സര്‍പ്രൈസ് 'സീക്രട്ട് റൂം'! അവസാന അവസരം മുതലാക്കുമോ നോറ?
സീസണ്‍ അവസാനിക്കാന്‍ കഷ്ടിച്ച് രണ്ട് ആഴ്ചകള്‍ മാത്രം ശേഷിക്കെ ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു മത്സരാര്‍ഥി സീക്രട്ട് റൂമില്‍ പ്രവേശിപ്പിക്കപ്പെടുന്നത്
സര്‍പ്രൈസുകളുടെ അക്ഷയഖനിയാണ് എപ്പോഴും ബിഗ് ബോസ് ഷോ. റൂള്‍ ബുക്കിലെ കര്‍ശന നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് അവിടെ മത്സരാര്‍ഥികളുടെ എല്ലാ കളികളുമെങ്കിലും അവര്‍ക്കും പ്രേക്ഷകര്‍ക്കും ഒരു സര്‍പ്രൈസ് നല്‍കാനുള്ള എല്ലാ ലൂപ്പ് ഹോളുകളും റൂള്‍ ബുക്കില്‍ത്തന്നെയുണ്ട്. ഒരേ രീതിയില്‍ മുന്നോട്ട് പോകുന്ന ഹൗസിനെ ചലനാത്മകമാക്കാന്‍ ബിഗ് ബോസ് പരീക്ഷിക്കുന്ന പല മാര്‍ഗങ്ങളിലൊന്നാണ് മത്സരാര്‍ഥികളുടെ സീക്രട്ട് റൂം വാസം. എന്നാല്‍ സീസണ്‍ അവസാനിക്കാന്‍ കഷ്ടിച്ച് രണ്ട് ആഴ്ചകള്‍ മാത്രം ശേഷിക്കെ ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു മത്സരാര്‍ഥി സീക്രട്ട് റൂമില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.
ഏറിയും കുറഞ്ഞും ഗ്രാഫ്
കാര്യങ്ങളെ എപ്പോഴും വ്യക്തിപരമായും വൈകാരികമായും സമീപിക്കുന്ന മത്സരാര്‍ഥി. ബിഗ് ബോസ് ഹൗസില്‍ കാര്യമായി സൗഹൃദങ്ങളോ സൗഹൃദ നിമിഷങ്ങളോ സൃഷ്ടിക്കാതിരുന്ന മത്സരാര്‍ഥി. എന്നിരിക്കിലും ഈ സീസണെക്കുറിച്ച് പിന്നീട് ഓര്‍ക്കുമ്പോള്‍ നോറയെ ഒഴിച്ചുനിര്‍ത്താനാവില്ല ഒരാള്‍ക്ക്. കാരണം സ്ക്രീന്‍ സ്പേസ് അത്രയും നേടിയ മത്സരാര്‍ഥിയാണ് നോറ. ഇമോഷണലി വീക്ക് എന്ന ടാഗോടെ തുടക്കം. പതിയെപ്പതിയെ എതിരഭിപ്രായങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടിയില്ലാത്ത നിലയിലേക്ക് നോറ വളര്‍ന്നു. ജയിക്കണമെന്ന ആഗ്രഹത്തോടെ, എന്നാല്‍ വലിയ പ്ലാനിംഗ് ഒന്നുമില്ലാതെ മത്സരങ്ങളെ നേരിട്ട് സമീപിച്ചു. അപൂര്‍വ്വമായി മാത്രം സുഹൃത്തുക്കളെ നേടി. കാര്യങ്ങളെ എപ്പോഴും വ്യക്തിപരമായി മാത്രം എടുക്കുന്നു, പോയിന്‍റുകള്‍ അവതരിപ്പിക്കുമ്പോള്‍ കാടുകയറി പോകുന്നു തുടങ്ങിയവയാണ് നോറയുടെ നെഗറ്റീവ് പോയിന്‍റുകളായി സഹമത്സരാര്‍ഥികള്‍ ഉന്നയിച്ചിരുന്നത്. അവരുടെ സത്യസന്ധതയെ ആരും ചോദ്യം ചെയ്തിരുന്നില്ല. എന്നാല്‍ ഫാമിലി വീക്കിന് ശേഷം അതില്‍ ചെറിയ മാറ്റം വന്നിരുന്നു. മുന്‍പത്തേതുപോലെ വലിയ തര്‍ക്കങ്ങള്‍ക്ക് പോകാത്ത, അധികം സ്ക്രീന്‍ സ്പേസ് ഇല്ലാത്ത നോറയായിരുന്നു ടിക്കറ്റ് ടു ഫിനാലെയ്ക്ക് മുന്‍പുവരെ. എന്നാല്‍ പല കരുത്തരും പരാജയപ്പെട്ട ടിടിഎഫ് എന്‍ഡ്യുറന്‍സ് ടാസ്കിലെ അസാധ്യ പ്രകടനം നോറയെ വീണ്ടും പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തി. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി നോറയ്ക്ക് മുന്നില്‍ സീക്രട്ട് റൂമിന്‍റെ വാതില്‍ തുറക്കപ്പെടുന്നത്.
'സീക്രട്ട് റൂം' എന്ന സാധ്യത
മുന്‍ സീസണുകളില്‍ സീക്രട്ട് റൂമില്‍ പോയി മടങ്ങിവന്ന പല മത്സരാര്‍ഥികളും തങ്ങളുടെ സ്ട്രാറ്റജികള്‍ അടിമുടി മാറ്റിയിട്ടുണ്ട്. നേരിട്ട് കേള്‍ക്കുന്നതോ അല്ലെങ്കില്‍ മത്സരാര്‍ഥികളായ അടുത്ത സുഹൃത്തുക്കള്‍ പറയുന്നതോ ആയ കാര്യങ്ങള്‍ മാത്രമേ ഹൗസിനുള്ളില്‍ നില്‍ക്കുമ്പോള്‍ ഒരു മത്സരാര്‍ഥിക്ക് മുഖവിലയ്ക്ക് എടുക്കാന്‍ പറ്റൂ. എന്നാല്‍ എത്ര അടുത്ത സുഹൃത്ത് ആണെങ്കിലും മത്സരാവേശവും സംഘര്‍ഷവും എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ബിഗ് ബോസ് ഹൗസിലെ അന്തരീക്ഷത്തില്‍ ഒരാളെ 100 ശതമാനം വിശ്വസിക്കല്‍ അസാധ്യവുമാണ്. എന്നാല്‍ പുറത്തായെന്ന് മറ്റുള്ളവര്‍ കരുതുന്ന സമയത്ത് ഒരിടത്ത് ഒളിച്ച് പാര്‍ത്ത് ബിഗ് ബോസ് ലൈവ് സ്ട്രീമിംഗ് കാണാം എന്നതാണ് സീക്രട്ട് റൂം വാസം ഒരു മത്സരാര്‍ഥിക്ക് നല്‍കുന്ന അഡ്വാന്‍റേജ്. സഹമത്സരാര്‍ഥികളുടെ സംസാരം- സ്ട്രാറ്റജികളും പരസ്പരമുള്ള വിലയിരുത്തലുകളും ഗെയിം പ്ലാനിംഗുകളും തന്നെക്കുറിച്ചുതന്നെ പറയുന്നതുമൊക്കെ- കേള്‍ക്കാമെന്നതാണ് ഇതിന്‍റെ ഹൈലൈറ്റ്. ഹൗസില്‍ തിരിച്ചെത്തുമ്പോള്‍ കൂടുതല്‍ കരുത്ത് നേടാന്‍ സ്വന്തം ഗെയിം പ്ലാനിംഗില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് ചിന്തിക്കാന്‍ വലിയ അവസരമാണ് ഒരു മത്സരാര്‍ഥിക്ക് സീക്രട്ട് റൂമിലൂടെ ബിഗ് ബോസ് നല്‍കുന്നത്.
