'കോര്‍ണറിംഗ് എന്ന വാക്ക് ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല'; മോഹന്‍ലാലിനോട് സൂര്യ
"ഈയാഴ്ച പോകുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പറയാതെ പോയാല്‍ എനിക്കത് വലിയ വിഷമം ആയിരിക്കും.."
ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്‍റെ അന്തിമ ലാപ്പിലേക്ക് എത്തിയിരിക്കുകയാണ്. 100 ദിവസങ്ങളില്‍ അവസാനിക്കുമെങ്കില്‍ രണ്ടാഴ്ചകള്‍ കൂടി മാത്രമാണ് മത്സരാര്‍ഥികള്‍ക്കു മുന്നില്‍ അവശേഷിക്കുന്നത്. മത്സരാര്‍ഥികളുടെ എണ്ണം ഒന്‍പതായി ചുരുങ്ങിയതു കാരണം മുന്‍ വാരങ്ങളിലേതുപോലെയുള്ള വലിയ സംഘര്‍ഷങ്ങള്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ വാരം കുറവായിരുന്നു. എന്നാലും ചില അഭിപ്രായവ്യത്യാസങ്ങള്‍ കഴിഞ്ഞ വാരത്തിലും ഉണ്ടായിരുന്നു. വീക്കിലി ടാസ്‍കില്‍ മറ്റുള്ളവര്‍ തങ്ങളെ വേണ്ടത്ര പരിഗണിച്ചില്ലെന്നും പലപ്പോഴും പരിഹസിച്ചെന്നും അഭിപ്രായപ്പെട്ടത് സൂര്യയും റിതുവും ആയിരുന്നു. സൂര്യയുടെ കരച്ചിലിലേക്കും കണ്‍ഫെഷന്‍ റൂമില്‍ച്ചെന്ന് തനിക്ക് ഇവിടെനിന്ന് പോകണമെന്ന് പറയുന്നതിലേക്കും ഈ സംഘര്‍ഷം നീണ്ടിരുന്നു. ഞായറാഴ്ച എപ്പിസോഡിലും ഈ സംഭവങ്ങളുടെ അനുരണനങ്ങള്‍ എത്തി.
മത്സരാര്‍ഥികള്‍ ഓരോരുത്തരും മറ്റുള്ളവരെ എങ്ങനെയാണ് കാണുന്നതെന്ന് മനസിലാക്കുന്ന ഒരു ലളിതമായ ആക്റ്റിവിറ്റി ബിഗ് ബോസ് ഇന്ന് നടത്തിയിരുന്നു. ഭാഗ്യം, പ്രകടനം, സഹതാപം എന്നീ വാക്കുകള്‍ രേഖപ്പെടുത്തിയ ഒരു വൈറ്റ് ബോര്‍ഡില്‍ അതാതു വാക്കുകള്‍ക്ക് അര്‍ഹരെന്ന് കരുതുന്ന മത്സരാര്‍ഥികളുടെ ഫോട്ടോ ഉള്ള ബാഡ്‍ജ് ഒട്ടിച്ചുവെക്കുക എന്നതായിരുന്നു ആക്റ്റിവിറ്റി. എന്നാല്‍ തങ്ങള്‍ക്ക് തോന്നുന്നവരെയല്ല, പ്രേക്ഷകര്‍ ഇങ്ങനെ കരുതുന്നു എന്ന് തങ്ങള്‍ക്ക് തോന്നുന്നവരുടെ പേരുകളായിരുന്നു ഓരോ മത്സരാര്‍ഥിയും രേഖപ്പെടുത്തേണ്ടത്. ഇതനുസരിച്ച് 'ഭാഗ്യ'ത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പറഞ്ഞത് ഫിറോസിന്‍റെ പേരായിരുന്നു. പ്രകടനത്തില്‍ മണിക്കുട്ടനും റംസാനും തുല്യ വോട്ടുകള്‍ നേടിയപ്പോള്‍ സഹതാപത്തിനു നേര്‍ക്ക് സൂര്യയും സായിയും ഒരേപോലെ വോട്ടുകള്‍ നേടി. ഇതിന്‍റെ നോമിനേഷന്‍ നടത്തവെ സായ് തന്നെക്കുറിച്ച് പറഞ്ഞ ഒരു കാര്യം സൂര്യയെ പ്രകോപിപ്പിച്ചു. കോര്‍ണറിംഗ്, ടാര്‍ഗറ്റിംഗ് എന്നൊക്കെ എപ്പോഴും പ്രയോഗിക്കുന്നത് സൂര്യയാണെന്നും ഈയിടെയായി റിതുവും അവ ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു സായ് പറഞ്ഞത്. എന്നാല്‍ ഈ ആക്റ്റിവിറ്റി അവസാനിച്ചതിനു പിന്നാലെ തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് സൂര്യ മോഹന്‍ലാലിനെ അറിയിച്ചു. മോഹന്‍ലാല്‍ അനുമതി നല്‍കിയതിനു പിന്നാലെ സൂര്യ ഇങ്ങനെ പറഞ്ഞു..
"ഈയാഴ്ച പോകുമോ ഇല്ലിയോ എന്ന് എനിക്ക് അറിയില്ല. പറയാതെ പോയാല്‍ എനിക്കത് വലിയ വിഷമം ആയിരിക്കും. കോര്‍ണറിംഗ് അല്ലെങ്കില്‍ ടാര്‍ഗറ്റ് എന്ന വാക്ക് സ്വന്തമായിട്ട് ഞാന്‍ ഉപയോഗിച്ചിട്ടില്ല. അത് ഉപയോഗിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ആരോപിക്കുന്നത്. ഞാനത് ഉപയോഗിച്ചിട്ടില്ല എന്നത് റിതുവിന് അറിയാം. അങ്ങനെ കോര്‍ണറിംഗ് നേരിടുന്ന ഒരു വ്യക്തി ആണെങ്കില്‍ ഞാന്‍ ഇവരില്‍ നിന്നെല്ലാം മാറിനില്‍ക്കും. ഓരോ സമയത്തും എല്ലാവരോടും സംസാരിച്ച് നില്‍ക്കുന്ന ആളാണ് ഞാന്‍. ആ ഒരു പദപ്രയോഗത്തോട് ഞാന്‍ യോജിക്കുന്നില്ല", സൂര്യ പറഞ്ഞു. തുടര്‍ന്ന് സായിയെ പ്രതിസ്ഥാനത്തു നിര്‍ത്തി റിതുവും സംസാരിച്ചു. വീക്കിലി ടാസ്‍ക് കഴിഞ്ഞ സമയത്തുള്‍പ്പെടെ കോര്‍ണര്‍ ചെയ്യപ്പെടാതെ നോക്കണമെന്ന് തങ്ങളോട് പറഞ്ഞ സായ് തന്നെയാണ് അതേദിവസം വൈകിട്ടത്തെ മീറ്റിംഗില്‍ കോര്‍ണറിംഗ് ചെയ്യപ്പെടുന്നതായി തങ്ങള്‍ വാദമുയര്‍ത്തിയതായി പറഞ്ഞതെന്ന് റിതു ആരോപിച്ചു.
എന്നാല്‍ ഈ വീട്ടില്‍ കോര്‍ണറിംഗ്, ടാര്‍ഗറ്റ് തുടങ്ങിയ വാക്കുകള്‍ ആദ്യം ഉപയോഗിച്ച് കേട്ടത് റിതുവാണെന്നായിരുന്നു സായിയുടെ പ്രതികരണം. ഒരാളെക്കുറിച്ച് മറ്റുള്ളവര്‍ എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് ആരും ഒന്നും ആവുന്നില്ലെന്നും മറിച്ച് ആ വ്യക്തിയുടെ പെരുമാറ്റം കൂടി നോക്കിയല്ലേ ആളുകള്‍ ഒരു നിഗമനത്തില്‍ എത്തൂവെന്നും സായ് പറഞ്ഞു. താന്‍ മാത്രമല്ല മറ്റുള്ളവരും സൂര്യ, റിതു എന്നിവരെക്കുറിച്ച് സമാന അഭിപ്രായങ്ങള്‍ പറഞ്ഞെന്നും സായ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സായ് സ്വന്തം കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നും മറ്റുള്ളവരെന്ന് പറഞ്ഞാല്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടത് സായിയുടെ ബാധ്യതയാണെന്നും റിതു പറഞ്ഞു. എന്നാല്‍ രംഗം തണുപ്പിക്കാനായിരുന്നു മോഹന്‍ലാലിന്‍റെ ശ്രമം. കോര്‍ണറിംഗും ടാര്‍ഗറ്റിംഗും ഒക്കെ ഉണ്ടായാലും അതേക്കുറിച്ച് ആലോചിച്ച് നില്‍ക്കാന്‍ ഇനി സമയമില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. "ഒരാള്‍ നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് നിങ്ങള്‍ അത് ആവുന്നില്ല. പ്രേക്ഷകരും നിങ്ങളെക്കുറിച്ച് അങ്ങനെ കരുതണം എന്നില്ല. ഇനി മുന്നോട്ട് കുറച്ച് ദിവസങ്ങളേ ഉള്ളൂ. നന്നായി ഗെയിം കളിച്ച് മുന്നേറൂ", മത്സരാര്‍ഥികളോട് അദ്ദേഹം പറഞ്ഞു.