സീസണ്‍ 5 ലെ ആദ്യ ക്യാപ്റ്റന്‍സി മത്സരത്തിലേക്ക് ഈ രണ്ട് മത്സരാര്‍ഥികള്‍; പ്രഖ്യാപിച്ച് ബിഗ് ബോസ്
രണ്ട് പേര്‍ വീതമുള്ള ഒന്‍പത് ടീമുകളായാണ് മത്സരാര്‍ഥികള്‍ വീക്കിലി ടാസ്കില്‍ പങ്കെടുത്തത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യ വീക്കിലി ടാസ്കിന് പര്യവസാനം. വന്‍മതില്‍ എന്ന് ബിഗ് ബോസ് പേരിട്ടിരുന്ന മത്സരം എല്ലാ സീസണുകളിലും ഉണ്ടാവാറുള്ള മാതൃകയിലുള്ള ഫിസിക്കല്‍ ഗെയിം ആയിരുന്നു. ഇട്ടുകൊടുക്കുന്ന കട്ടകളുടെ മാതൃകകള്‍ പെറുക്കിയെടുത്ത് ലഭിച്ചിരിക്കുന്ന ഫ്രെയ്മില്‍ അടുക്കിവെക്കുകയാണ് വേണ്ടിയിരുന്നത്. നീല, പിങ്ക് നിറത്തിലുള്ള കട്ടകളാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് ലഭ്യമാക്കിയത്.
ആദ്യ ഓപണ്‍ നോമിനേഷനില്‍ നിന്ന് നോമിനേഷന്‍ ലഭിച്ച ഒരാളും സേഫ് ആയ ഒരാളും എന്ന തരത്തില്‍ മത്സരാര്‍ഥികള്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ച രണ്ട് പേര്‍ വീതമുള്ള ഒന്‍പത് ടീമുകളായാണ് മത്സരാര്‍ഥികള്‍ വീക്കിലി ടാസ്കില്‍ പങ്കെടുത്തത്. പല ഘട്ടങ്ങളായി നടന്ന മത്സരത്തിനിടെ ബിഗ് ബോസ് സവിശേഷ നേട്ടങ്ങള്‍ ഉണ്ടാവുന്ന മൂന്ന് ഗോള്‍ഡന്‍ കട്ടകള്‍ ലഭ്യമാക്കിയെങ്കിലും മത്സരാവേശത്തിലെ പിടിവലിയില്‍ അവയില്‍ രണ്ടെണ്ണത്തിനും കേടുപാട് പറ്റി അസാധുവായിപ്പോയി. ശേഷിച്ച ഒരെണ്ണം അവസാനം നേടിയെടുത്തത് ഷിജു ആയിരുന്നു. അതിനാല്‍ നേരത്തെ നോമിനേഷന്‍ ലഭിച്ചിരുന്ന ഷിജു അതില്‍ നിന്ന് മോചിതനായി.
മിഥുന്‍, വിഷ്ണു, റിനോഷ്, ഗോപിക, ലച്ചു, റെനീഷ, അഞ്ജൂസ്, ഏയ്ഞ്ചലിന്‍ എന്നിവര്‍ക്ക് നോമിനേഷന്‍ ലഭിച്ചപ്പോള്‍ ഫ്രെയ്മില്‍ ഏറ്റവും ഉയരത്തില്‍ കട്ടകള്‍ സ്ഥാപിച്ച നാദിറ, അഖില്‍ മാരാര്‍ എന്നിവര്‍ക്ക് ഈ സീസണിലെ ആദ്യ ക്യാപ്റ്റന്‍സി മത്സരത്തിലേക്ക് യോഗ്യത ലഭിച്ചിരിക്കുകയാണെന്ന് ബിഗ് ബോസ് അറിയിച്ചു. ഈ സീസണില്‍ ഇനി വരാനിരിക്കുന്ന മത്സരങ്ങളിലൊക്കെ ഉണ്ടായിരിക്കാവുന്ന വീറും വാശിയും എന്തായിരിക്കുമെന്ന കൃത്യമായ സൂചന നല്‍കുന്ന ഒന്നായിരുന്നു വന്‍മതില്‍ വീക്കിലി ടാസ്ക്. റിനോഷ് ജോര്‍ജ് മാത്രമാണ് മത്സരത്തില്‍ വലിയ ആവേശമൊന്നും കാണിക്കാതെയിരുന്ന ഒരേയൊരു മത്സരാര്‍ഥി.