Bigg Boss S4 Review: പ്രേമം തളിരിടുന്നു, സ്ട്രാറ്റജികള്‍ പൊളിയുന്നു; രണ്ടാം ആഴ്ചയില്‍ കളി മാറി തുടങ്ങി

രണ്ടാം ആഴ്ചയില്‍ മത്സരങ്ങള്‍ ഒന്നൂടെ ചൂട് പിടിച്ചപ്പോള്‍ ഒതുങ്ങി നിന്ന പലര്‍ക്കും കളത്തിലേക്ക് ഇറങ്ങേണ്ടി വന്നു എന്നുള്ളതാണ് ഏറെ ആവേശം സൃഷ്ടിക്കുന്ന ഘടകം. എന്നാല്‍, ഇപ്പോഴും പൂച്ചയെ പോലെ പതുങ്ങി രക്ഷപ്പെട്ട് പോകുന്ന മത്സരാര്‍ത്ഥികളും ഉണ്ട്.

Bigg Boss S4  second week review

ഇണക്കങ്ങളും പിണക്കങ്ങളും സര്‍വ്വത്ര വഴക്കുകളുമായി ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിലെ രണ്ടാം വാരം പിന്നിട്ടിരിക്കുകയാണ്. രണ്ടാം ആഴ്ചയില്‍ മത്സരങ്ങള്‍ ഒന്നൂടെ ചൂട് പിടിച്ചപ്പോള്‍ ഒതുങ്ങി നിന്ന പലര്‍ക്കും കളത്തിലേക്ക് ഇറങ്ങേണ്ടി വന്നു എന്നുള്ളതാണ് ഏറെ ആവേശം സൃഷ്ടിക്കുന്ന ഘടകം. എന്നാല്‍, ഇപ്പോഴും പൂച്ചയെ പോലെ പതുങ്ങി രക്ഷപ്പെട്ട് പോകുന്ന മത്സരാര്‍ത്ഥികളും ഉണ്ട്. ബിഗ് ബോസ് വീട്ടില്‍ തന്നെ ഈ വിഷയം ചര്‍ച്ചയായി മാറിയതിനാല്‍ ഇവരുടെ 'സേഫ് ഗെയിം പ്ലേ'യുമായി അധിക ദിവസം പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്നുറപ്പ്. രണ്ടാം ആഴ്ചയിലെ പ്രധാന സംഭവങ്ങളിലേക്ക് ഒന്ന് തിരികെ പോകാം...

ബ്ലെസ്‍ലി ചുമ്മാ തീ..!

ആദ്യ ആഴ്ചയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാതിരുന്ന ബ്ലെസ്‍ലിയിലെ യഥാര്‍ത്ഥ ഗെയിമര്‍ പുറത്ത് വന്ന ആഴ്ചയാണ് പിന്നിടുന്നത്. വീക്കിലി ടാസ്ക്കിലെ വമ്പന്‍ പ്രകടനത്തിനൊപ്പം പ്രേമം മൊട്ടിട്ടതോടെ സ്ക്രീന്‍ സ്പേസ് തന്നിലേക്ക് തിരിക്കാന്‍ ബ്ലെസ്‍ലിക്കായി. ഭാഗ്യപേടകം വീക്കിലി ടാസ്ക്കില്‍ 24 മണിക്കൂറും 30 മിനിറ്റുമാണ് ബ്ലെസ്‍ലി പേടകത്തില്‍ ചിലവഴിച്ചത്. ഉറക്കമോ വെള്ളമോ ഭക്ഷണമോ കൂടാതെയാണ് ഈ സമയമത്രയും ബ്ലെസ്‍ലി പേടകത്തില്‍ കഴിഞ്ഞത്. ഒരര്‍ഥത്തില്‍ ബ്ലെസ്‍ലി എന്ന മത്സരാര്‍ഥി ഉണ്ടായിരുന്നതിനാലാണ് മത്സരം ഇത്രയും നീണ്ടുപോയതും. ബിഗ് ബോസ് മുന്‍കൂട്ടി പറഞ്ഞിരുന്നതു പ്രകാരം ഈ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരനായ ബ്ലെസ്‍ലിക്ക് ഈ ആഴ്ചയിലെ നോമിനേഷനില്‍ നിന്ന് ഒഴിവാകാനും സാധിച്ചു.

Bigg Boss S4  second week review

ക്രഷ്‍ലിയുടെ പ്രേമം

വീക്കിലി ടാസ്ക്കിലെ മികച്ച പ്രകടത്തിനൊപ്പം ദില്‍ഷയോടുള്ള തന്‍റെ പ്രേമവും ഈ ആഴ്ച ബ്ലെസ്‍ലി തുറന്ന് പറഞ്ഞു. പ്രണയത്തെ കുറിച്ച് സംസാരിക്കാന്‍ ലഭിച്ച അവസരത്തില്‍ ദില്‍ഷയോടുള്ള ക്രഷ് ബ്ലെസ്‍ലി പറഞ്ഞിരുന്നെങ്കിലും അത് കൂടുതല്‍ തളിരിടുമെന്ന് പലരും കരുതിയിരുന്നില്ല. പിന്നീട് രാത്രിയില്‍ ദില്‍ഷയെ ബ്ലെസ്‍ലി പ്രെപ്പോസ് ചെയ്തു. തുടര്‍ന്ന് എവിക്ഷന്‍ പ്രക്രിയയില്‍ വച്ചും താരം ഇത് ആവര്‍ത്തിച്ചു. പുറത്തെത്തിയിട്ട് മാതാപിതാക്കളോട് ആലോലിച്ച്, അവര്‍ മൂവര്‍ക്കും താല്‍പര്യമുള്ളപക്ഷം ഈ വിവാഹക്കാര്യം ആലോചിക്കണമെന്ന് ബ്ലെസ്‍ലി പറഞ്ഞു. ഭാവിയില്‍ മകള്‍ക്ക് കല്യാണം ആലോചിക്കുമ്പോള്‍ എന്നെക്കൂടി പരിഗണിക്കുക, ദില്‍ഷയുടെ അച്ഛന്‍ പ്രസന്നനോട് എന്ന മട്ടില്‍ ബ്ലെസ്‍ലി പറഞ്ഞു.

നിമിഷ എല്ലാം കാണുന്നുണ്ടേ..!

ഈ സീസണില്‍ ബിഗ് ബോസ് നല്‍കിയ ഏറ്റവും വലിയ സര്‍പ്രൈസ് ആയിരുന്നു നിമിഷയുടെ എവിക്ഷന്‍. സഹ മത്സരാര്‍ഥികളോട് അവസാനമായി യാത്ര ചോദിക്കാന്‍ പുറത്തായ മത്സരാര്‍ഥിയായ നിമിഷയെ അനുവദിച്ചതിനു ശേഷം പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസിന്‍റെ തീരുമാനം മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. ഷോയ്ക്ക് പുറത്തേക്ക് അയക്കുന്നതിനു പകരം താല്‍പര്യമുള്ളപക്ഷം ബിഗ് ബോസില്‍ തുടരാമെന്ന വാദ്ഗാനമായിരുന്നു അത്. നിമിഷയെ നിലവില്‍ സീക്രട്ട് റൂമില്‍ താമസിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. 

ആദ്യ സീസണ്‍ മുതല്‍ ബിഗ് ബോസിലെ സീക്രട്ട് റൂം എന്നത് പ്രേക്ഷകര്‍ കേട്ട് മാത്രം അറിഞ്ഞിട്ടുള്ള ഒരു കാര്യമാണ്. കഴിഞ്ഞ ആഴ്ചത്തെ ലാലലേട്ടന്‍ വന്ന എപ്പിസോഡില്‍ എന്താണ് സീക്രട്ട് റൂം എന്നത് ബിഗ് ബോസ് കാണിക്കുകയും ചെയ്‍തു. പരിമിതമായ സൗകര്യങ്ങള്‍ക്കൊപ്പം ഒരു മത്സരാര്‍ഥിയെ സംബന്ധിച്ച് ആവേശം പകരുന്ന ഒരു കാര്യം കൂടി സീക്രട്ട് റൂമില്‍ ഉണ്ട്. ടിവിയിലൂടെ ബിഗ് ബോസ് കാണാനുള്ള സൗകര്യമാണ് അത്. ഇതുപ്രകാരം ​ഗെയിമുകള്‍ കണ്ട് വിലയിരുത്തി പൂര്‍വ്വാധികം കരുത്തോടെയാവും നിമിഷ ഇനി ബിഗ് ബോസിലേക്ക് പുനപ്രവേശനം നടത്തുക.

സ്ട്രാറ്റജി വരുത്തി വച്ച വിന

ബിഗ് ബോസ് ഷോയെ കുറിച്ച് എല്ലാം പഠിച്ചിട്ട് വന്ന ആള്‍ എന്ന പ്രതീതിയുണ്ടാക്കാന്‍ ആദ്യ ആഴ്ച മുതല്‍ സാധിച്ച വ്യക്തിയായിരുന്നു ഡോ. റോബിന്‍. എന്നാല്‍, റോബിന്‍റെ സ്ട്രാറ്റജികള്‍ കൂടുതല്‍ പൊളിയുന്നതിനാണ് രണ്ടാമത്തെ ആഴ്ച സാക്ഷ്യം വഹിച്ചത്. പാവ ടാസ്ക്കിലെ റോബിന്‍റെ ചെയ്തികള്‍ കഴിഞ്ഞ ആഴ്ചയിലും ജാസ്മിന്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരുന്നു. ഇതോടെ ഒറ്റപ്പെടല്‍ സ്ട്രാറ്റജി റോബിന്‍ പുറത്തിറക്കി എന്ന് വിശ്വസിക്കേണ്ട തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി.

