'ഞങ്ങളുടെ മനസില്‍ ഡിംപല്‍ ഒരു വിന്നര്‍ ആണ്'; മോഹന്‍ലാലിനോട് റംസാന്‍
"ഈ ബിഗ് ബോസ് വീട്ടില്‍ ഞാന്‍ വന്നിട്ട് ആദ്യമായിട്ട് ഒരു ചെറിയ സൗന്ദര്യപ്പിണക്കം ഉണ്ടാവുന്നത് ഡിംപലുമായിട്ടാണ്.."
ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രേക്ഷകരുടെ പ്രിയ മത്സരാര്‍ഥി ഡിംപല്‍ ഭാല്‍ കഴിഞ്ഞ ദിവസമാണ് ഷോയില്‍ നിന്ന് അവിചാരിതമായി പുറത്തുപോയത്. അച്ഛന്‍ സത്യവീര്‍ സിംഗ് ഭാലിന്‍റെ വിയോഗത്തെത്തുടര്‍ന്നാണ് 75-ാം ദിവസം ഡിംപല്‍ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞത്. ബിഗ് ബോസ് ഹൗസിലെ സജീവ സാന്നിധ്യമായിരുന്ന ഡിംപലിന്‍റെ അഭാവം വലിയ ശൂന്യതയാണ് അവിടെ സൃഷ്ടിച്ചിരിക്കുന്നത്. പിതാവിന്‍റെ വേര്‍പാടിനെത്തുടര്‍ന്ന് ബിഗ് ബോസ് വിട്ട ഡിംപലിന്‍റെ കാര്യം പ്രേക്ഷകരുമായും മറ്റു മത്സരാര്‍ഥികളുമായും പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ വാരാന്ത്യ എപ്പിസോഡ് ആരംഭിച്ചത്. ബിഗ് ബോസ് വീട്ടിലെ ഡിംപലിന്‍റെ 75 ദിനങ്ങളുടെ വീഡിയോരൂപം കാണിച്ചതിനു ശേഷം തങ്ങളുടെ പ്രിയ മത്സരാര്‍ഥിയെക്കുറിച്ച് പറയാന്‍ സഹമത്സരാര്‍ഥികള്‍ക്കും അവസരം ലഭിച്ചു. ഏറെ വൈകാരികതയോടെയാണ് എല്ലാവരും ഡിംപലുമായി തങ്ങള്‍ ഓരോരുത്തര്‍ക്കുമുള്ള സ്നേഹബന്ധത്തെക്കുറിച്ച് പറഞ്ഞത്. താനടക്കമുള്ള മത്സരാര്‍ഥികളുടെ മനസില്‍ ഡിംപല്‍ ഒരു വിജയിയാണെന്നായിരുന്നു റംസാന്‍റെ വാക്കുകള്‍.
"ഈ ബിഗ് ബോസ് വീട്ടില്‍ ഞാന്‍ വന്നിട്ട് ആദ്യമായിട്ട് ഒരു ചെറിയ സൗന്ദര്യപ്പിണക്കം ഉണ്ടാവുന്നത് ഡിംപലുമായിട്ടാണ്. അവിടുന്ന് ചിന്തിക്കുകയാണെങ്കില്‍ ഈ കഴിഞ്ഞ വീക്കിലി ടാസ്‍കില്‍ ഒരുപാട് കോയിന്‍സ് കളക്റ്റ് ചെയ്ത് സ്വന്തമായിട്ട് വെക്കാന്‍ ഉണ്ടായിരുന്നു. തമാശയ്ക്ക് ഇവിടെയുള്ള പലരും ഡിംപലിന്‍റെ കൈയിലുള്ള കോയിനുകള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ഡിംപല്‍ ആദ്യം വിളിച്ചത് എന്‍റെ പേരാണ്. റംസാ ഓടിവാടാ എന്ന്. ഇവിടെ ആരൊക്കെ എത്രത്തോളം കണക്റ്റഡ് ആവുന്നുണ്ട് എന്ന് ഒട്ടും പറയാന്‍ പറ്റില്ല. ഡിംപലിന് ഇടയ്ക്ക് നല്ല രീതിയില്‍ നടുവിന് വേദന ഉണ്ടാകുമായിരുന്നു. പക്ഷേ അത് ഇവിടെ ആരോടും പറയാതെ ഗെയിമില്‍ ഫുള്‍ ഓണ്‍ ആയിട്ട് നില്‍ക്കുന്ന ഡിംപലിനെ കാണുമ്പോഴും ഉള്ളിലെ ആ പെയിന്‍ സഹിച്ച് ഗെയിം കളിക്കുന്ന ഡിംപലിനെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഫിറോസ് ഇക്കയുടെ തോളില്‍ കയറിനിന്ന് കുഴല്‍പന്തുകളിയില്‍ ബോള്‍ കളക്റ്റ് ചെയ്തപ്പോള്‍ ആരോ അന്ന് അറിയാതെ തള്ളി. ഞാന്‍ ചെന്ന് പിടിക്കാന്‍ പോയപ്പോള്‍ ഡിംപല്‍ പറഞ്ഞത്, വേണ്ട ഞാന്‍ ഒറ്റയ്ക്ക് ലാന്‍ഡ് ചെയ്തോളാം, എനിക്ക് ഒറ്റയ്ക്ക് ലാന്‍ഡ് ചെയ്യാന്‍ പറ്റും എന്നാണ്", റംസാന്‍ തുടര്‍ന്നു.
"ഇവിടെയിരിക്കുന്ന എല്ലാവരുടെ മനസിലും ഡിംപല്‍ ഒരു വിന്നര്‍ ആണ്. കഴിഞ്ഞ വാരം ലാലേട്ടന്‍ ചോദിച്ചു, ഫൈനല്‍ ഫൈവില്‍ ആര് വരുമെന്ന്. എല്ലാവരുടെയും സ്വരത്തില്‍ ഒത്തൊരുമിച്ച് കേട്ടത് ഡിംപല്‍ ഭാലിന്‍റെ പേരാണ്. ഷി ഈസ് ഓള്‍റെഡി എ വിന്നര്‍. ഇവിടെ എല്ലാവരും നല്‍കിയ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഇരട്ടി ആയിരിക്കും പുറത്ത് ചെല്ലുമ്പോള്‍ ഉള്ളത്. ഇപ്പോഴത്തെ ഈ സാഹചര്യം ഡിംപലിന് ഉറപ്പായും നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ പറ്റും. കാരണം ഷി ഈസ് എ സ്ട്രോംഗ് ഗേള്‍", റംസാന്‍ പറഞ്ഞുനിര്‍ത്തി.