'ഞാന്‍ ചിരിച്ചുകൊണ്ടാണ് പോവുന്നത്'; സഹമത്സരാര്‍ഥികളോട് യാത്ര ചോദിച്ച് ലച്ചു
"ഇത്രയും ദിവസം എനിക്ക് ഇവിടെവന്ന് നില്‍ക്കാന്‍ പറ്റി. ലാലേട്ടനെ കാണാന്‍ പറ്റി"
ബിഗ് ബോസ് മലയാളം സീസണില്‍ വോട്ടിംഗിലൂടെ അല്ലാതെ പുറത്ത് പോകുന്ന മത്സരാര്‍ഥിയാണ് ലച്ചു എന്ന ഐശ്വര്യ സുരേഷ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാന്‍ ആണ് ഇത്തരത്തില്‍ ആദ്യം ഹൗസ് വിട്ട മത്സരാര്‍ഥി. എന്നാല്‍ ഹനാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഹൗസില്‍ ഉണ്ടായിരുന്നതെങ്കില്‍ ഒരു മാസം പൂര്‍ത്തിയാക്കിയാണ് ലച്ചു മടങ്ങുന്നത്. ആരോഗ്യ കാരണങ്ങളാലാണ് ലച്ചു പുറത്തേക്ക് പോകുന്നത്. ബിഗ് ബോസിന്‍റേതാണ് തീരുമാനം.
ലക്ഷ്വറി ബജറ്റ് അനുസരിച്ചുള്ള ഭക്ഷ്യവസ്തുക്കള്‍ സ്വന്തമാക്കാന്‍ ബിഗ് ബോസ് ഇന്നൊരു രസകരമായ ടാസ്ക് നല്‍കിയിരുന്നു. അതില്‍ ലച്ചുവും പങ്കെടുത്തിരുന്നു. അതിനു പിന്നാലെ ലച്ചുവിന് ഛര്‍ദ്ദിയും കഠിനമായ തലവേദനയും ഉണ്ടാവുകയായിരുന്നു. ലച്ചുവിന്‍റെ ആവശ്യപ്രകാരം മെഡിക്കല്‍ റൂം ബിഗ് ബോസ് ടീം തുറന്ന് നല്‍കി. അവിടുത്തെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു പിന്നാലെയാണ് ലച്ചു വീട്ടിലേക്ക് പോയി കൂടുതല്‍ ചികിത്സ തേടുന്നതാണ് നല്ലതെന്ന തീരുമാനം ബിഗ് ബോസ് സ്വീകരിച്ചത്. ലച്ചു വീട്ടിലേക്ക് എത്തി അല്‍പസമയം കഴിഞ്ഞ് മുഴുവന്‍ മത്സരാര്‍ഥികളെയും ഹാളില്‍ വിളിച്ചിരുത്തി ബിഗ് ബോസ് തീരുമാനം പറഞ്ഞു.
"ലച്ചുവിന്‍റെ ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ഇത് ഈ ബിഗ് ബോസ് വീട്ടിലെ ലച്ചുവിന്‍റെ അവസാന ദിവസമാണ്. ലച്ചു ഒരു നല്ല മത്സരാര്‍ഥി ആയിരുന്നു. പക്ഷേ ഏതൊരു മനുഷ്യനും ആരോഗ്യമാണ് പരമപ്രധാനം. അതുകൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞ് കണ്‍ഫെഷന്‍ റൂം വഴി പുറത്ത് പോകാവുന്നതാണ്", ബിഗ് ബോസ് പറഞ്ഞു. "ഇതുവരെയുള്ള ഈ ബിഗ് ബോസ് വീട്ടിലെ ദിനങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ലച്ചുവിന് മറ്റുള്ളവരോട് ആവശ്യമെങ്കില്‍ ഇപ്പോള്‍ സംസാരിക്കാവുന്നതാണ്. ഈ ഓര്‍മ്മകള്‍ ആയിരിക്കും നിങ്ങളുടെ മനസിലും പ്രേക്ഷകരുടെ മനസിലും എന്നെന്നും നിലനില്‍ക്കുക" എന്നും ബിഗ് ബോസ് കൂട്ടിച്ചേര്‍ത്തു.
എല്ലാവരെയും ഹഗ് ചെയ്തതിനു ശേഷം ലച്ചു സംസാരിച്ചു- "ഇത്രയും ദിവസം എനിക്ക് ഇവിടെവന്ന് നില്‍ക്കാന്‍ പറ്റി. ലാലേട്ടനെ കാണാന്‍ പറ്റി. ഞാന്‍ ചെറുപ്പം തൊട്ട് ലാലേട്ടന്‍റെ സിനിമകള്‍ കണ്ട് വളര്‍ന്ന വ്യക്തിയാണ്. ആ ലാലേട്ടനെ കാണാന്‍ പറ്റി, ഉമ്മ കിട്ടി, കെട്ടിപ്പിടിക്കാന്‍ പറ്റി, കൈനീട്ടം കിട്ടി. ഇതിനേക്കാള്‍ വലുത് എന്താണ്. ഇത്രയും വലിയ പ്ലാറ്റ്ഫോമില്‍ എത്തിപ്പെടാന്‍ പറ്റി. ഇതൊക്കെ ഞാന്‍ വലിയ ഭാഗ്യമായിട്ട് കാണുന്നു. എനിക്ക് ഇത്രയും അടിപൊളിയായിട്ടുള്ള ചേട്ടന്മാരെയും ചേച്ചിമാരെയും കിട്ടി. ഫാമിലിയെ കിട്ടി. അതില്‍ ഒത്തിരി സന്തോഷമുണ്ട് എനിക്ക്. കുറേ കാര്യങ്ങള്‍ ഞാന്‍ മിസ് ചെയ്യാന്‍ പോകുന്നുണ്ട്. ഇവിടെ നിന്ന് പോകുമ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ടായിരിക്കും പോവുന്നത്. നിങ്ങളും ചിരിച്ചുകൊണ്ട് പോവുക. ഇനിയുള്ള ഗെയിം മൊത്തം നിങ്ങള്‍ അടിപൊളിയായി കളിക്കുക. ഞാന്‍ കാണുന്നുണ്ടാവും പുറത്തുനിന്ന്. നിങ്ങളെ സപ്പോര്‍ട്ടും ചെയ്യുന്നുണ്ടാവും. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും", ലച്ചു പറഞ്ഞു.
ALSO READ : ബജറ്റ് 8917 കോടി രൂപ! അവതാര്‍ 2 നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എത്ര?