'ആറാം മാസം മരിക്കാൻ വിഷം എടുത്തു, അന്നാദ്യമായി അമ്പു വയറ്റിൽ കിടന്നൊരു തട്ട്, പിന്നീട്..'; ഗോപിക
തന്റെ സ്വന്തം കുടുംബത്തെ കുറിച്ചും ഭർത്താവിനെ ഉപേക്ഷിക്കേണ്ടി വന്നതിനെ പറ്റിയും ഗോപിക മനസ്സ് തുറക്കുന്നു.
സംഭവ ബഹുലമായ എപ്പിസോഡുകളുമായി മുന്നോട്ടു പോകുകയാണ് ബിഗ് ബോസ് സീസൺ 5. ഓരോ മത്സരാർത്ഥികളും മികച്ച പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ സീസണുകളെ പോലെ തന്നെ ഇത്തവണയും ബിബി ഹൗസ് മേറ്റ്സിന്റെ ജീവിത കഥ ഉണ്ട്. പലരും തങ്ങൾ ജീവിതത്തിൽ നേരിട്ട യാതനകൾ എല്ലാം തുറന്നു പറഞ്ഞു. മറ്റ് ചിലർ പലതും ഉള്ളിൽ ഒതുക്കി. ഇന്നിതാ തന്റെ ജീവിതം പറയുകയാണ് ഗോപിക. തന്റെ സ്വന്തം കുടുംബത്തെ കുറിച്ചും ഭർത്താവിനെ ഉപേക്ഷിക്കേണ്ടി വന്നതിനെ പറ്റിയും ഗോപിക മനസ്സ് തുറക്കുന്നു.
ഗോപികയുടെ വാക്കുകൾ ഇങ്ങനെ
ഞാൻ ജനിച്ചതൊക്കെ അടിമാലിയിൽ ആണ്. അച്ഛൻ അമ്മ രണ്ടായി ചേട്ടായിമാർ ഇവരാണ് എന്റെ കുടുംബം. കുറേ സ്ഥലവും കുരുമുളക് കൃഷിയും ഒക്കെ ഉണ്ടായിരുന്നു ഞങ്ങൾക്ക്. പാട്ടത്തിന് കൊടുക്കുന്നൊരു സമ്പ്രദായം ഞങ്ങൾക്ക് ഉണ്ടായിരുന്നു. അച്ഛന് ഈ ചീട്ടുകളിക്കാനും കള്ള് കുടിക്കാനും ഒക്കെ ആയിട്ട്, മക്കളുടെ കാര്യം നോക്കാതെ ഒറ്റയടിക്ക് പാട്ടത്തിന് കൊടുക്കും. ആ കാശ് കൊണ്ടുപോയി കുടിച്ച് പോയി വന്ന് ആരുടെങ്കിലും വീട്ടിൽ പോയി വഴക്കണ്ടാക്കുമായിരുന്നു. ഒരിക്കൽ ഇതുപോലെ പ്രശ്നം ഉണ്ടാക്കി അതൊരു വലിയ പ്രശ്നത്തിലേക്ക് എത്തി. ആൾക്കാർ എല്ലാവരും വീട്ടിൽ വന്ന സമയത്ത് അച്ഛൻ അവിടെ ഇല്ല. അമ്മ നോക്കാത്തത് കൊണ്ടാണ് അച്ഛൻ ഇങ്ങനെ പോകുന്നതെന്ന് പറഞ്ഞ് അവർ വഴക്ക് പറഞ്ഞു. അവർ പോയശേഷം അമ്മയും അച്ഛനും തമ്മിൽ വഴക്കായി. മൂത്ത ചേട്ടനാണ് വീട്ടിൽ ഉള്ളത്(രണ്ടാമത്തെ ആള് ഹോസ്റ്റലിലാണ്). ആ ദിവസം എന്നെയും കൂട്ടി അമ്മ അമ്മയുടെ വീട്ടിൽ പോയി. അവിടെയുള്ളവർ 100 രൂപ എടുത്ത് തന്നിട്ട് എങ്ങോട്ടെലും പോകാൻ പറഞ്ഞു. പെങ്ങള് വീട്ടിൽ വന്ന് നിൽക്കുന്നത് ആങ്ങളമാർക്ക് നാണക്കേട് ആകുമെന്ന് പറഞ്ഞു. അന്നവടുന്ന് അമ്മ എന്നെയും കൊണ്ട് ഇറങ്ങി. തൊടുപുഴയിൽ എത്തി. പിന്നീട് ആയിരുന്നു ഞങ്ങൾ ജീവിച്ചത്. അവിടെയും അച്ഛൻ വന്ന് ബഹളമുണ്ടാക്കി അവിടെ നിന്നും ഞങ്ങൾ ഇറങ്ങി. ആ സമയത്താണ് രണ്ടാനച്ഛൻ ഞങ്ങളുടെ ജീവിതത്തിൽ വരുന്നത്. അദ്ദേഹമാണ് എന്റെ യഥാർത്ഥ അച്ഛൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആർമിയിൽ പോകണം എന്നതായിരുന്നു എന്റെ ആഗ്രഹം. ആ സമയത്താണ് ഭർത്താവ് വന്ന് എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. അങ്ങനെ 19മത്തെ വയസിൽ എന്റെ കല്യാണം കഴിഞ്ഞു. ആ സമയത്ത് ആർമിയിൽ ഫിസിക്കലൊക്കെ കിട്ടി മുന്നോട്ട് പോകണം എന്ന് പറഞ്ഞപ്പോൾ ആളതിന് സമ്മതിച്ചില്ല. കല്യാണം കഴിഞ്ഞ് പിറ്റേദിവസം മുതൽ ഞാൻ കാണുന്നത് വേറൊരു സ്വഭാവം ഉള്ള ആളെയാണ്. രണ്ടാം ദിവസം എന്നെ ഉപദ്രവിക്കാൻ തുടങ്ങി. രണ്ടാം മാസമായപ്പോഴേക്കും ഞാൻ ഗർഭിണി ആയി. ആറര മാസത്തിൽ എന്റെ വീട്ടിൽ വച്ച് എനിക്കിനി ജീവിക്കണ്ടെന്ന് തീരുമാനിച്ചു. എനിക്ക് എന്നോട് തന്നെ വെറുപ്പായി. ഞാൻ വയറ്റിൽ ഇടിച്ചു. ചത്താമതി എന്ന് വിചാരിച്ച്. പിന്നാലെ വിഷം എടുത്ത് കുടിക്കാൻ ഒരുങ്ങുമ്പോൾ, ആദ്യമായിട്ട് എന്റെ അമ്പു വയറ്റിൽ കിടന്നൊരു തട്ട് തന്നു. വേണ്ടമ്മ എന്ന രീതിയിൽ ആയിരിക്കും. എന്റെ കൊച്ചിനെ എനിക്ക് വേണം അവന് വേണ്ടി ജീവിക്കണം എന്ന് അന്ന് ഞാൻ തീരുമാനിച്ചു. ഒൻപതാം മാസത്തിലാണ് വീട്ടിലെ പ്രശ്നങ്ങൾ അമ്മ അറിയുന്നത്. അന്നൊരു ദിവസം എന്നെ ചേട്ടൻ തല്ലുന്നത് അമ്മ കണ്ടു. അദ്ദേഹത്തെ ഇറക്കി വിടുകയും ചെയ്തു. പ്രസവിച്ച് കഴിഞ്ഞപ്പോൾ അമ്മയും അമ്മായിയമ്മയും തമ്മിൽ പ്രശ്നം ആയി. കൊച്ചിന്റെ ഇരുപത്തെട്ട് കഴിഞ്ഞു. വീണ്ടും ഞാൻ അദ്ദേഹത്തോടൊപ്പം പോയി. വീട്ടിലുള്ളവർ പറഞ്ഞത് കേൾക്കാതെ. കൊച്ച് രാത്രി കരഞ്ഞതിന്റെ പേരിൽ എന്നെ ഭർത്താവ് ഒത്തിരി തല്ലി. ഷോൾഡറിൽ ചെറിയ പൊട്ടലുണ്ടായി. അങ്ങനെ അടിയും തൊഴിയും ഒക്കെ കൊണ്ട് നീണ്ട നാല് ദിവസം അവിടെ തന്നെ കഴിഞ്ഞു. ശേഷമാണ് എന്നെ കൊണ്ടുപോകാനായി അമ്മ വന്നത്. പക്ഷേ അവരെന്റെ കൊച്ചിനെ തന്നില്ല. ഒടുവിൽ പൊലീസ് ഇടപെട്ട് കൊച്ചിനെയും കൊണ്ട് ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി. പ്രസവിച്ച് ഏഴാം മാസത്തിൽ ജോലിക്ക് ഇറങ്ങി. അന്ന് ഭർത്താവിനെ ഉപേക്ഷിച്ച് പോന്നത് ഏറ്റവും നല്ല തീരുമാനം ആണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത് അവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?