ഫിനാലെയ്ക്ക് രണ്ടാഴ്ച മാത്രം
എന്നാല്‍ ഫിനാലെയ്ക്ക് രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാല്‍ നോറയുടെ സീക്രട്ട് റൂം വാസം അധികം നീളാന്‍ സാധ്യതയില്ല. ചിലപ്പോള്‍ അത് മണിക്കൂറുകള്‍ മാത്രം ആവാം. സഹമത്സരാര്‍ഥികളെ ഒന്ന് അമ്പരപ്പിക്കുക മാത്രമാവും ബിഗ് ബോസിന്‍റെ ലക്ഷ്യം. എന്നാല്‍ നോറയ്ക്ക് മുന്നില്‍ ഇത് സാധ്യതയുടെ ഒരു വാതില്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ലഭിക്കുന്ന സ്ക്രീന്‍ സ്പേസ് തന്നെയാണ് ഇവിടെ പ്രധാനം. ഈ സീസണില്‍ സ്ക്രീന്‍ സ്പേസിന് കുറവൊന്നുമില്ലാതിരുന്ന മത്സരാര്‍ഥിയാണ് നോറ. ക്യാമറയില്‍ നോക്കി സംസാരിക്കുന്നുവെന്ന് സഹമത്സരാര്‍ഥികള്‍ ഏറ്റവുമധികം ആരോപണമുന്നയിച്ചത് നോറയെക്കുറിച്ചാണ്. എന്നാല്‍ തന്നെ കേള്‍ക്കാന്‍ ആരും തയ്യാറാവാത്തതിനാലാണ് ക്യാമറയ്ക്ക് മുന്നില്‍ പോയി സംസാരിക്കുന്നതെന്നാണ് നോറ ഇതിന് നല്‍കിയിട്ടുള്ള മറുപടി. ഈ സീസണിലെ മത്സരങ്ങള്‍ ഏറെക്കുറെ തീര്‍ന്ന അവസ്ഥയിലാണ്. ഹൗസില്‍ സൗഹൃദാന്തരീക്ഷമാണ് കൂടുതല്‍. നന്ദനയുടെ എവിക്ഷന് ശേഷം ഒന്‍പത് മത്സരാര്‍ഥികള്‍ മാത്രമാണ് അവശേഷിക്കുന്നത്. വലിയ തര്‍ക്കങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവായതിനാല്‍ത്തന്നെ അവിടെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനില്‍ക്കാനും, അത്തരത്തില്‍ പ്രേക്ഷകശ്രദ്ധ നേടാനുമുള്ള സാധ്യതയും കുറവാണ്. എന്നാല്‍ സീക്രട്ട് റൂമിലേക്ക് എത്തുന്ന നോറയ്ക്ക് അത്തരത്തില്‍ വേറിട്ട ഒരു സ്ക്രീന്‍ സ്പേസ് കിട്ടും.
