'ഞങ്ങളുടെ വേദനയില്‍ ഒപ്പം നിന്നവരോട്'; വീഡിയോ സന്ദേശം പങ്കുവച്ച് ഡിംപല്‍ ഭാല്‍
"ഞങ്ങളുടെ വേദന പങ്കുവച്ചതിനും പ്രാര്‍ഥനകള്‍ക്കും നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ നന്ദി അറിയിച്ചേ തീരൂ"
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ ഡിംപല്‍ ഭാല്‍ ഷോയില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോയത് കഴിഞ്ഞ ദിവസമാണ്. അച്ഛന്‍റെ വിയോഗമായിരുന്നു കാരണം. ഈ സീസണിന്‍റെ മുഖങ്ങളിലൊന്നായ ഡിംപലിന് നേരിടേണ്ടിവന്ന വ്യക്തിപരമായ വേദനയില്‍ മറ്റു മത്സരാര്‍ഥികളും പങ്കുചേര്‍ന്നിരുന്നു. ഡിംപല്‍ പോയതിന്‍റെ ശൂന്യതയില്‍ നിന്ന് അവര്‍ ഇനിയും മോചിതരായിട്ടുമില്ല. അതേസമയം ഡിംപലിനെ തിരിച്ചു കൊണ്ടുവരണമെന്ന് ഒരു ഭാഗത്ത് ആരാധകരുടെ ക്യാംപെയ്‍നും നടക്കുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് പോയതിനു ശേഷം ആദ്യമായി ഒരു വീഡിയോ സന്ദേശം പങ്കുവച്ചിരിക്കുകയാണ് ഡിംപല്‍. തങ്ങളുടെ വേദനയില്‍ പ്രാര്‍ഥനയുമായി ഒപ്പം നിന്നവരോടുള്ള നന്ദി അറിയിക്കുകയാണ് വീഡിയോയില്‍ ഡിംപല്‍.
"ഇപ്പോള്‍, ഞാന്‍ എന്‍റെ കുടുംബത്തോടൊപ്പമാണ്. പക്ഷേ ഞങ്ങളുടെ വേദന പങ്കുവച്ചതിനും പ്രാര്‍ഥനകള്‍ക്കും നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ നന്ദി അറിയിച്ചേ തീരൂ" എന്ന ക്യാപ്‍ഷനൊപ്പം പങ്കുവച്ച വീഡിയോയില്‍ ഡിംപല്‍ പറയുന്നത് ഇങ്ങനെ- "നമസ്‍കാരം, ഹലോ. ഇത്രയും ദിവസം ഞാന്‍ എന്‍റെ സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പം ആയിരുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ എന്‍റെ ആവശ്യം അവര്‍ക്കാണ്. ഞങ്ങള്‍ക്ക് ഒന്നിച്ച് അങ്ങോട്ടും ഇങ്ങോട്ടുമുള്ള സപ്പോര്‍ട്ട് ആണ് ഏറ്റവും കൂടുതല്‍ ആവശ്യം വന്നിരിക്കുന്നത് എന്നു ഞാന്‍ ചിന്തിച്ചു. പക്ഷേ അതേസമയം എന്‍റെ കണ്ണീരൊപ്പിയ ഓരോ കുടുംബങ്ങള്‍ക്കും, ഓരോ കുടുംബവും എന്നു ഞാന്‍ പറഞ്ഞത് നിങ്ങളെയാണ്. നിങ്ങള്‍ തന്ന ആ വാക്കുകള്‍ ഞാന്‍ വായിച്ചിരുന്നു. എനിക്കും എന്‍റെ അച്ഛനും എന്‍റെ കുടുംബത്തിനും നിങ്ങള്‍ തന്ന എല്ലാ സ്നേഹവും പ്രചോദനവുമാണ് ഞാന്‍ ഈ നിമിഷം ഓര്‍ക്കുന്നത്. എല്ലാവര്‍ക്കും എന്‍റെയും കുടുംബത്തിന്‍റെയും നന്ദി അറിയിക്കുന്നു. ഇത്രയും സ്നേഹവും പ്രാര്‍ഥനയും നല്‍കിയതിന്."
അച്ഛനൊപ്പമുള്ള നിമിഷങ്ങളുടെ ഓര്‍മ്മകള്‍ ചേര്‍ത്ത് മറ്റൊരു പോസ്റ്റും ഇന്‍സ്റ്റഗ്രാമിലൂടെ ഡിംപല്‍ ഇന്ന് പങ്കുവച്ചിരുന്നു. "നിങ്ങള്‍ ഓരോരുത്തരും നല്‍കിയ സ്നേഹം എന്നെയും എന്‍റെ സഹോദരിമാരെയും അമ്മയെയും കീഴ്പ്പെടുത്തിയിരിക്കുന്നു. ഞങ്ങളുടെ കൃതഞ്ജന", ചിത്രത്തിനൊപ്പം ഡിംപല്‍ കുറിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona