'ഫൂള്‍' ആക്കാന്‍ ശ്രമിച്ചവരെ മലര്‍ത്തിയടിച്ച ജിന്‍റോ; പരിഹാസങ്ങള്‍ക്ക് മറുപടി പറഞ്ഞ മസില്‍മാന്‍

മണ്ടന്‍ എന്ന് പലരും വിളിച്ച് പരിഹസിച്ചിടത്തുനിന്ന് ഫൈനല്‍ ഹീറോ ആവാനുള്ള സാധ്യതയിലേക്ക് ജിന്‍റോ വഴി വെട്ടിയത് പ്രേക്ഷകരുടെ കണ്‍മുന്നിലാണ്

jinto bigg boss malayalam season 6 review

മത്സരാര്‍ഥികളിലെ കഠിനാധ്വാനികള്‍ ആരൊക്കെയാണ്? ഫിനാലെ വീക്ക് എത്തുന്നതിന് മുന്‍പ് മത്സരാര്‍ഥികളെക്കുറിച്ച് വിലയിരുത്താന്‍ ബിഗ് ബോസ് ഒരു അവസരം നല്‍കിയപ്പോള്‍ കഠിനാധ്വാനികളുടെ കൂട്ടത്തില്‍ ഏറിയപങ്കും പറഞ്ഞ പേര് ജിന്‍റോയുടേത് ആയിരുന്നു. ജിന്‍റോയോളം കഷ്ടപ്പെട്ട് പണിയെടുത്തിട്ടുള്ള ഒരാള്‍ ഈ സീസണില്‍ അപൂര്‍വ്വമാണെന്ന് സഹമത്സരാര്‍ഥികള്‍ക്ക് അറിയാം. മണ്ടന്‍ എന്ന് പലരും വിളിച്ച് പരിഹസിച്ചിടത്തുനിന്ന് ഫൈനല്‍ ഹീറോ ആവാനുള്ള സാധ്യതയിലേക്ക് ജിന്‍റോ വഴി വെട്ടിയത് പ്രേക്ഷകരുടെ കണ്‍മുന്നിലാണ്. ഈ സീസണില്‍ മിക്ക മത്സരാര്‍ഥികള്‍ക്കും ഇല്ലാതിരുന്ന ചില ചേരുവകള്‍ ജിന്‍റോയില്‍ പാകത്തിന് ഉണ്ടായിരുന്നു. പ്രേക്ഷകപ്രീതിയിലേക്ക് ഈ ബോഡി ബില്‍ഡര്‍ നടന്നുകയറിയത് ഏതൊക്കെ വഴികളിലൂടെയെന്ന് നോക്കാം.

'മസിലളിയന്‍'

ബിഗ് ബോസ് മലയാളം സീസണുകളിലെ ഒരു സ്ലോട്ട് ആണ് ബോഡി ബില്‍ഡറുടേത്. ഈ മേഖലയിലുള്ള ചില മത്സരാര്‍ഥികള്‍ മുന്‍പും ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും അവരൊന്നും ജിന്‍റോയോളം മുന്നോട്ടുപോയിട്ടില്ല. രതീഷ് കുമാറും റോക്കിയുമൊക്കെ ബഹളമയമാക്കിയ ആദ്യ വാരങ്ങളില്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നു മറ്റ് മത്സരാര്‍ഥികളെപ്പോലെ ജിന്‍റോയും. ഏത് റൂട്ട് പിടിക്കണമെന്ന കണ്‍ഫ്യൂഷന്‍. ജാന്‍മോണി ഗ്യാസ് സ്റ്റൗവില്‍ നിന്ന് സിഗരറ്റ് കൊളുത്തിയത് രതീഷ് കുമാര്‍ പ്രശ്നമാക്കിയതിന്‍റെ ചുവട് പിടിച്ച് ജിന്‍റോയും ചില്ലറ കാര്യങ്ങള്‍ വലിയ വിമര്‍ശനമായി അവതരിപ്പിച്ചിരുന്നു. ഉദാഹരണത്തിന് യമുന ഇട്ട ചായ കൊള്ളില്ലെന്നും തനിക്ക് നല്ല ചായ വേണമെന്നുമൊക്കെ ഗൗരവസ്വരത്തില്‍ പറയുന്ന ജിന്‍റോയെ പ്രേക്ഷകര്‍ തുടക്കത്തില്‍ കണ്ടു. അതേസമയം എതിര്‍വാദങ്ങള്‍ വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജിന്‍റോ നന്നേ വിയര്‍ത്തു. ഓരോ വാക്കുകളില്‍ സഹമത്സരാര്‍ഥികളെ വിശേഷിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മണ്ടന്‍ എന്ന ടാഗ് ഏറ്റവുമധികം ലഭിച്ചത് ജിന്‍റോയ്ക്ക് ആയിരുന്നു.  കാര്യഗൗരവമില്ലാത്ത മസില്‍മാന്‍ ഇന്ന ഇമേജ് ആയിരുന്നു ജിന്‍റോയ്ക്ക് തുടക്കത്തില്‍. 

jinto bigg boss malayalam season 6 review

 

അഭിനേതാവ്, നര്‍ത്തകന്‍

പ്രേക്ഷകരെ കാര്യമായി എന്‍റര്‍ടെയ്ന്‍ ചെയ്ത മത്സരാര്‍ഥികള്‍ കുറവായ സീസണാണ് ഇത്. ആ ഗ്യാപ്പ് തന്‍റെ രീതിയില്‍ നികത്താന്‍ ജിന്‍റോയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. കഥാപാത്രങ്ങളായി മാറേണ്ട ഒരു ടാസ്കിന് മുന്‍പ് ബാത്ത്റൂം ഏരിയയില്‍ വന്ന് കണ്ണാടിയില്‍ സ്വന്തം മുഖം നോക്കി ഭാവാഭിനയം പ്രാക്റ്റീസ് ചെയ്യുന്ന ജിന്‍റോ ഈ സീസണിലെ രസകരമായ നിമിഷങ്ങളില്‍ ഒന്നാണ്. അപ്സര പുറത്ത് വന്ന് വിളിക്കുമ്പോഴത്തെ ജിന്‍റോയുടെ പ്രതികരണവും എല്ലാം ചേര്‍ത്താണ് ഇയാളിലെ നിഷ്കളങ്കതയുടെ അംശം പ്രേക്ഷകര്‍ മനസിലാക്കുന്നത്. പിന്നീടങ്ങോട്ട് ജിന്‍റോയില്‍ നിന്ന് നെഗറ്റീവ് ആയ ചില കാര്യങ്ങള്‍ സംഭവിച്ചപ്പോഴും അയാളെ താങ്ങിനിര്‍ത്തിയത് ഇതെല്ലാം ചേര്‍ന്ന പ്രതിച്ഛായ ആയിരുന്നു. കൂടാതെ തനിക്ക് അറിയാത്ത മേഖലകളിലെ പ്രകടനങ്ങള്‍ക്ക് ജിന്‍റോ നടത്തിയ പരിശ്രമങ്ങളും ലഭിച്ച റിസള്‍ട്ടുമൊക്കെ പ്രേക്ഷകപ്രീതി വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ജിന്‍റോയില്‍ ഒളിഞ്ഞുകിടന്ന നര്‍ത്തകനെ പുറത്തെത്തിച്ചത് അപ്സര ആയിരുന്നു. കിച്ചണ്‍ ഏരിയയില്‍ തമാശ മട്ടില്‍ ആരംഭിച്ച ചില സ്റ്റെപ്പുകള്‍ വീക്കെന്‍ഡ് എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ പലവട്ടം അഭിനന്ദിക്കുന്ന തലത്തിലേക്ക് എത്തി. വിജയത്തിനായുള്ള അടങ്ങാത്ത ദാഹമാണ് ഈ സീസണിലെ മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് ജിന്‍റോയെ പ്രധാനമായും വേറിട്ടുനിര്‍ത്തുന്നത്. സാധ്യമായ എല്ലാ വഴികളിലൂടെയും അയാള്‍ വിജയത്തിനായി ശ്രമിച്ചുകൊണ്ടേയിരുന്നു.

കള്ളം പറയുന്ന ജിന്‍റോ

ബി​ഗ് ബോസ് ഹൗസില്‍ കള്ളം പറഞ്ഞ് പിടിച്ചുനില്‍ക്കല്‍ ഏറെ ദുഷ്കരമാണ്. എവിടെ തിരിഞ്ഞാലും ക്യാമറ ഉള്ളിടത്ത് കള്ളം പറഞ്ഞാല്‍ സഹമത്സരാര്‍ഥികള്‍ക്ക് മുന്നില്‍ തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ സാധിച്ചേക്കുമെങ്കിലും പ്രേക്ഷകര്‍ അത് കൈയോടെ പിടിക്കും. വീക്കെന്‍ഡ് എപ്പിസോഡുകളില്‍ വീഡ‍ിയോ പ്ലേ ചെയ്യുന്നത് ഇപ്പോള്‍ സാധാരണമാണെന്നതിനാല്‍ സഹമത്സരാര്‍ഥികളും വസ്തുത വൈകാതെ അറിയാം. കള്ളം പറയുന്ന ആള്‍ എന്ന ടാ​ഗ് സീസണ്‍ മുന്നോട്ട് പോകവെ ജിന്‍റോയ്ക്ക് ലഭിച്ചിരുന്നു. ഒരിക്കല്‍ സ്മോക്കിം​ഗ് ഏരിയയില്‍ കിടന്ന് ഉറങ്ങിയ സമയത്ത് ബി​ഗ് ബോസ് അതിന്‍റെ സൂചനയെന്നോണം പട്ടി കുരയ്ക്കുന്ന ശബ്ദം കേള്‍പ്പിച്ചു. മറ്റുള്ളവര്‍ കൈ ചൂണ്ടിയപ്പോഴും താനല്ല ഉറങ്ങിയതെന്നതില്‍ ജിന്‍റോ ഉറച്ചുനിന്നു. ഒടുവില്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ആ വീഡിയോ കാണിക്കുകയും ചെയ്തു. കള്ളം പറയുക എന്നത് മനുഷ്യര്‍ സ്വാഭാവികമായി ചെയ്യുന്ന കാര്യമാണെന്നും താന്‍ വിജയിക്കാനായി താന്‍ കള്ളം പറയാറുണ്ടെന്നും പിന്നീട് പലപ്പോഴായി ജിന്‍റോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്‍സിബ ഒരിക്കല്‍ ജിന്‍റോയെക്കുറിച്ച് പറഞ്ഞത് ഭൂരിഭാ​ഗം പ്രേക്ഷകരെ സംബന്ധിച്ചും ശരിയായിരുന്നു. വിമര്‍ശിക്കപ്പെടേണ്ട കാര്യങ്ങള്‍ ജിന്‍റോയില്‍ നിന്ന് പലപ്പോഴും ഉണ്ടാവാറുണ്ടെങ്കിലും അയാളെ വെറുക്കാന്‍ നമുക്ക് സാധിക്കില്ലെന്നായിരുന്നു അന്‍സിബ പറഞ്ഞത്. അത് സത്യവുമായിരുന്നു.

jinto bigg boss malayalam season 6 review

 

എപ്പോഴും കോണ്ടെന്‍റ്

ബി​ഗ് ബോസില്‍ മത്സരാര്‍ഥികള്‍ എപ്പോഴും അന്വേഷിക്കുന്ന ഒന്നാണ് ക്യാമറ സ്പേസ്. അതിനായി നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും പ്രേക്ഷകരില്‍ താല്‍പര്യക്കുറവും ഉണ്ടാക്കാറുണ്ട്. എന്നാല്‍ അത് ഈസിയായി ചെയ്ത ഒരാളായിരുന്നു ജിന്‍റോ. ഉള്ളടക്കം സൃഷ്ടിക്കാന്‍ ജിന്‍റോയ്ക്ക് ഒരിക്കലും പ്രയാസമുണ്ടായിരുന്നില്ല. സഹമത്സരാര്‍ഥികളിലെ എതിരാളികള്‍ക്കെതിരെ പ്രയോ​ഗിക്കാന്‍ ലഭിക്കുന്ന ഒരു ആയുധവും ജിന്‍റോ ഉപയോ​ഗിക്കാതെയിരുന്നില്ല. അത് പിന്നത്തേക്ക് കാത്തുവച്ചുമില്ല. അര്‍ധാവസരങ്ങള്‍ പോലും ഉപയോ​ഗിക്കുന്നതിനെ സഹമത്സരാര്‍ഥികള്‍ പലപ്പോഴും ട്രോള്‍ ചെയ്തിരുന്നു. ജിന്‍റോ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ ചിലത് ​ഗൗരവമുള്ളതും മറ്റു ചിലത് ​ഗൗരവമില്ലാത്തതുമായിരുന്നു. എന്നാല്‍ ഉന്നയിക്കുന്നത് ജിന്‍റോ ആയതിനാല്‍ കഴമ്പില്ലാത്തതിലും പ്രേക്ഷകര്‍ക്ക് രസിക്കാന്‍ ചിലത് ഉണ്ടായിരുന്നു. തനിക്ക് കിട്ടിയ ചായ കൊള്ളില്ലെന്ന് പറഞ്ഞുകൊണ്ടാണ് സ്വന്തം കോണ്ടെന്‍റ് മേക്കിം​ഗ് ജിന്‍റോ തുടങ്ങിയത്. ഒന്നും കിട്ടിയില്ലെങ്കില്‍ അടുക്കളയിലെ പാചകമോ ഭക്ഷണ വിതരണമോ സംബന്ധിച്ച് അതിന്‍റെ ഉത്തരവാദിത്തമുള്ളവരോട് ജിന്‍റോ വഴക്കുണ്ടാക്കി. അതിനൊക്കെ രസകരമായ ഒരു തലം ഉണ്ടായിരുന്നതിനാല്‍ എപ്പിസോഡുകളിലേക്ക് എത്തുകയും ചെയ്തു.

എതിരാളികള്‍

മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് കാര്യമായ ഭീഷണി നേരിട്ടില്ല എന്നത് ജിന്‍റോയ്ക്ക് ​ഗുണകരമായി ഭവിച്ച ഘടകമാണ്. വലിയ അധികാരം പ്രയോ​ഗിക്കുന്ന മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ ജിന്‍റോ നിഷ്പ്രഭനായിപ്പോവാറുണ്ടായിരുന്നു. റോക്കി പുറത്താക്കപ്പെട്ടതിന് ശേഷമാണ് ജിന്‍റോ ജനപ്രീതിയിലേക്ക് ഉയരുന്നത്. പിന്നീട് വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ സിബിന്‍ അധികാരം ഷാര്‍പ്പ് ആയി ഉപയോ​ഗിച്ച ആളായിരുന്നു. സിബിന്‍ പവര്‍ റൂമില്‍ എത്തിയ സമയത്ത് ജിന്‍റോ ആയിരുന്നു ക്യാപ്റ്റന്‍. പവര്‍ റൂമിന്‍റെ അധികാരത്തിന് വശംവദനായി നില്‍ക്കുന്ന ക്യാപ്റ്റന്‍ ആയിരുന്നു ജിന്‍റോ. ഇതിന്‍റെ പേരില്‍ സഹമത്സരാര്‍ഥികളില്‍ നിന്ന് ജിന്‍റോ വിമര്‍ശനവും കേട്ടിരുന്നു. ജിന്‍റോയെ സിബിന്‍ ബുദ്ധിപരമായി ഉപയോ​ഗിക്കുകയാണെന്ന വിമര്‍ശനവും വന്നിരുന്നു. സിബിന്‍റെ മടക്കവും ആ തരത്തില്‍ ജിന്‍റോയ്ക്ക് ​ഗുണകരമായി. തന്‍റെ എതിരാളിയായി ജിന്‍റോ കൂടുതല്‍ പറഞ്ഞ പേര് ജാസ്മിന്‍റേത് ആയിരുന്നു. അത് ജിന്‍റോയ്ക്ക് ​ഗുണമാവുകയും ചെയ്തു. 

jinto bigg boss malayalam season 6 review

 

പാലിച്ച പ്രതിജ്ഞ

ചില കാര്യങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ കഴിഞ്ഞ ആളാണ് ജിന്‍റോ. പ്രധാന കാര്യം ​ഗെയിമുകളില്‍ പങ്കെടുക്കുമ്പോള്‍ തന്‍റെ ഭാ​ഗത്തുനിന്ന് സഹമത്സരാര്‍ഥികള്‍ക്ക് ശാരീരികമായ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചുവെന്നതാണ്. താനൊരു ബോഡി ബില്‍ഡര്‍ ആണെന്ന ബോധ്യം ഫിസിക്കല്‍ ടാസ്കുകളില്‍ പങ്കെടുക്കുമ്പോഴും ജിന്‍റോ കൈവിട്ടില്ല. ഒരു ഫിസിക്കല്‍ അസോള്‍ട്ട് എന്‍റെ ഭാ​ഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. അത് ഞാന്‍ ഒരിക്കലും ചെയ്യില്ല, ജിന്‍റോ പലപ്പോഴും ഊന്നി പറഞ്ഞു. അത് ശരിയുമായിരുന്നു.

ALSO READ : കളിയുടെ ​ഗതി മാറിയത് ഇങ്ങനെയോ? സീസണ്‍ 6 ല്‍ ജയപരാജയങ്ങള്‍ നിര്‍ണയിച്ച നിമിഷങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios