അഖില്‍ മാരാരുടെ സഭ്യേതര പ്രവര്‍ത്തി; ശിക്ഷ പ്രഖ്യാപിച്ച് ബിഗ് ബോസ് കോടതി
പ്രേക്ഷകരെ ആവേശത്തിലാക്കി കോടതി ടാസ്ക്
ബിഗ് ബോസിലെ എക്കാലത്തെയും ജനപ്രിയ ടാസ്കുകളില്‍ ഒന്നാണ് കോടതി ടാസ്ക്. ബിഗ് ബോസ് ഹൌസിലെ ആക്റ്റിവിറ്റി ഏരിയ ഒരു കോടതിയായി രൂപാന്തരം പ്രാപിക്കുന്ന ഈ ടാസ്കില്‍ മത്സരാര്‍ഥികള്‍ക്ക് സഹമത്സരാര്‍ഥികളില്‍ നിന്ന് നീതി വേണമെന്ന് തോന്നുന്ന വിഷയങ്ങള്‍ പരാതികളായി സമര്‍പ്പിക്കാം. പുതിയ ചലഞ്ചേഴ്സ് ആയി എത്തിയിരിക്കുന്ന റിയാസ് സലിമും ഫിറോസ് ഖാനുമാണ് ഇന്നലത്തെ കേസുകളില്‍ അഭിഭാഷകരായതെങ്കില്‍ ഇന്നത്തെ ഒരു സുപ്രധാന കേസില്‍ ന്യായാധിപനായത് ഫിറോസ് ആയിരുന്നു. അഖില്‍ മാരാര്‍ സഹമത്സരാര്‍ഥികളുടെ മധ്യത്തില്‍ വച്ച് ഉടുവസ്ത്രം ഉയര്‍ത്തി കാണിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സെറീനയാണ് ബിഗ് ബോസ് കോടതിയെ സമീപിച്ചത്.
വാദിയായ സെറീനയ്ക്കുവേണ്ടി റിയാസ് സലിം വാദിച്ചപ്പോള്‍ പ്രതിയായ അഖില്‍ മാരാര്‍ സ്വയമാണ് വാദിച്ചത്. ഫിറോസ് ന്യായാധിപനും അനു ജോസഫ് ഗുമസ്തയും ആയി. സാക്ഷികളില്‍ ഒരാളായ ജുനൈസിനോട് താന്‍ മുണ്ട് എത്ര ഉയരത്തിലാണ് പൊക്കിയതെന്ന് ചോദിച്ച് ആദ്യം പ്രതിരോധിക്കാന്‍ ശ്രമിച്ച അഖില്‍ പിന്നാലെ ചെയ്ത പ്രവര്‍ത്തി (ആക്റ്റ്) തെറ്റാണെന്ന് സമ്മതിച്ചു. അതേസമയം തന്‍റെ ഉദ്ദേശ്യം മോശമായിരുന്നില്ലെന്നും വാദിച്ചു. ഒരു പ്രകോടപനവുമില്ലാതെ അഖിലിന്‍റെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തി നീതീകരിക്കാനാവാത്തതാണെന്നും കുടുംബങ്ങളും കുട്ടികളുമടക്കം കാണുന്ന ഒരു ഷോയുടെ മാന്യതയ്ക്ക് നിരക്കാത്ത ഒന്നായിപ്പോയി ഇതെന്നും റിയാസ് വാദിച്ചു.
വാദങ്ങള്‍ക്കൊടുവില്‍ അഖില്‍ ചെയ്തത് തെറ്റാണെന്ന് തോന്നുന്നവര്‍ കൈ പൊക്കാന്‍ പറഞ്ഞപ്പോള്‍ ഷിജു ഒഴികെ മറ്റെല്ലാ മത്സരാര്‍ഥികളും കൈ പൊക്കി. എന്നാല്‍ കോടതി ആവശ്യപ്പെടും മുന്‍പ് തന്നെ ബിഗ് ബോസ് കാണുന്ന പ്രേക്ഷകരോടും മുഴുവന്‍ മത്സരാര്‍ഥികളോടും മാപ്പ് പറയുന്നതായി അഖില്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ ആവശ്യം അഖില്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ച സമയത്ത് തൊട്ടടുത്തുണ്ടായിരുന്ന മൂന്നുപേരോട് വ്യക്തിപരമായി ക്ഷമ ചോദിക്കുകയാണെന്ന് സെറീനയും അഭിഭാഷകന്‍ റിയാസും ആവര്‍ത്തിച്ചു. കോടതി ഈ ആവശ്യം മുന്നോട്ട് വച്ചെങ്കിലും അതിന് താന്‍ തയ്യാറല്ലെന്ന നിലപാടില്‍ അഖില്‍ ഉറച്ച് നിന്നു. ബിഗ് ബോസ് നല്‍കിയിരിക്കുന്ന അഞ്ച് ശിക്ഷകളിലൊന്ന് വിധിക്കാന്‍ മാത്രമേ ന്യായാധിപന് അധികാരമുള്ളൂവെന്നും വാദിച്ചു. ഇതുപ്രകാരം കോടതി മുറിയില്‍ വച്ച് തന്നെ അഖില്‍ പത്ത് തവണ ഏത്തമിടേണ്ടതാണെന്ന് ന്യായാധിപനായ ഫിറോസ് ശിക്ഷ വിധിച്ചു. അഖില്‍ അത് അനുസരിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ഗെയിം മാറ്റുകയാണെന്ന സൂചന നല്‍കിക്കൊണ്ടാണ് അഖില്‍ കോടതിമുറി വിട്ടത്.
WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം