Bigg Boss : 'എന്റെ പ്രണയം തുടങ്ങിയത് ഇങ്ങനെ', വെളിപ്പെടുത്തി ധന്യ മേരി വര്‍ഗീസ്
ബിഗ് ബോസില്‍ തന്റെ പ്രണയ കഥ തുറന്നുപറഞ്ഞ് ധന്യ മേരി വര്‍ഗീസ് (Bigg Boss).
ബിഗ് ബോസ് മലയാളം നാലാം സീസണ്‍ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്‍തരായ മത്സരാര്‍ഥികള്‍ തന്നെയാണ് ഷോയുടെ പ്രധാന ആകര്‍ഷണം. സംഘര്‍ഷങ്ങളിലുടെയും ഇണക്കങ്ങളിലൂടെയുമൊക്കെ മത്സരാര്‍ഥകള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. സ്വന്തം പ്രണയ കഥയും ഓരോ മത്സരാര്‍ഥിയും മറ്റുള്ളവരോട് ബിഗ് ബോസില്‍ വെളിപ്പെടുത്തി (Bigg Boss).
ബിഗ് ബോസിലെ ഒരു കരുത്തയായ മത്സരാര്‍ഥിയാണ് സീരിയല്‍- സിനിമാ താരം ധന്യ മേരി വര്‍ഗീസ്. കഴിഞ്ഞ ദിവസം ധന്യ തന്റെ പ്രണയ കഥ പ്രേക്ഷകരോട് വെളിപ്പെടുത്തി. ഭര്‍ത്താവ് ജോണിനെ താൻ എങ്ങനെയാണ് പരിചയപ്പെട്ടതെന്നും പ്രണയത്തിലേക്ക് എത്തിയതെന്നും ധന്യ പറഞ്ഞു.രണ്ടായിരത്തി പത്തില്‍ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാഴ്‍സില്‍ നൂറാമത്തെ എപ്പിസോഡില്‍ ഞാനടക്കമുള്ള കുറച്ച് ആര്‍ടിസ്റ്റുകളെ വിളിച്ചിരുന്നു. എന്റെ ഭര്‍ത്താവിനെ അന്ന് ഞാൻ പരിചയപ്പെട്ടു. പുള്ളി നോട്ട് ചെയ്യുന്നുണ്ടായിരുന്നു എന്നെ. 45 ഡേയ്‍സുള്ള ഒരു യുഎസ് ട്രിപ്പിനും തുടര്‍ന്ന് ഞങ്ങളെ വിളിച്ചിരുന്നു. കുറെ ആര്‍ട്ടിസ്റ്റുകളുണ്ട്. ഡാൻസ് പഠിപ്പിക്കാൻ വരുന്നത് ഇന്ന ആളാണ് എന്ന് പറഞ്ഞു. അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്, കുഴപ്പമില്ലാത്ത ആളാണ് എന്ന് അറിയാം. ഏത് ഡാൻസ് ചെയ്യണം എന്നൊക്കെ ഞങ്ങള്‍ ഫോണിലൂടെ ചര്‍ച്ച ചെയ്‍തു. യുഎസ് ട്രിപ്പ് പോകുന്നതിന് എപ്പോഴാണ് ഞാൻ ഒരു സ്വപ്‍നം കണ്ടു, ഞാൻ ഇയാളെ പ്രണയിക്കുന്നതായിരുന്നു. ഞാൻ പ്രണയിച്ചതിന് ശേഷം കരയുന്നതായിട്ടാണ് കാണുന്നത്. യുഎസില്‍ പോയതിന് ശേഷം ഇയാളുമായി ഞാൻ ഒരു കണക്ഷനും ഉണ്ടാകില്ല എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് യുഎസില്‍ വലിയ ഒരു ചുഴലിക്കാറ്റുമൊക്കെ ഉണ്ടാകുന്നത്. ട്രിപ്പ് മുടങ്ങി. ചീട്ട് കളിക്കുക ആയിരുന്നു ഞങ്ങളുടെ ആകെ എന്റര്‍ടെയ്‍ൻമെന്റ്. അങ്ങനെ മിക്കവാറും ഞാനും പുള്ളിയുമായിരിക്കും ടീം. ചീട്ടു കളിച്ച് തുടങ്ങിയതാണ് ഞങ്ങളുടെ പ്രണയം- ധന്യ പറഞ്ഞു.
ധന്യ മേരി വര്‍ഗീസും ജോണും 2011ലാണ് വിവാഹിതരാകുന്നത്. കൈരളി ചാനലിലെ താരോത്സവം എന്ന പ്രോഗ്രാമിലെ വിജയിയാണ് ജോണ്‍. ജൊഹാൻ എന്ന ഒരു മകനും ധന്യ മേരി വര്‍ഗീസ്- ജോണ്‍ ദമ്പതിമാര്‍ക്കുണ്ട്. ധന്യയും ജോണും ടെലിവിഷൻ രംഗത്ത് ഇന്ന് സജീവമാണ്.
'തിരുടി' എന്ന ചിത്രത്തിലൂടെയാണ് 2006 -ൽ 'ധന്യ മേരി വർഗീസ് സിനിമാലോകത്തേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് 'നന്മ' എന്ന ചിത്രത്തിലാണ് എങ്കിലും 'തലപ്പാവ്' എന്ന ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ മോഡലിംഗിലും നിരവധി പരസ്യചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ 'സീതാകല്യാണം' എന്ന സീരിയലിൽ 'സീത'യെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരുപാട് ആരാധകരുള്ള സീരിയലായിരുന്നു 'സീതാകല്യാണം'. 'വൈരം', 'ദ്രോണ', 'റെഡ് ചില്ലീസ്', 'നായകൻ', 'കേരള കഫെ' തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. കൂത്താട്ടുകുളം ഇടയാറിൽ വർഗീസിന്റെയും ഷീബയുടെയും മകളാണ് ധന്യ മേരി വർഗീസ്.
ബിഗ് ബോസിനെ കുറിച്ച് തുടക്ക ദിവസം മോഹൻലാല്‍ പറഞ്ഞ വാക്കുകൾ
ഒരുപാട് സന്തോഷം. ബിഗ് ബോസ് സീസൺ 4 തുടങ്ങുകയാണ്. എല്ലാത്തവണത്തെയും പോലെയല്ല, ഒരുപാട് പ്രത്യേകതകളുള്ള ബിഗ് ബോസ് വീടായിരിക്കും ഇത്തവണത്തേത്. ഞങ്ങൾ ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്. ആ വീട് തന്നെ വളരെയധികം പ്രത്യേകതകളുള്ള വീടാണ്. മത്സരാർത്ഥികളും അതുപോലെ തന്നെയാണ്. കൊവിഡ് പ്രോട്ടോക്കോളുകളും കാര്യങ്ങളുമൊക്കെ ആയിട്ടും ഒരുപാട് കാര്യങ്ങൾ നോക്കിയാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും വളരെയധികം എന്റർടെയ്ൻമെന്റ് ആയിരിക്കും ബിഗ് ബോസ്. അതിന്റെ ഒരു ത്രില്ലിൽ തന്നെയാണ് ഞങ്ങൾ എല്ലാവരും. എല്ലാം ഭംഗിയായി നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എന്തായാലും ഒരു വിഷ്വർ ട്രീറ്റായിരിക്കും ഷോ. ഒരുപാട് പ്രത്യേകതകൾ ഷോയിൽ നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാം.
മത്സരാർത്ഥികൾക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ചു നാൾ കഴിയുമ്പോൾ അവർ വേറൊരു ലോകത്തേക്ക് എത്തിപ്പെടും. അവർ എന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലായിരിക്കും. അതിനൊക്കെ അവർക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മൾ നിൽക്കേണ്ടത്. ഒന്നും പ്ലാൻ ചെയ്തുകൊണ്ട് നമുക്ക് സ്റ്റേജിലേക്ക് പോകാൻ പറ്റില്ല. വളരെ സൗമ്യമായ രീതിയിൽ മാത്രമെ നമുക്കിത് മുന്നോട്ട് കൊണ്ടു പോകാൻ പറ്റുള്ളു. അതിന്റെ ത്രില്ലിലാണ് ഞാനും.
ഇരുപത്തിനാല് മണിക്കൂറും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കാണാറുണ്ട്. ഓരോരുത്തരോടും എന്ത് പറയണം എന്ന ധാരണയോടെയാണ് സ്റ്റേജിലേക്ക് പോകുന്നത്. ചിലപ്പോൾ അവരുടെ ഒരു ചോദ്യം കൊണ്ട് ആ ധാരണകളെല്ലാം തകിടം മറിഞ്ഞ് പോകും. മത്സരാർത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഒരു ലിങ്ക് ആണ് ഞാൻ. അത് പൊട്ടിപ്പോകാതെ ഞാൻ നോക്കണം. രണ്ട് പേരോടും നമ്മൾ സൗമ്യമായ രീതിയിൽ തന്നെ പോകണമെന്നും മോഹൻലാല്‍ പറഞ്ഞു.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.