'എങ്ങനെ പ്രതിരോധിക്കണമെന്ന് മമ്മി പറഞ്ഞപ്പോൾ, പപ്പ പഠിപ്പിച്ചത് വീടുണ്ടാക്കാൻ'; മാതൃദിനത്തിൽ ഡിംപൽ
പ്രിയ മത്സരാർത്ഥിക്കായുള്ള കാത്തിരിപ്പിലാണ് നിലവിൽ ബിഗ് ബോസ് ആരാധകർ.
ബിഗ് ബോസ് സീസണ്‍ മൂന്നിലെ മികച്ച മത്സരാര്‍ത്ഥിയായ ഡിംപലിന്റെ പിതാവ് അന്തരിച്ചുവെന്ന വാര്‍ത്ത ഏറെ സങ്കടത്തോടെയാണ് പ്രേക്ഷകർ കേട്ടത്. പിന്നാലെ ഡിംപൽ ഹൗസിന് പുറത്തേക്ക് പോകുകയും ചെയ്തിരുന്നു. പ്രിയ മത്സരാർത്ഥിക്കായുള്ള കാത്തിരിപ്പിലാണ് നിലവിൽ ബിഗ് ബോസ് ആരാധകർ. ഇപ്പോഴിതാ മാതൃദിനത്തിൽ ഡിംപൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്.
“പപ്പ, മമ്മി, നിങ്ങൾ രണ്ടുപേരും സ്പെഷ്യലാണ്. അമ്മ ഞങ്ങളെ തിരിച്ച് പോരാടാൻ പഠിപ്പിച്ചപ്പോൾ, പപ്പ ഞങ്ങളെ റോട്ടിയുണ്ടാക്കാനാണ് പഠിപ്പിച്ചത്. എങ്ങനെ പ്രതിരോധിക്കണമെന്ന് മമ്മി പറഞ്ഞപ്പോൾ, എങ്ങനെ ഒരു വീടുണ്ടാക്കാം എന്നാണ് പപ്പ പഠിപ്പിച്ചത്. ഇന്ന് കാണുന്ന തരത്തിൽ ഞങ്ങളെ വാർത്തെടുത്തത് നിങ്ങളാണ്. ഞങ്ങളെ സംബന്ധിച്ച് നിങ്ങൾ ഒന്നാണ്. അതുകൊണ്ട് പപ്പയ്ക്കും മമ്മിയ്ക്കും മാതൃദിനം ആശംസിക്കുന്നു. എപ്പോഴും മികച്ചവരായിരിക്കുന്നതിന് നന്ദി,” എന്നാണ് ഡിംപൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപല്‍ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona