വീട് ഞാൻ സ്വന്തമായി വയ്ക്കും, ബിഗ് ബോസ് കപ്പിന് ആ രണ്ട് പേർക്കും ചാൻസ്: നന്ദനയ്ക്ക് പറയാനുള്ളത്
ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്‍റെ വിജയി ആരാകുമെന്ന വിലയിരുത്തലുമായി നന്ദന.
ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി മൂന്നിൽ കൂടുതൽ വൈൽഡ് കാർഡുകൾ ഒരുമിച്ച് എത്തിയ സീസൺ ആയിരുന്നു ഇത്തവണത്തേത്. അതിൽ ശ്രദ്ധേയയായ, താരതമ്യേന പരിചിതയല്ലാത്തയാളായിരുന്നു ഷോയില്‍ നന്ദന. ആദ്യദിനം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ നന്ദനയ്ക്ക് താൻ എന്താണ് എന്ന് തെളിയിക്കാൻ അധികനാളുകൾ ഒന്നും വേണ്ടി വന്നില്ല. മികച്ചൊരു ഗെയിമർ കൂടിയായ നന്ദനയ്ക്ക് പക്ഷേ ഫൈനൽ തൊടുന്നതിന് മുൻപ് പുറത്താകേണ്ടിയും വന്നിരുന്നു. ബിഗ് ബോസ് ഫൈനലിന് ഇനി വെറും നാല് ദിവസം മാത്രം ബാക്കി നിൽക്കെ ആരാകും കപ്പെടുക്കുക എന്നും ഷോയ്ക്ക് ശേഷമുള്ള ജീവിതത്തെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് തുറന്നു പറയുകയാണ് നന്ദന.
"ബിഗ് ബോസിന് ശേഷം ലൈഫ് അടിപൊളിയാണ്. കുറേ പേര്‍ ഓരോന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷേ പുറത്തിറങ്ങിയപ്പോള്‍ നല്ല അഭിപ്രായമാണ് കേട്ടത്. ഷോയ്ക്ക് ശേഷമുള്ള നന്ദനയ്ക്ക് ഒത്തിരി വ്യത്യാസമുണ്ട്. മുന്‍പ് ഒന്നും ഞാന്‍ ആരാണെന്ന് ആള്‍ക്കാര്‍ക്ക് അറിയില്ലല്ലോ. തൃശൂരിന്‍റെ അഭിമാനം എന്നാണ് നാട്ടുകാരൊക്കെ പറഞ്ഞത്. എന്തായാലും അപമാനം അല്ലല്ലോ അഭിമാനം എന്നാണല്ലോ പറഞ്ഞത്. അമ്മയെ ബിഗ് ബോസിലെ നന്ദനയുടെ അമ്മ എന്നാണ് പറയുന്നത്. അതൊക്കെ അഭിമാന നിമിഷങ്ങളാണ്. ബിഗ് ബോസില്‍ എത്തിയത് തന്നെ വിജയിച്ചതിന് തുല്യമാണ്. ഇത്രയും നാള്‍ ബിഗ് ബോസില്‍ നില്‍ക്കാന്‍ പറ്റി എന്നത് തന്നെ വലിയ കാര്യം. ബിഗ് ബോസില്‍ എത്തിയതോടെ എനിക്ക് രണ്ട് ചേട്ടന്മാരെ കിട്ടി. ബിഗ് ബോസില്‍ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് പുറത്തും ഞങ്ങള്‍. എങ്ങനെയാണ് ഈ ചേട്ടന്മാര്‍ അനിയത്തി കോമ്പോ വന്നതെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല. വീണ്ടും പോകുമ്പോള്‍ എല്ലാവരെയും കാണാന്‍ പറ്റുന്നു എന്ന സന്തോഷമുണ്ട്", എന്നാണ് നന്ദന പറയുന്നത്.
