ഒമർ ലുലു ബിഗ് ബോസിലേക്കോ ? സംവിധായകന്റെ മറുപടി ഇങ്ങനെ
കഴിഞ്ഞ കുറിച്ച് നാളുകളായി ഒമർ ലുലു ബിഗ് ബോസ് സീസൺ അഞ്ചിൽ മത്സരാർത്ഥിയായി ഉണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്.
ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. കഴിഞ്ഞ കുറിച്ച് നാളുകളായി ഒമർ ലുലു ബിഗ് ബോസ് സീസൺ അഞ്ചിൽ മത്സരാർത്ഥിയായി ഉണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ.
കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. ബിഗ് ബോസിലേക്ക് പോകുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല ഞാൻ പോകുന്നില്ല. ഇന്റർവ്യു ഒക്കെ ഉണ്ടായിരുന്നു. ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല. ഇനി പോകുമോ എന്ന് പറയാനും പറ്റില്ല', എന്നാണ് ഒമർ നൽകിയ മറുപടി.
അതേസമയം, എല്ലാത്തവണത്തെയും പോലെ ബിബി 5ലെ മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന പ്രവചനങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ആരാണ് ആ മത്സരാർത്ഥികൾ എന്നറിയാൻ ഉദ്ഘാടന എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും. വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. അതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ബിഗ് ബോസിന്‍റെ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
എന്താണ് ബിഗ് ബോസ് ഷോ
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.