'ലാല്‍ സാറിന്‍റെ കൂടെ സിനിമയില്‍ അഭിനയിക്കണം'; വിഷ്‍ണു പറഞ്ഞ ആഗ്രഹത്തിന് മോഹന്‍ലാലിന്‍റെ മറുപടി
ഈ സീസണിലെ ഏറ്റവും അപ്രതീക്ഷിത എവിക്ഷന്‍ ആയിരുന്നു വിഷ്‍ണുവിന്‍റേത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും അപ്രതീക്ഷിതമായ എവിക്ഷന്‍ ആയിരുന്നു ഇന്നലെ നടന്നത്. സീസണിലെ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ വിഷ്ണു ജോഷിയാണ് പുറത്തായത്. വലിയ നാടകീയതയൊന്നുമില്ലാതെ നടത്തിയ പ്രഖ്യാപനത്തില്‍ തന്‍റെ പേര് കേട്ടപ്പോള്‍ വിഷ്ണു ഒരു നിമിഷം അമ്പരപ്പോടെ നിന്നെങ്കിലും പെട്ടെന്നുതന്നെ മനസാന്നിധ്യം വീണ്ടെടുത്തു. ചുരുങ്ങിയ വാക്കുകളില്‍ എല്ലാവരോടും ഊഷ്മളമായി യാത്ര ചോദിച്ചാണ് വിഷ്ണു മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയിലേക്ക് എത്തിയത്.
തീര്‍ത്തും അപ്രതീക്ഷിതമാണ്, അല്ലേ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ആദ്യ ചോദ്യം. അതിന് വിഷ്ണുവിന്‍റെ മറുപടി ഇങ്ങനെ- "ബിഗ് ബോസ് ഞാന്‍ എപ്പോഴും പറയാറുള്ളത് പോലെ പ്രവചനാതീതമാണ്. ഞാന്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മാത്രം ഒരു ദിവസം പോലും അവിടെ നിന്നാല്‍ മതിയെന്നാണ് ആദ്യം മുതല്‍ ഞാന്‍ പറയുന്നത്. പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ 94-ാം ദിവസം ആയപ്പോഴായിരിക്കും ഇഷ്ടക്കേട് വന്നുതുടങ്ങിയത്. അല്ലെങ്കില്‍ എന്നേക്കാള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട, അര്‍ഹതയുള്ള ആളുകള്‍ ഉണ്ടാവും", വിഷ്ണു പറഞ്ഞു.
പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിനുള്ള വിഷ്ണുവിന്‍റെ പ്രതികരണം ഇങ്ങനെ- "84 ദിവസം പ്രേക്ഷകരുടെ പിന്തുണ ലഭിക്കുക എന്നത് ചില്ലറ കാര്യമല്ല. ഒരു സെലിബ്രിറ്റി സ്റ്റാറ്റസും ഇല്ലാതെ വന്നുനിന്നിട്ട് ഇത്രനാള്‍ എന്നെ വോട്ട് ചെയ്ത് നിര്‍ത്തി. വളരെ ചുരുക്കം ആളുകള്‍ മാത്രമേ ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് എന്നെ ഇഷ്ടപ്പെട്ടിരുന്നുള്ളൂ. പക്ഷേ എനിക്ക് ഇപ്പോള്‍ ഒരു വിശ്വാസമുണ്ട്, പുറത്ത് ഒരുപാട് പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടാവും എന്ന്. 21 പേരോടൊപ്പം മത്സരിച്ച് 84 ദിവസം എനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിഞ്ഞു. ബിഗ് ബോസ് എന്‍റെ സ്വപ്ന പ്ലാറ്റ്ഫോം ആയിരുന്നു. ചെറുപ്പം മുതല്‍ സിനിമയാണ് സ്വപ്നം കണ്ടത്. സിനിമയിലേക്ക് എത്താനായുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോം എന്നാണ് ബിഗ് ബോസിനെക്കുറിച്ച് ഞാന്‍ കരുതിയിട്ടുള്ളത്. അത് ഒരുപക്ഷേ സാക്ഷാത്കരിക്കാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുറത്തേക്ക് പോകുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ റോക്ക്സ്റ്റാര്‍ എന്ന ടാഗിലേക്ക് ഞാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു", വിഷ്ണു പറഞ്ഞു..
പിന്നാലെ തനിക്കുള്ള ഒരു വലിയ ആഗ്രഹവും വിഷ്ണു മോഹന്‍ലാലിന് മുന്നില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിനൊപ്പം സിനിമയില്‍ അഭിനയിക്കണം എന്നതായിരുന്നു അത്. മോഹന്‍ലാലിന്‍റെ പ്രതികരണം ഇങ്ങനെ ആയിരുന്നു- "അതിന് സാധിക്കട്ടെ. നമുക്ക് ആഗ്രഹം മാത്രം പോര. അതിലേക്കുള്ള ഒരു ഫയര്‍ വേണം. ആ ദിശയിലേക്ക് സഞ്ചരിക്കാനുള്ള ഒരു മനസ് വേണം. ആഗ്രഹം എന്ന് പറയുന്നതാണ്. തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കൂ. നിങ്ങള്‍ ചോദിച്ചാല്‍ പ്രകൃതിക്ക് തന്നേ പറ്റൂ", മോഹന്‍ലാല്‍ പറഞ്ഞു.
പിന്നാലെ ഫിനാലെ ആഗ്രഹം സാധിക്കാതെ പോയതില്‍ തന്നെ പിന്തുണച്ച പ്രേക്ഷകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് വിഷ്ണു വേദി വിട്ടത്-
"ബിഗ് ബോസ് ഗെയിം എന്താണെന്ന് മറ്റാരെക്കാളും എനിക്ക് മനസിലാവും. അതിലേക്ക് പരമാവധി കൊടുത്തിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ടിക്കറ്റ് ടു ഫിനാലെയില്‍ അതിന് സാധിച്ചില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഒരു കാരണമായി ഞാന്‍ പറയുന്നില്ല. കുറേ കാര്യങ്ങള്‍ ഞാന്‍ തമാശരീതിയില്‍ കണ്ടു. നെഗറ്റീവും പോസിറ്റീവുമൊക്കെ ഈ ഷോയില്‍ നിന്ന് കിട്ടുമെന്ന് എനിക്ക് അറിയാമായിരുന്നു. ഈ ഷോയില്‍ വരാന്‍ പറ്റിയതിലും ലാല്‍ സാറിനൊപ്പം ഇവിടെ നില്‍ക്കാന്‍ പറ്റിയതിലും ഒരുപാട് സന്തോഷമുണ്ട്. ഫിനാലെയില്‍ വന്ന് സാറിന്‍റെ ഒരു കൈ പിടിച്ച് പൊക്കണമെന്ന ആഗ്രഹത്തിലാണ് വന്നത്. പക്ഷേ നേരത്തേ വരേണ്ടിവന്നു. അതില്‍ ഖേദിക്കുന്നു. എന്നെ ഇഷ്ടപ്പെട്ട പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നു. എനിക്ക് ഫിനാലെ വരെ എത്തിപ്പെടാന്‍ പറ്റിയില്ല. പക്ഷേ ഇവിടംവരെ എത്തിയതില്‍ ഒരുപാട് സന്തോഷമുണ്ട്", വിഷ്ണുവിന്‍റെ വാക്കുകള്‍.
ALSO READ : നടന്‍ പൂജപ്പുര രവി അന്തരിച്ചു
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