"പുറത്തിറങ്ങിയ ശേഷം വീട്ടിലെ മിക്കവരും എന്‍റെ പേര് ഷോയില്‍ പറയുന്നുണ്ടായിരുന്നു. അതൊക്കെ കേട്ടപ്പോള്‍ സന്തോഷം തോന്നി. ചില എപ്പിസോഡുകള്‍ കണ്ടപ്പോള്‍ ഞാന്‍ ചെയ്‍ത കാര്യങ്ങളൊന്നും വന്നില്ലെന്ന് തോന്നി. പിന്നെ കുറേ പേര്‍ ഞാന്‍ അഹങ്കാരിയാണെന്ന് പറയുന്നുണ്ട്. എന്തിനാണെെന്ന് മനസിലാകുന്നില്ല. ഞാന്‍ പൊതുവില്‍ അങ്ങനെയാണ്. ആ ടാഗ് ഒന്ന് മാറ്റിയാല്‍ കൊള്ളാമെന്നുണ്ട്. ഒരു യുട്യൂബ് ചാനല്‍ തുടങ്ങണം എന്നാണ് തീരുമാനം ഇപ്പോള്‍", എന്നും നന്ദന കൂട്ടിച്ചേർത്തു.
ഇപ്പോൾ എവിക്ട് ആകണ്ടെന്ന് തോന്നിയ മത്സരാർത്ഥി ആരാണെന്ന ചോദ്യത്തിന്, "സിജോ ചേട്ടന്‍ എവിക്ട് ആകേണ്ടെന്ന് തോന്നിയിരുന്നു. ചേട്ടൻ പോയപ്പോൾ നല്ല വിഷമം ആയി. ടോപ് ഫൈവില്‍ എത്തേണ്ട ആളായിരുന്നു എന്ന് പല ഇന്‍റര്‍വ്യുകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ വോട്ടിന്‍റെ അടിസ്ഥാനത്തില്‍ ആണല്ലോ എല്ലാം", എന്നായിരുന്നു നന്ദനയുടെ മറുപടി.
സ്വന്തമായൊരു വീടെന്ന സ്വപ്‍നത്തെ കുറിച്ചും നന്ദന വാചാലയായി. "ഞാന്‍ തന്നെ സ്വന്തമായി വീട് വയ്ക്കാനുള്ള പ്ലാനിലാണ്. അച്ഛന്‍റെ കുറച്ച് ഭാഗം കിട്ടാനുണ്ട്. അതു കിട്ടി കഴിഞ്ഞാല്‍ എവിടെ എങ്കിലും സ്ഥലം വാങ്ങിച്ച് ഇടാമല്ലോ. ചിലര്‍ക്കൊക്കെ സഹായം എന്ന് പറയുമ്പോള്‍ എന്തോ ദാനം തരുന്നത് പോലെയാണ്. അതൊന്നും വേണ്ടാ എന്ന് തോന്നി. ഞാന്‍ തന്നെ എല്ലാം ചെയ്യാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്", എന്ന് നന്ദന പറയുന്നു.
ജാസ്മിനും ജിന്‍റോയും മാത്രമല്ല, കപ്പിന് മറ്റൊരാൾക്ക് കൂടി സാധ്യത; ഗബ്രി പറയുന്നു
ആരാകും ബിഗ് ബോസ് കപ്പെടുക്കുക എന്ന ചോദ്യത്തിന് "യോഗ്യത ഉള്ളത് ആരാണോ അവര്‍ക്ക് കിട്ടട്ടെ എന്നാണ്. അഭിഷേക് ചേട്ടന്‍ കപ്പെടുക്കണം എന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ട്. അതുപോലെ അര്‍ജുനും. നിലവിലെ രീതി അനുസരിച്ച് ഇവരില്‍ ആരെങ്കിലും കപ്പെടുക്കണമെന്നാണ് തോന്നുന്നത്. വരാന്‍ പോകുന്ന എവിക്ഷനില്‍ ആറ് പേരില്‍ ഋഷിയോ ശ്രീതുവോ പോകാനാണ് ചാന്‍സ് കൂടുതല്‍. പിന്നെ നോക്കാം", എന്നാണ് നന്ദന മറുപടി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..