12th Man : 'ട്വല്‍ത്ത് മാന്‍ കാണാനിരിക്കുന്നവരോട് ഒരു അപേക്ഷയുണ്ട്'; ബിഗ് ബോസ് വേദിയില്‍ ജീത്തു ജോസഫ്

20ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ്

jeethu joseph about 12th man and drisyam at bigg boss 4 mohanlal

മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അതിന്‍റെ എട്ടാം വാരത്തിലേക്ക് കടക്കുകയാണ്. അതിന് മുന്നോടിയായുള്ള വാരാന്ത്യ എപ്പിസോഡില്‍ ഒരു പ്രത്യേക അതിഥിയും എത്തിയിരുന്നു. സംവിധായകന്‍ ജീത്തു ജോസഫ് (Jeethu Joseph) ആയിരുന്നു അത്. ദൃശ്യം 2നു ശേഷം ജീത്തു ജോസഫും ഒന്നിക്കുന്ന ട്വല്‍ത്ത് മാനിന്റെ റിലീസ് ഈ മാസം 20ന് ആണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി മത്സരാര്‍ഥികള്‍ക്ക് ഒരു സ്പെഷല്‍ ടാസ്ക് നല്‍കിയിരുന്നു ബിഗ് ബോസ്. ട്വല്‍ത്ത് മാനിനെ കഥാപാത്രങ്ങളുടെ പേരുകള്‍ മത്സരാര്‍ഥികള്‍ക്ക് നല്‍കി ഒരു സാങ്കല്‍പിക മര്‍ഡര്‍ മിസ്റ്ററിക്ക് രൂപം നല്‍കുകയായിരുന്നു ബിഗ് ബോസ്. പിന്നാലെ കുറ്റവാളി ആരെന്ന് കണ്ടുപിടിക്കലായിരുന്നു ടാസ്ക്. ജീത്തു ജോസഫ് അതിഥിയായി എത്തിയ ശനിയാഴ്ച എപ്പിസോഡിലാണ് മത്സരാര്‍ഥികളിലെ അന്വേഷണോദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ മോഹന്‍ലാല്‍ (Mohanlal) വിശകലനം ചെയ്‍തത്. 

12ത്ത് മാനിലെ കഥാപാത്രങ്ങളുടെ പേരുകളില്‍ മത്സരാര്‍ഥികള്‍ എത്തിയ ഗെയിമില്‍ കൊല്ലപ്പെട്ടത് സൂരജ് അവതരിപ്പിച്ച കഥാപാത്രമായിരുന്നു. ബിഗ് ബോസ് നല്‍കിയ സീക്രട്ട് ടാസ്ക് പ്രകാരം കൊല നടത്തിയത് അഖിലും. അന്വേഷണോദ്യോഗസ്ഥരായ വിനയ് മാധവും ലക്ഷ്മിപ്രിയയും അഖിലാണ് കുറ്റവാളിയെന്ന് കണ്ടെത്തിയിരുന്നു. അത് എങ്ങനെയാണ് കണ്ടെത്തിയതെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് അവര്‍ തങ്ങളുടെ വിശകലനവും അവതരിപ്പിച്ചു. എന്നാല്‍ സൂരജിന്‍റെ കഥാപാത്രത്തെ കൊല്ലാന്‍ സീക്രട്ട് ടാസ്കിലൂടെ ബിഗ് ബോസ് തന്നോട് ആവശ്യപ്പെട്ട രീതി മറ്റൊന്നാണെന്ന് അഖിലും പറഞ്ഞു. ഗാര്‍ഡന്‍ ഏരിയയില്‍ ചെടിച്ചട്ടിയിലുള്ള റോസാച്ചെടിയില്‍ സൂരജിനെക്കൊണ്ട്, അദ്ദേഹത്തിന് സംശയം തോന്നാത്ത തരത്തില്‍ തൊടുവിക്കുക എന്നതായിരുന്നു സൂരജിന് മുന്നിലുള്ള ടാസ്ക്. അത് അദ്ദേഹം വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്‍തു. അന്വേഷണോദ്യോഗസ്ഥരെ അഭിനന്ദിച്ച ജീത്തു ജോസഫ് അവര്‍ മികച്ച രീതിയിലാണ് കേസ് അന്വേഷിച്ചതെന്ന് പറഞ്ഞു. പിന്നാലെ ട്വല്‍ത്ത് മാന്‍ കാണാനിരിക്കുന്ന പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരു അപേക്ഷയും അദ്ദേഹം വച്ചു. മോഹന്‍ലാലുമൊത്ത് താന്‍ ചെയ്‍ത് വന്‍ വിജയം നേടിയ ദൃശ്യവുമായി പുതിയ ചിത്രത്തെ താരതമ്യപ്പെടുത്തരുത് എന്നതായിരുന്നു അത്. 

ALSO READ : 'ദൃശ്യം 3' ഉണ്ടാവുമോ? ജീത്തുവിന്‍റെ സാന്നിധ്യത്തില്‍ മോഹന്‍ലാലിന്‍റെ ചോദ്യം

"തീര്‍ച്ഛയായിട്ടും നല്ല ഒരു മിസ്റ്ററി മര്‍ഡര്‍ എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും ട്വല്‍ത്ത് മാന്‍. 20-ാം തീയതിയാണ് ഇത് റിലീസ് ചെയ്യുന്നത്. ഹോട്ട്സ്റ്റാറിലാണ്. എല്ലാവരും കാണണം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കണം. പിന്നെ ഒരു അപേക്ഷയുണ്ട്, ദൃശ്യവുമായി താരതമ്യം ചെയ്‍ത് ഈ സിനിമ കാണരുത്. ഇത് തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ്. കണ്ടിട്ട് നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ അറിയിക്കണം", ജീത്തു ജോസഫ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios