Bigg Boss S 4 : 'നിന്റെ തലയ്ക്ക് വല്ല ഓളവുമുണ്ടോ': ബ്ലെസ്ലിയോട് കയർത്ത് ഡെയ്സി
ലക്ഷ്വറി ബജറ്റ് കിട്ടാനാണ് എല്ലാവരും കിടന്ന് കഷ്ടപ്പെടുന്നത്. അതിനെ മനപൂർവ്വം പൊളിപ്പിക്കല്ലേ. നീ ഇവിടെ നല്ല പിള്ള ചമയല്ലേയെന്നും ഡെയ്സി പറയുന്നു.
ബിഗ് ബോസിൽ ഏവരും കാത്തിരിക്കുന്ന സെഗ്മെന്റാണ് വീക്കിലി ടാസ്ക്കുകൾ. ഓരോ തവണയും ബുദ്ധിപരവും ആരോഗ്യപരവുമായ ടാസ്ക്കുകളാണ് ബിഗ് ബോസ് നൽകാറ്. ഇത്തവണയും അക്കാര്യത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ആരോഗ്യരംഗം എന്നാണ് ഇത്തവണത്തെ ടാസ്ക്കിന്റെ പേര്. ടാസ്ക്ക് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ചില പ്രശ്നങ്ങളും ഉയരുന്നുണ്ട്. ഇന്ന് ബ്ലെസ്ലിയും ഡെയ്സിയുമാണ് തർക്കമുണ്ടാക്കിയത്.
ശരീര ഭാരം കൂട്ടേണ്ടവർ ഒരേയിരിപ്പ് ഇരുന്നതിനാൽ അടുത്ത ഏതാനും സമയങ്ങളിൽ അവരോട് എവിടെ വേണമെങ്കിലും പോകാമെന്നും ഇല്ലെങ്കിൽ പുത്തം പിടിക്കുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. പിന്നാലെ അടുക്കളയിൽ എത്തിയ ബ്ലെസ്ലി തന്റെ പ്ലേറ്റും മറ്റ് രണ്ട് പാത്രങ്ങളും കൂടെ കഴുകി വച്ചത് ഡെയ്സിയെ ചൊടിപ്പിക്കുക ആയിരുന്നു. ജോലി ചെയ്യാൻ പാടില്ലെന്നാണ് നിർദ്ദേശമെന്നും നീ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെയും ബാധിക്കുമെന്നും ഡെയ്സി പറയുന്നു.
നീ കിടന്ന് ഉറങ്ങിയല്ലോ എന്ന് ബ്ലെസ്ലി ചോദിച്ചപ്പോൾ മരുന്ന് കഴിച്ച ക്ഷീണത്തിൽ ഉറങ്ങിയതാണെന്നായിരുന്നു ഡെയ്സിയുടെ മറുപടി. ഇതും അങ്ങനെ സംഭവിച്ച് പോയതാണെന്ന് ബ്ലെസ്ലിയും പറയുന്നു. ഇതോടെ അരിശം കയറിയ ഡെയ്സി 'നിന്റെ തലയ്ക്ക് വല്ല ഓളവുമുണ്ടോ?' എന്ന് ബ്ലെസ്ലിയോട് ചോദിക്കുക ആയിരുന്നു. ലക്ഷ്വറി ബജറ്റ് കിട്ടാനാണ് എല്ലാവരും കിടന്ന് കഷ്ടപ്പെടുന്നത്. അതിനെ മനപൂർവ്വം പൊളിപ്പിക്കല്ലേ. നീ ഇവിടെ നല്ല പിള്ള ചമയല്ലേയെന്നും ഡെയ്സി പറയുന്നു. പിന്നാലെ അഖിലാണ് ഡെയ്സിക്ക് ഐഡിയ കൊടുത്തതെന്ന് ബ്ലെസ്ലി പറയുന്നു. നിന്നെയും ഡെയ്സിയേയും അടിപ്പിച്ചിട്ട് എനിക്ക് എന്ത് കിട്ടാനാണെന്നായിരുന്നു അഖിലിന്റെ മറുപടി.
എന്താണ് ആരോഗ്യരംഗം ടാസ്ക്
ഭക്ഷണം , വ്യായാമം എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അനുയോജ്യമല്ലാത്ത ഭക്ഷണ രീതികളും അളവുകളും ജീവിത ശൈലികളും ഒരു വ്യക്തിയെ വലിയ രോഗിയാക്കി മാറ്റിയേക്കാം. നിങ്ങളുടെ ആരോഗ്യകരമായ കാര്യങ്ങളിൽ ബിഗ് ബോസിന് അതീവ ശ്രദ്ധ ഉള്ളതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ടാസ്ക്കാണ് ഇത്തവണ തരുന്നതെന്നായിരുന്നു ബിഗ് ബോസ് നൽകിയ നിർദ്ദേശം. മത്സരാർത്ഥികളുടെ ശരീരഭാരം പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ് ഈ ടാസ്ക്കിന്റെ ലക്ഷം. ശരീരഭാരം വർധിപ്പിക്കേണ്ടവർ കുറക്കേണ്ടവർ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിയുക. ലഭിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരീരഭാഗം കുറഞ്ഞവർ കുറഞ്ഞത് ഏഴ് കിലോഗ്രാം എങ്കിലും വർധിപ്പിക്കുകയും, ശരീര ഭാരം കൂടുതൽ ഉള്ളവർ 10 കിലോ വരെയെങ്കിലും കുറയ്ക്കുകയും ചെയ്യുക എന്നതാണ് ടാസ്ക്. ഇതിനായി ശരീരഭാരം ഉയർത്തേണ്ടവർ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ബസർ മുഴുങ്ങുന്ന നിശ്ചിത ഇടവേളയിൽ കഴിക്കുകയും കുറയ്ക്കേണ്ടവർ നിർദ്ദേശ പ്രകാരം ചില ഭക്ഷണങ്ങൾ ത്യജിക്കുകയും വേണം.
ശരീരഭാരം വർധിപ്പിക്കേണ്ടവർ ജോലികളൊന്നും ചെയ്യാൻ പാടില്ല. അവർ ഇരിക്കുന്നിടത്ത് നിന്ന് മാറാനും പാടുള്ളതല്ല. എന്തെങ്കിലും ആവശ്യത്തിനായി ഇവർക്ക് പോകണമെങ്കിൽ ശരീരഭാരം കുറയ്ക്കേണ്ടവർ എടുത്തോണ്ട് പോകേണ്ടതാണ് എന്നിങ്ങനെയാണ് ടാസ്ക്കിന്റെ നിർദ്ദേശം. ഈ ടാസ്ക്കിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആരും പുകവലിക്കുവാൻ പാടുള്ളതല്ലെന്നും ബിഗ് ബോസ് നിർദ്ദേശിച്ചു. ഷോയിലെ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ ആയിരിക്കും. ഭാരം കൂട്ടേണ്ട ടീമിന്റെ ക്യാപ്റ്റൻ ജാസ്മിനും കുറയ്ക്കേണ്ടവരുടെ ക്യാപ്റ്റൻ നവീനുമാണ്. നവീന്റെ ഗ്രൂപ്പ് നെയിം ഫയർ എന്നും ജാസ്മിന്റെ ഗ്രൂപ്പ് നെയിം ദ ഗെയ്നേഴ്സ് എന്നുമാണ്. നാല് ദിവസമാണ് ടാസ്ക്ക്. പിന്നാലെ വലിയ രസകരമായ രീതിയിലായിരുന്നു മത്സരാർത്ഥികൾ ടാസ്ക് ചെയ്തത്. ടാസ്ക് ചെയ്യുന്നതിനിടയിൽ പ്രത്യേകം മ്യൂസിക് ബിഗ് ബോസ് പ്ലേ ചെയ്യും അപ്പോഴാണ് ഭാരം കുറയ്ക്കേണ്ടവർ വ്യായാമം ചെയ്യേണ്ടത്. ഭാരം കൂട്ടേണ്ടവർക്ക് വൻ വിരുന്നായിരുന്നു ബിഗ് ബോസ് ഒരുക്കിയിരുന്നത്.