Asianet News MalayalamAsianet News Malayalam

വിഷ്‍ണുവിന് പിന്നാലെ ബി​ഗ് ബോസില്‍ അടുത്ത സര്‍പ്രൈസ് എവിക്ഷന്‍? പ്രൊമോ പുറത്ത്

ഏഴ് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്

chances of another surprise eviction today in bigg boss malayalam season 5 nsn
Author
First Published Jun 18, 2023, 2:09 PM IST | Last Updated Jun 18, 2023, 2:09 PM IST

അപ്രതീക്ഷിതത്വങ്ങളാണ് ബിഗ് ബോസ് ഷോയെ ഇത്രയും ജനപ്രിയമാക്കിയത്. ഏത് നിമിഷവും എന്തും സംഭവിക്കാനുള്ള സാധ്യതയാണ് മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ ഈ ജനപ്രിയ റിയാലിറ്റി ഷോ തുറന്നിടുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ നൂറ് ദിവസത്തോളം അടച്ചിട്ട ഒരു വീട്ടില്‍ കഴിയുന്ന മത്സരാര്‍ഥികള്‍ തങ്ങളുടെ പുറത്തെ സ്വീകാര്യത മനസിലാക്കുന്നത് വാരാന്ത്യത്തില്‍ എത്തുന്ന മോഹന്‍ലാലിന്‍റെ വാക്കുകളിലൂടെയാണ്. ഒപ്പം നോമിനേഷനില്‍ വരുമ്പോള്‍ ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളിലൂടെയും. ഒരു കാണിക്ക് ദിവസേന ഒരു വോട്ടായി ചുരുക്കിയത് ഈ സീസണില്‍ കാര്യങ്ങളെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. മത്സരാര്‍ഥികളുടെ ജനപ്രീതി ദിനംപ്രതിയെന്നോണം മാറിമറിയുന്ന ബിഗ് ബോസിലെ എവിക്ഷനുകളെ കൂടുതല്‍ സര്‍പ്രൈസിംഗ് ആക്കുന്നത് ഒരര്‍ഥത്തില്‍ ഇത്തവണത്തെ ഈ മാറിയ വോട്ടിംഗ് രീതിയാണ്. ഈ സീസണിലെ ഏറ്റവും ഞെട്ടിച്ച എവിക്ഷന്‍ ഇന്നലെ നടന്ന വിഷ്ണു ജോഷിയുടെ പുറത്താവലായിരുന്നു. ഇപ്പോഴിതാ ഇന്നും അത്തരത്തില്‍ ഒരു എവിക്ഷന്‍ ഉണ്ടായേക്കാനുള്ള സാധ്യതകള്‍ തുറന്നിടുകയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ.

മത്സരാര്‍ഥികളില്‍ ഏഴ് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിവരായിരുന്നു അത്. ഇതില്‍ പ്രേക്ഷകരെയും സഹമത്സരാര്‍ഥികളെയും ഞെട്ടിച്ചുകൊണ്ട് വിഷ്ണു ജോഷി ഇന്നലെ പുറത്തായിരുന്നു. അവശേഷിക്കുന്ന ആറ് പേരില്‍ നാല് പേര്‍ സേഫ് ആയതായി പുതിയ പ്രൊമോയില്‍ കാണാം. ജുനൈസ്, ഷിജു, അഖിൽ, സെറീന എന്നിവരാണ് സേഫ് ആയിരിക്കുന്നത്. അവശേഷിക്കുന്ന രണ്ട് പേര്‍ റെനീഷയും നാ​ദിറയുമാണ്. എവിക്റ്റ് ആയ ആളുടെ പേര് വായിക്കാനുള്ള അവസരം ലഭിക്കുന്നത് ശോഭയ്ക്കാണ്. പേര് കണ്ട് സങ്കടപ്പെടുന്ന ശോഭയെയും പ്രൊമോയില്‍ കാണാം. ഇരുവര്‍ക്കുമിടയിലുള്ള സൗഹൃദം അറിയാവുന്ന പ്രേക്ഷകര്‍ അത് നാദിറയുടെ പേരാണോ എന്നാണ് സംശയിക്കുന്നത്. നാദിറ പുറത്ത് പോവുന്നപക്ഷം അത് വിഷ്ണുവിന് പിന്നാലെയുള്ള സര്‍പ്രൈസ് എവിക്ഷന്‍ ആയിരിക്കും.

ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ ഒന്നാമതെത്തി ഫൈനല്‍ 5 ല്‍ എത്താനുള്ള സാധ്യതയുടെ അടുത്തെത്തി നില്‍ക്കുകയായിരുന്നു നാദിറ. എന്നാല്‍ കഴിഞ്ഞ വാരത്തിലെ നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ അതില്‍ എവിക്റ്റ് ആവുന്നപക്ഷം ടിക്കറ്റ് ടു ഫിനാലെ വിജയം ഉപയോഗശൂന്യമായി മാറും. ഇക്കാര്യം മത്സരാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ആയിരുന്നു. എന്നാല്‍ നാദിറയ്ക്ക് ഇത്തവണ വോട്ട് ലഭിക്കുമെന്നും ഫൈനല്‍ 5 ഉറപ്പിച്ച് കഴിഞ്ഞെന്നുമായിരുന്നു സഹമത്സരാര്‍ഥികളുടെ പൊതു അഭിപ്രായം. ഇന്നത്തെ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേമികള്‍.

ALSO READ : 'ഫൈനല്‍ 5' ല്‍ ആരൊക്കെ എത്തും? വിഷ്‍ണുവിന്‍റെ പ്രവചനം ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios