'നീ നടത്തുന്നത് തട്ടിപ്പിം വെട്ടിപ്പും' എന്ന് അഖിൽ; അനാവശ്യം പറയരുതെന്ന് ഗോപിക, വാക്പോര്
വിഷയത്തില്‍ മനീഷയും മറ്റും ഇടപെടുന്നുണ്ടെങ്കിലും അത് സമ്മതിച്ച് നൽകാൻ അഖിൽ സമ്മതിക്കുന്നില്ല.
ബിഗ് ബോസ് സീൺ അഞ്ച് സംഘർഷ ഭരിതമായ സംഭവ വികാസങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഈസ്റ്റർ ദിനം മുതൽ ആരംഭിച്ച തർക്കങ്ങൾ ഇതുവരെയും ഷോയിൽ അവസാനിച്ചിട്ടില്ല. ഇന്നിതാ എപ്പിസോഡ് തുടങ്ങിയത് മുതൽ ഗോപികയുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ് അഖിൽ മാരാർ. ആദ്യ വീക്കിലി ടാസ്ക് മുതലുള്ള പ്രശ്നങ്ങൾ ഉയർത്തി കാട്ടി ഗോപികയോട് തർക്കിക്കുകയാണ് അഖിൽ. തനിക്ക് നേരെ വരുന്ന ചോദ്യങ്ങൾക്ക് ഉരുളക്ക് ഉപ്പേരി പോലെ ഗോപിക മറുപടിയും നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം അവസാനിച്ച വീക്കിലി ടാസ്കിനിടെ റിനോഷിന്റെ പക്കൽ നിന്നും രത്നങ്ങൾ തട്ടിയെടുത്തതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഗോപികയോട്, "ആദ്യ വീക്കിലി ടാസ്കിൽ എന്റെ കട്ടകൾ മോഷ്ടിച്ചത് തൊട്ട് കൂടെ നടന്ന ഏഞ്ചലിന്റെ പക്കൽ നിന്ന് ലോക്കറ്റ് മോഷ്ടിച്ചത് തൊട്ട് ഇങ്ങ് ലാസ്റ്റ് മൊമന്റ് വരെ നീ ചെയ്തു കൊണ്ടിരിക്കുന്ന സ്വഭാവം എന്താണ് എന്നത് വളരെ വ്യക്തമാണ്. അതായത് ഗെയിം കളിക്കുകയല്ല, തട്ടിപ്പും വെട്ടിപ്പുമാണ് നടത്തി കൊണ്ടിരിക്കുന്നത്. അതങ്ങ് സമ്മതിക്കണം", എന്നാണ് അഖിൽ പറയുന്നത്. എന്നാൽ ചെയ്യാത്ത കാര്യങ്ങൾ എങ്ങനെയാണ് സമ്മതിക്കേണ്ടത് എന്നാണ് ഗോപിക തിരിച്ച് ചോദിക്കുന്നത്. ഹനാനോട് താൻ ഒരിക്കലും രത്നങ്ങൾ തട്ടിപ്പറിക്കാൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ ചെയ്യാം എന്നാണ് പറഞ്ഞതെന്നും ഗോപക പറയുന്നു.
ആ സംഭവത്തിൽ മനീഷയും മറ്റും ഇടപെടുന്നുണ്ടെങ്കിലും അത് സമ്മതിച്ച് നൽകാൻ അഖിൽ സമ്മതിക്കാത്തതോടെ പ്രശ്നം വഷളാകുന്നുണ്ട്. നിങ്ങൾ കാര്യം അറിയാതെ അനാവശ്യം പറയരുത് എന്ന് കൈ ചൂണ്ടി ഗോപിക സംസാരിക്കുമ്പോൾ "നീ കൈ ചൂണ്ടി സംസാരിക്കാതിരി" എന്ന് അഖിൽ പറയുന്നു. "ചേട്ടന് കൈചൂണ്ടാമെങ്കിൽ എനിക്കും ചെയ്യാം." എന്നാണ് അതിന് ഗോപിക നൽകിയ മറുപടി. കള്ളം കാണിച്ച് ജയിക്കാമെന്ന് നി കരുതണ്ടെന്നും കപ്പ് മോഷ്ടിച്ചോണ്ട് പോ എന്നും അഖിൽ പ്രകോപനപരമായി ഗോപികയോട് പറയുന്നു.
അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?
"നിങ്ങൾ ഓരോ ആൾക്കാരുടെ സാധനങ്ങൾ ടാസ്കിൽ കട്ടെടുത്തല്ലോ. അത് കുഴപ്പമില്ലേ. ഞാൻ ചെയ്താൽ തെറ്റും", എന്ന് ഗോപിക പറയുന്നു. പിന്നാലെ വലിയ തർക്കമാണ് ഇരുവരും തമ്മിൽ ഹൗസിൽ നടന്നത്. മറ്റുള്ളവർ ചുറ്റും കൂടിയെങ്കിലും ആരും വിഷയത്തിൽ ഇടപെട്ടില്ല. കരഞ്ഞ് കൊണ്ട് വാഷ് റൂമില്‍ പോയ ഗോപികയെ സെറീന ആശ്വസിപ്പിക്കുന്നുണ്ട്. ഇന്നലെ വയ്യാതെ ഇവിടെ വന്നിട്ട് പോലും വല്ലാത്തൊരു രീതിയിലാണ് ഇവിടെ ഉള്ളവര്‍ എന്നെ ട്രീറ്റ് ചെയ്തതെന്ന് പറഞ്ഞ് ഗോപിക കരയുന്നുണ്ട്. മനീഷയും റെനീഷയും മാത്രമാണ് തന്നോട് സംസാരിച്ചതെന്നും ഗോപിക പറയുന്നു.