആക്ഷേപം. മറ്റ് പലര്‍ക്കും ഇതേ ആക്ഷേപം ലക്ഷ്‍മി പ്രിയയ്‍ക്ക് നേരെ ഉണ്ടായിരുന്നു. അടുക്കളയിലെ അടക്കമുള്ള ജോലികള്‍ താൻ മാത്രമാണ് ചെയ്യുന്നത് എന്ന് വരുത്തിതീര്‍ക്കുന്ന ആളാണ് ലക്ഷ്‍മി പ്രിയയെന്നും വാദങ്ങള്‍ വന്നു. എന്തായാലും മറ്റുള്ളവരുടെ സംസാരങ്ങളില്‍ ഇടംപിടിക്കാൻ ലക്ഷ്‍മി പ്രിയയ്‍ക്ക് ബിഗ് ബോസിന്റെ തുടക്കത്തിലേ സാധിച്ചിരുന്നു.
ആര്‍ട്ടിസ്റ്റുകളുടെ കോക്കസ്
ആര്‍ടിസ്‍റ്റുകളുടെ കോക്കസ് ഉണ്ടാക്കി എന്ന ആരോപണവും ലക്ഷ്‍മി പ്രിയയ്ക്ക നേരെ വന്നിരുന്നു. പരദൂഷണക്കാരി, കള്ളം പറയുന്നയാള്‍ തുടങ്ങിയ ആക്ഷേപങ്ങളൊക്കെ ലക്ഷ്‍മി പ്രിയ നേരിട്ടിരുന്നു. ലക്ഷ്‍മി പ്രിയ സ്‍നേഹം കാണിക്കുന്നതുവരെ ഗെയിമിന്റെ ഭാഗമായിട്ടാണ് എന്ന് വാദങ്ങള്‍ ഉയര്‍ന്നു. സഹ മത്സരാര്‍ഥികളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുകള്‍ വരുമ്പോഴും കാര്യങ്ങള്‍ വിശദീകരിച്ച് തനിക്ക് അനുകൂലമാക്കാൻ ലക്ഷ്‍മി പ്രിയയ്‍യക്ക് ഒരു പരിധി വരെ സാധിച്ചിരുന്നു. ഫിസിക്കല്‍ ടാസ്‍കിലായാലും കലാപരമായ ടാസ്‍കിലായാലും ആക്റ്റിവിറ്റികളിലായാലും കൃത്യമായ ഇടപെടലുകള്‍ നടത്തിയത് ലക്ഷ്‍മി പ്രിയയെ എപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധയില്‍ നിര്‍ത്തി. ഗ്രൂപ്പുകളുടെ ഭാഗമാകാൻ ശ്രമിക്കുമ്പോള്‍ പോലും ഒറ്റപ്പെടേണ്ടി വന്നിരുന്നു ലക്ഷ്‍മി പ്രിയയ്‍ക്ക്. പക്ഷേ സ്വന്തം കാര്യങ്ങള്‍ ഉറക്കെ വിളിച്ചുപറയാൻ അതൊന്നും ലക്ഷ്‍മി പ്രിയയയ്‍ക്ക് തടസ്സമായേയില്ല.
ചോദ്യം ചെയ്യപ്പെട്ട വാദങ്ങള്‍
നടിയെന്ന നിലയില്‍ മാത്രമല്ല തന്നെ ഒരു എഴുത്തുകാരിയും സാമൂഹ്യ സാംസ്‍കാരിക കാര്യങ്ങളില്‍ ഉറക്കെ അഭിപ്രായം പറയുന്ന ഒരാളായിട്ടാണ് ലക്ഷ്‍മി പ്രിയ സ്വയം അവതരിപ്പിച്ചിരുന്നത്. പക്ഷേ പലപ്പോഴും സാമൂഹ്യക വിഷയങ്ങളില്‍ ലക്ഷ്‍മി പ്രിയ നടത്തുന്ന അഭിപ്രായങ്ങള്‍ കാലോചിതമല്ലെന്ന് മത്സരാര്‍ഥികള്‍ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്‍തു. പ്രേക്ഷകരും ലക്ഷ്‍മി പ്രിയയുടെ നിലപാടുകള്‍ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരുന്നു. കുലസ്‍ത്രീ, ഫെമിനിസം തുടങ്ങിയ വിഷയങ്ങളില്‍ ലക്ഷ്‍മി പ്രിയയുടെ വാദങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ സ്വയം ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ നിന്ന് പിൻമാറാൻ തയ്യാറായില്ല എന്നിടത്താണ് ലക്ഷ്‍മി പ്രിയ ശക്തയായ മത്സരാര്‍ഥിയായി മാറിയതും.
ലക്ഷ്‍മി പ്രിയയ്‍ക്കെതിരെ റിയാസ്
വൈല്‍ഡ് കാര്‍ഡ് എൻട്രിയായി റിയാസ് കൂടെ വന്നതോടെ ലക്ഷ്‍മി പ്രിയയുടെ ആശയങ്ങള്‍ കൃത്യമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ബ്ലസ്‍ലിയും ലക്ഷ്‍മി പ്രിയയ്‍ക്ക് എതിരെ പലപ്പോഴും രംഗത്ത് വന്നിരുന്നു. ലക്ഷ്‍മി പ്രിയയ്‍ക്ക് എതിരെ നേര്‍ക്കുനേര്‍ റിയാസ് മത്സരം തുടങ്ങിയതോടെ പലപ്പോഴും ബിഗ് ബോസ് സംഘര്‍ഷമായി. ലക്ഷ്‍മി പ്രിയയുടെ മാനറിസങ്ങള്‍ റിയാസ് അനുകരിച്ചതാണ് കലഹങ്ങള്‍ രൂക്ഷമാകാൻ കാരണമായത്. തുടര്‍ന്ന് ലക്ഷ്‍മി പ്രിയയും റിയാസിനെ അനുകരിക്കാൻ തുടങ്ങി. അതുപക്ഷേ കേവലം തമാശയായുള്ള അനുകരണങ്ങളില്‍ നിന്ന് മാറി പരിഹാസത്തിലേക്ക് മാറിയെന്ന് മോഹൻലാലിന് തന്നെ സൂചിപ്പിക്കേണ്ടിയും വന്നത് ലക്ഷ്‍മി പ്രിയയ്‍ക്ക് തിരിച്ചടിയായിരുന്നു.
അടിപതറാത്ത ലക്ഷ്‍മി പ്രിയ
ഒരിക്കല്‍ പോലും ക്യാപ്റ്റനാകാതിരുന്ന ഒരു മത്സരാര്‍ഥിയാണ് ലക്ഷ്‍മി പ്രിയ. ഒരുപക്ഷേ ഏറ്റവും അധികം തവണ എലിമിനേഷൻ പട്ടികയില്‍ വന്ന മത്സരാര്‍ഥിയും. എന്നിട്ടും അടിപതറാതെ മുന്നോട്ടുപോകാനായത് ലക്ഷ്‍മി പ്രിയയുടെ മത്സരബുദ്ധി ഒന്നുകൊണ്ടു മാത്രമാണ്. ഒരു വിഭാഗം പ്രേക്ഷകരുടെ പിന്തുണ ലക്ഷ്‍മി പ്രിയയ്‍ക്ക് നിര്‍ലോഭം ലഭിച്ചിരുന്നുവെന്ന് വേണം കരുതാൻ. ടൈറ്റില്‍ വിന്നര്‍ എന്ന സ്ഥാനത്തേയ്‍ക്ക് ലക്ഷ്‍മി പ്രിയയുടെ പേര് ആരും പ്രവചിക്കുന്നില്ലെങ്കിലും ബിഗ് ബോസ് സീസണ്‍ നാല് കണ്ട കരുത്തയായ മത്സരാര്‍ഥി തന്നെയാണ് ലക്ഷ്‍മി പ്രിയ. ഒന്നാമത് എത്തിയില്ലെങ്കിലും ലക്ഷ്‍മി പ്രിയ ഏറ്റവും പിന്നിലാകില്ല എന്ന് അവരുടെ ആരാധകര്‍ തീര്‍ച്ചപ്പെടുത്തുന്നുണ്ട്.
Read More : വന്നു, കണ്ടു, കീഴടക്കി; ചരിത്രം വഴിമാറുമോ റിയാസിനു മുന്നിൽ?