ടോപ്പ് ഫൈവിലെ പോര്
ഇപ്പോള്‍ ഉള്ള ഒന്‍പത് മത്സരാര്‍ഥികളില്‍ ശ്രീതു, സായ് എന്നിവരെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാവരും ഫൈനല്‍ 5 ലേക്ക് ഏറിയോ കുറഞ്ഞോ സാധ്യതയുള്ളവരാണ്. ജിന്‍റോ, ജാസ്മിന്‍, അഭിഷേക് എന്നിവരാണ് ഇതിനകം ഫൈനല്‍ 5 ഏറെക്കുറെ ഉറപ്പിച്ച മത്സരാര്‍ഥികള്‍. അതേസമയം ശ്രീതുവും സായിയും ഒഴികെ ബാക്കിയുള്ള നാല് പേരില്‍- ഋഷി, അര്‍ജുന്‍, നോറ, സിജോ- നിന്നാണ് ഫൈനല്‍ 5 ലെ അവസാന രണ്ട് പേര്‍ വരേണ്ടത്. ഈ രണ്ട് സ്ഥാനങ്ങള്‍ക്കായി നിലവില്‍ കടുത്ത മത്സരവുമുണ്ട്. സിജോയ്ക്ക് മുന്‍പ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും ടിക്കറ്റ് ടു ഫിനാലെയ്ക്ക് ശേഷം അത് കുറഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ ടോപ്പ് 5 ലേക്ക് മുന്നേറാന്‍ നോറയ്ക്ക് ലഭിക്കുന്ന ഒരു അധിക അവസരമാണ് സീക്രട്ട് റൂം. ഗെയിമിനെ എപ്പോഴും വൈകാരികമായി മാത്രം സമീപിക്കാറുള്ള നോറ ഇപ്പോഴും അങ്ങനെ മാത്രം തുടര്‍ന്നാല്‍ ഈ സീക്രട്ട് റൂം വാസം വ്യത്യാസമൊന്നും ഉണ്ടാക്കണമെന്നുമില്ല. അതേസമയം ബിഗ് ബോസിനെക്കുറിച്ചും സഹമത്സരാര്‍ഥികളെക്കുറിച്ചും ഇതുവരെ ലഭിക്കാത്ത ഒരു ഉള്‍ക്കാഴ്ചയോടെ നോറ എത്തിയാല്‍ അത് തന്നെയാവും വലിയ സര്‍പ്രൈസ്. മുന്നോട്ടുള്ള ദിനങ്ങളെ അത് കൂടുതല്‍ ചലനാത്മകമാക്കുകയും ചെയ്യും.
ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം
നടത്തിയത് വന്‍ കുതിപ്പ്; ഫിനാലെയ്ക്ക് രണ്ടാഴ്ച ശേഷിക്കെ നന്ദന പുറത്താവുന്നത് എന്തുകൊണ്ട്? കാരണങ്ങള്‍
ജാസ്‍മിനോ അഭിഷേകോ? അന്തിമ പോരാട്ടത്തില്‍ ആര് ജയിക്കും?
ആ നിര്‍ണായക തീരുമാനം പിഴച്ചു; അന്‍സിബയുടെ ഞെട്ടിക്കുന്ന എവിക്ഷന് പിന്നിലെ കാരണങ്ങള്‍
അപ്‍സര എന്തുകൊണ്ട് പുറത്തായി? സര്‍പ്രൈസ് എവിക്ഷന് പിന്നിലെ 5 കാരണങ്ങള്‍
പുറത്താവുമ്പോഴും റെസ്‍മിന്‍റെ മടക്കം വിജയിയുടേത്? ഈ 'കോമണര്‍' പോവുന്നത് റെക്കോര്‍ഡുമായി
ഈ കൈയടി വോട്ടായി മാറുമോ? 'സീക്രട്ട് ഏജന്‍റ്' സായ് കൃഷ്‍ണനായി മാറുമ്പോള്‍
ആരാണ് ശരിക്കും അഭിഷേക് ശ്രീകുമാര്‍? ട്വിസ്റ്റ് കൊണ്ടുവരുമോ 'ഇമോഷണല്‍ ട്രാക്ക്'?
പെര്‍ഫോമര്‍ ഓഫ് ദി സീസണ്‍; ശ്രീരേഖ എന്തുകൊണ്ട് പുറത്തായി? 6 കാരണങ്ങള്‍
നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്
ഗബ്രി എന്തുകൊണ്ട് പുറത്തായി? സീസണ്‍ 6 ലെ സര്‍പ്രൈസ് എവിക്ഷനിലേക്ക് നയിച്ച കാരണങ്ങള്‍
ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?
എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?
ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?
9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?
ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?
റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?
കളിക്കാന്‍ മറന്ന കോമണര്‍, ബിഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍
പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബിഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?
കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ
എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?'