ആ തീയിൽ വെള്ളമൊഴിക്കാൻ മാരാർക്ക് അറിയാം, ബിബി 5ൽ മാറ്റങ്ങൾ വന്നിട്ടുണ്ട്: ഫിറോസ് ഖാൻ
കഴിഞ്ഞ സീസണുകൾ കണ്ട് വന്നവരാണ് സീസൺ അഞ്ചിൽ ഉള്ളതെന്ന് ഫിറോസ് പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും ഹൈലൈറ്റ് ആയ കാര്യമായിരുന്നു മുൻ സീസൺ മത്സരാർത്ഥികളെ കൊണ്ടുവന്നത്. നിലവിലെ ഗെയിമിനെ മാറ്റിമറിക്കാനായി കൊണ്ടുവന്ന ചലഞ്ചേഴ്സ് ആയിരുന്നു ഇവർ. ആദ്യം റോബിൻ രാധാകൃഷ്ണനും രജിത് കുമാറും ആണ് ഷോയിൽ എത്തിയത്. ശേഷം വന്നത് റിയാസ് സലീമും ഫിറോസ് ഖാനും ആണ്. കോടതി ടാസ്കിനായി എത്തിയ ഇരുവരും ഷോയെ മറ്റൊരു തലത്തിൽ എത്തിച്ചിരുന്നു. ഇപ്പോഴിതാ തങ്ങൾ പോയി വന്ന ശേഷം സീസൺ ഫൈവിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ഫിറോസ് ഖാൻ. രണ്ടാമത് ബിഗ് ബോസിൽ എത്തിയത് വളരെ സന്തോഷമായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഫിറോസ് പറഞ്ഞു.
ബിഗ് ബോസ് പ്ലാറ്റ്ഫോമിൽ നിന്നും എനിക്ക് ഒരുപാട് നേട്ടങ്ങൾ മാത്രമെ കിട്ടിയിട്ടുള്ളൂ. സിനിമ- സീരിയലുകളിലൊക്കെ നമുക്ക് രണ്ടാമതൊരു ചാൻസ് കിട്ടും. പക്ഷേ ബിഗ് ബോസിൽ രണ്ടാമതൊരു ചാൻസ് എന്നത് അപൂർവ്വമാണ്. രണ്ടാം തവണ ഷോയിൽ വന്നപ്പോൾ ആദ്യത്തിനെക്കാൾ മധുരം ഇരട്ടിച്ചു. വളരെ വലിയൊരു സന്തോഷം ആയിരുന്നു ആ വരവെന്നും ഫിറോസ് ഖാൻ പറയുന്നു.
ഷോയിൽ കയറുന്നതിന് മുൻപ് ബിഗ് ബോസ് ഒരു ബ്രീഫും തന്നിരുന്നില്ലെന്നും എപ്പിസോഡുകൾ കണ്ടില്ലേന്ന് ചോദിച്ചെന്നും നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാമെന്നുമാണ് പറഞ്ഞതെന്നും ഫിറോസ് പറയുന്നു. നിലവിലെ കളികളിൽ മാറ്റം വരുത്തുക, ഉറങ്ങിക്കിടക്കുന്നവരെ ഉണർത്തുക എന്നൊക്കെ ആയിരുന്നു തന്റെ ചിന്തയെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ സീസണുകൾ കണ്ട് വന്നവരാണ് സീസൺ അഞ്ചിൽ ഉള്ളതെന്ന് ഫിറോസ് പറയുന്നു. അതിലെ പലരെയും അനുകരിച്ച് അതുപോലെ റിയാക്ട് ചെയ്യണം എന്ന് വിചാരിച്ച് വന്ന കുറച്ചു പേർ ഈ സീസണിൽ ഉണ്ട്. അതാണ് പലരും പാളിപ്പോകുന്നത്. ഒന്ന് രണ്ട് മത്സരാർത്ഥികൾ ഒഴിച്ച് ബാക്കിയുള്ളവരെ തനിക്ക് അങ്ങനെ തോന്നിയെന്നും ഫിറോസ് പറഞ്ഞു. ചലഞ്ചേഴ്സ് പോയതിന് ശേഷം ബിഗ് ബോസിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. പലരുടെയും കളികൾ മാറി. പലർക്കും ഇൻഡയറക്ട് ആയി കാര്യങ്ങൾ പറഞ്ഞ് കൊടുത്തുവെന്നും അദ്ദേഹം പറയുന്നു.
ബിഗ് ബോസ് കിരീടം ആർക്ക് ? ഗ്രാന്‍റ് ഫിനാലെ ഈ ദിവസം; പ്രഖ്യാപിച്ച് മോഹൻലാൽ
താൻ പോയ സമയത്തുള്ള അഖിൽ മാരാരുടെ മുണ്ട് പൊക്കൽ വിഷയത്തെ കുറിച്ചും ഫിറോസ് ഖാൻ സംസാരിച്ചു. രണ്ട് തരത്തിൽ ആ വിഷയത്തെ കാണാം. ഒന്ന് കൂളായി എടുക്കാം. രണ്ടാമത്തേത്, ചെറിയ കാര്യങ്ങൾ പോലും വലുതാക്കിയെടുത്ത് അയാളെ തളർത്തുന്നിടത്താണ് മറ്റ് മത്സരാർത്ഥികളുടെ വിജയം. അതിനാണ് മറ്റുള്ളവര്‍ ശ്രമിച്ചത്. അതൊരു ഗെയിം ആണല്ലോ. അങ്ങനെ മറ്റുള്ളവർ വിഷയം വഷളാക്കിയാലും അത് മാനേജ് ചെയ്യാൻ, ആ തീയിൽ വെള്ളമൊഴിക്കാൻ അഖിൽ മാരാർക്ക് കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നു. പക്ഷേ ജഡ്ജായിരിക്കുമ്പോൾ എനിക്ക് അഖിലിനെ സപ്പോർട്ട് ചെയ്യാൻ സാധിക്കില്ലെന്നും ഫിറോസ് പറയുന്നു.
ഫിറോസ് ഖാനുമായുള്ള അഭിമുഖം കാണാം..