മാനസികാഘാതത്തില്‍ ഗബ്രി, ആശ്വസിപ്പിക്കാനാവാതെ സഹമത്സരാര്‍ഥികള്‍; മെഡിക്കല്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്
ഞായറാഴ്ച എപ്പിസോഡിന് ശേഷം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു ഗബ്രി
മാനസികവും വൈകാരികവുമായ നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകേണ്ട ഷോ ആണ് ബിഗ് ബോസ്. എന്നാല്‍ മുന്‍കൂട്ടി അറിയാനാവാത്ത, സങ്കീര്‍ണ്ണതകളില്‍പ്പെട്ട് മാനസിക പ്രതിസന്ധികളില്‍ അകപ്പെടുന്ന മത്സരാര്‍ഥികളുമുണ്ട്. ഗബ്രി, ജാസ്മിന്‍ എന്നീ മത്സരാര്‍ഥികള്‍ അത്തരം സംഘര്‍ഷങ്ങളിലൂടെയാണ് നിലവില്‍ കടന്നുപോവുന്നത്. ഞായറാഴ്ച എപ്പിസോഡിന് ശേഷമാണ് ഇരുവരും അത്തരമൊരു മാനസിക നിലയിലേക്ക് എത്തിയത്.
ഒരു ഗെയിമര്‍ എന്ന നിലയില്‍ ജാസ്മിന്‍ നന്നായി കളിക്കുന്നത് കാണുന്നില്ലെന്നും എന്തോ മാനസിക സംഘര്‍ഷത്തില്‍ പെട്ടത് പോലെയാണല്ലോ എന്നും അവതാരകനായ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഗബ്രിയുമായുള്ള അടുപ്പമാണോ അതിന് കാരണമെന്നും. ഇരുവര്‍ക്കുമിടയിലുള്ള ബന്ധം എന്താണെന്നത് സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് വ്യക്തതയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. പിന്നീട് ഇരുവര്‍ക്കുമിടയിലെ ചില സംഭാഷണങ്ങളുടെ വീഡിയോയും മോഹന്‍ലാല്‍ കാട്ടി. ഈ എപ്പിസോഡ് നടക്കവെ തന്നെ ഇരുവരും മാനസികമായി തകര്‍ന്നതുപോലെ കാണപ്പെട്ടിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ അത് കുറച്ചുകൂടി മുന്നോട്ടുപോയി.
ജിന്‍റോയുമായുണ്ടായ വാക്കേറ്റത്തിന് ശേഷം ഉറക്കെ കരഞ്ഞ ജാസ്മിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ആരോടും ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്ന ഗബ്രിയുടെ അടുത്തേക്ക് പല മത്സരാര്‍ഥികളും എത്തി. എന്താണ് പ്രശ്നമെന്ന് അന്വേഷിക്കുന്നവരോട് തനിക്ക് പ്രശ്നമൊന്നും ഇല്ലെന്ന് പറയുമ്പോഴും ഗബ്രി മാനസികമായി അവശനാണെന്ന് വ്യക്തമായിരുന്നു. ഇടയ്ക്ക് കണ്ണില്‍ ഇരുട്ട് കയറുന്നതായും ഗബ്രി പറഞ്ഞു. തുടര്‍ന്ന് ഗബ്രിയെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുവരാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. അവിടെ ഡോക്ടര്‍ വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഗബ്രി അതിന് തയ്യാറായില്ല. തനിക്ക് ശാരീരികമായി പ്രശ്നമൊന്നുമില്ലെന്നും മാനസിക സമ്മര്‍ദ്ദത്തിന്‍റേതായ പ്രശ്നങ്ങളാണ് ഉള്ളതെന്നും ഗബ്രി പറഞ്ഞു. അല്‍പസമയത്തിന് ശേഷം ഒരു സൈക്കോളജിസ്റ്റിന്‍റെ സേവനവും ബിഗ് ബോസ് ഗബ്രിക്ക് നല്‍കി.