'ആരോട് മത്സരിക്കാന്‍'? സഹമത്സരാര്‍ഥികളെല്ലാം ദുര്‍ബലരെന്ന് ബിഗ് ബോസില്‍ അഖില്‍ മാരാര്‍
ഒമര്‍ ലുലുവിന്‍റെ എവിക്ഷന് ശേഷം വിഷ്ണു, ശ്രുതി എന്നിവരോട് സംസാരിച്ചിരിക്കെയാണ് ഒമര്‍ തന്‍റെ വിലയിരുത്തല്‍ അവതരിപ്പിച്ചത്.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. ബിഗ് ബോസ് ഹൗസില്‍ രണ്ട് തവണ ക്യാപ്റ്റനായ, ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ എപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള, നല്ല എന്‍റര്‍ടെയ്നര്‍ എന്നുകൂടി പ്രേക്ഷകര്‍ പറയുന്ന ആളാണ് അഖില്‍. നല്ല പനി ആയിരിക്കെ ഫിസിക്കല്‍ ടാസ്ക് ആയിരുന്ന കഴിഞ്ഞ വാരത്തിലെ വീക്കിലി ടാസ്കിലും അഖില്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ക്യാപ്റ്റന്‍സി നോമിനേഷനില്‍ ശ്രുതി മാത്രമാണ് അഖിലിന്‍റെ പേര് പറഞ്ഞത്. മറ്റാരും തന്‍റെ പ്രയത്നത്തെ മാനിക്കാതിരുന്നത് അഖിലിന് മാനസിക വിഷയം ഉണ്ടാക്കിയിരുന്നു. ഇത് അവിടെ പലരോടും പറഞ്ഞ അഖില്‍ താനിനി ഇവിടെ മത്സരിക്കുകയില്ലെന്നും പറഞ്ഞു. എന്നാല്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ അഖിലിനെ പ്രചോദിപ്പിച്ച്, മത്സരബുദ്ധിയോടെ തുടരുമെന്ന് പറയിപ്പിച്ചു. എന്നാല്‍ തനിക്ക് മത്സരിക്കാന്‍ തോന്നാത്തതിന് മറ്റൊരു കാരണം കൂടിയുണ്ടെന്ന് പറയുകയാണ് അഖില്‍.
ഇന്നലത്തെ ഒമര്‍ ലുലുവിന്‍റെ എവിക്ഷന് ശേഷം വിഷ്ണു, ശ്രുതി എന്നിവരോട് സംസാരിച്ചിരിക്കെയാണ് ഒമര്‍ തന്‍റെ വിലയിരുത്തല്‍ അവതരിപ്പിച്ചത്. തനിക്ക് പറ്റിയ ഒരു മത്സരാര്‍ഥി ഹൗസില്‍ ഇല്ല എന്നതായിരുന്നു അത്. "ഒന്ന് കളിച്ച് കയറാന്‍ തോന്നുന്ന ഒരു സംഭവം ഇവിടെ കിട്ടുന്നില്ല. ആരും ഇല്ലെന്നേ. ഭയങ്കര വീക്ക് ആണ് ആള്‍ക്കാര്. ജുനൈസ് ഒന്നും.. പോകില്ല എന്ന് പറയുന്നവന്‍റെ ഒരു കോണ്‍ഫിഡന്‍സ് ആണ് എനിക്ക് എവിക്ഷനില്‍ കാണേണ്ടത്. എന്ത് മത്സരിക്കാനാണ്? ആരോട് മത്സരിക്കാനാണ്?", അഖില്‍ പറഞ്ഞു.
"ഇവന്‍ ഇല്ലേ" എന്നായിരുന്നു തൊട്ടപ്പുറത്തിരിക്കുന്ന വിഷ്ണുവിനെ ചൂണ്ടി ശ്രുതിയുടെ ചോദ്യം. "ഞാന്‍ നില്‍ക്കുമ്പോള്‍ ഇവനും അത് പ്രശ്നമാണ്. എങ്ങനത്തെ പ്രശ്നമാണെന്ന് വച്ചാല്‍, അവന്‍ നല്ല ഗെയിമര്‍ ആണെങ്കിലും എന്‍റെയൊരു സാന്നിധ്യം ഇവനെ ഇങ്ങനെ രണ്ടാം സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടിരിക്കും. ഇവന് മുന്നില്‍ വരണം", അഖില്‍ പ്രതികരിച്ചു. എന്നാല്‍ അഖിലിന്‍റെ അഭിപ്രായപ്രകടനം ഇഷ്ടമായില്ലെന്ന മട്ടിലായിരുന്നു വിഷ്ണുവിന്‍റെ പ്രതികരണം- "എനിക്ക് രണ്ടാം സ്ഥാനം മതി എന്നാല്‍. ഇയാള് കളിക്ക്. അങ്ങനെയാണെങ്കില്‍ ഇയാള്‍ എന്നെ ഫിനാലെയില്‍ ഒന്ന് തോല്‍പ്പിക്ക്", വിഷ്ണു പറഞ്ഞു.
"എന്നാല്‍ അതിന് നമ്മള്‍ കളിച്ചല്ലല്ലോ തോല്‍പ്പിക്കുന്നത്, ഓഡിയന്‍സ് അല്ലേ തോല്‍പ്പിക്കുന്നത്" എന്നായിരുന്നു അഖിലിന്‍റെ പ്രതികരണം. "നമുക്ക് കാണാം എന്നാല്‍", വിഷ്ണു പറഞ്ഞു. "നീ കളിക്ക്. പുറത്ത് നെഗറ്റീവ് ആണെന്ന് വല്ലതും ആയിരിക്കും ഒമര്‍ പറഞ്ഞത്. ഒമറിന്‍റെയൊന്നും വിലയിരുത്തല്‍. അതൊന്നും നമുക്ക് പറയാന്‍ പറ്റില്ല", ഹൗസിന് പുറത്ത് പോകുന്നതിന് മുന്‍പ് ഒമര്‍ രഹസ്യമായി വിഷ്ണുവിനോട് പറഞ്ഞത് സൂചിപ്പിച്ച് അഖില്‍ നിരീക്ഷിച്ചു. "ഒമര്‍ അതല്ല പറഞ്ഞത്, വേറെ കാര്യമാണ് പറഞ്ഞത്. അത് പറയാം", വിഷ്ണു പറഞ്ഞു.