Bigg Boss S4  second week review

തന്നെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തിയെന്ന് വീട്ടിലുള്ള എല്ലാവരെയും വിളിച്ച് കൂട്ടി റോബിന്‍ പറഞ്ഞതോടെ മത്സരാര്‍ത്ഥികള്‍ അത് ശരിയല്ലെന്ന് തുറന്ന് പറഞ്ഞു. 16 പേരില്‍ ചിലരൊക്കെ തന്നെ ബോധപൂര്‍വ്വം ടാര്‍ഗറ്റ് ചെയ്യുന്നു എന്നായിരുന്നു റോബിന്‍റെ ആരോപണം. എല്ലാവരും തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് പറയുന്നതിലൂടെ മറ്റെല്ലാവരും ജനങ്ങളുടെ കണ്ണില്‍ മോശക്കാരാവുമെന്നും ബിഗ് ബോസിന്‍റെ മുന്‍ സീസണുകളില്‍ തന്‍റെ ചില സുഹൃത്തുക്കള്‍ക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിന് മറുപടിയായി അഖില്‍ പറഞ്ഞു.

ഞാന്‍ തമാശ പറഞ്ഞ് ജീവിക്കുന്ന ഒരാളാണ്. ഇനി നാളെ എന്റെ തമാശ കേട്ടിട്ട് ചിരിക്കില്ലെന്ന് ഒരാള്‍ തീരുമാനിച്ചാല്‍ എനിക്ക് വേറെ ജോലി അന്വേഷിക്കേണ്ടിവരും, അഖില്‍ പറഞ്ഞുനിര്‍ത്തി. താന്‍ പറഞ്ഞ കാര്യം സംപ്രേഷണം ചെയ്യണമെന്ന് ബിഗ് ബോസിനോട് അഖില്‍ അഭ്യര്‍ഥനയും നടത്തി. പിന്നീട് തന്‍റെ ചെയ്തികള്‍ക്ക് ജാസ്മിനോട് ഉള്‍പ്പെടെ മാപ്പ് പറഞ്ഞ് റോബിന്‍ വീണ്ടും അടുത്ത 'സ്ട്രാറ്റജി' ഇറക്കി. പക്ഷേ, അതും അധികം നേരം തുടരാന്‍ സാധിക്കാതെ പോയി. ഒപ്പം മോഹന്‍ലാല്‍ വന്നപ്പോള്‍ ഇവിടെ താന്‍ ചെയ്യുന്നതെല്ലാം ഫേക്ക് ആണെന്നും ഇങ്ങനെ അല്ല താനെന്നും റോബിന്‍ തന്നെ പറഞ്ഞു. റോബിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പല ഘട്ടങ്ങളിലും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതായി ഈ പ്രസ്താവന. 

ഡെയ്സിയുടെ മാപ്പ്

ആദ്യ ആഴ്ച മുതല്‍ എല്ലാ കാര്യത്തിലും ഇടപ്പെട്ട് ശ്രദ്ധ നേടിയ ഡെയ്സി മാപ്പ് പറയുന്നതും രണ്ടാം ആഴ്ച കാണാനായി. 'പാവ' ടാസ്ക്കില്‍ ബ്ലെസ്‍ലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബഹിരാകാശ പേടക ടാസ്ക്കില്‍ ഇരിക്കുമ്പോള്‍ ഡെയ്സി മാപ്പ് പറഞ്ഞു. ഒപ്പം ബഹിരാകാശ പേടകത്തില്‍ നിന്ന് ഡെയ്സി ഇറങ്ങുകയും ചെയ്തു. ഇത്രയും ദിവസം എല്ലാ കാര്യങ്ങളിലും വളരെ ശക്തമായി ഇടപ്പെട്ട ഡെയ്സി കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് ടാസ്ക്കില്‍ നിന്ന് സ്വയം പിന്മാറുകയാണെന്ന് അറിയിച്ചത്.

Bigg Boss S4  second week review

പാവയുടെ കേസില്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ഡെയ്സി പറഞ്ഞു. 'പാവ' ടാസ്ക്കില്‍ ഡെയ്സിക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി ബ്ലെസ്‍ലി വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. എന്നാല്‍, പാവ കൈയില്‍ കിട്ടിയതോടെ അത് തിരികെ നല്‍കാതെ ടാസ്ക്കില്‍ വിജയിക്കുന്നതിനായി കുതന്ത്രത്തോടെ മുന്നോട്ട് പോവുകയായിരുന്നു ഡെയ്സി. ഇതോടെ ജാസ്മിനും നിമിഷയുമായി ഡെയ്സിക്ക് തെറ്റിപ്പിരിയേണ്ടിയും വന്നിരുന്നു.

ക്യാപ്റ്റന്‍ ദില്‍ഷ

ഈ സീസണിലെ ആദ്യ വനിത ക്യാപ്റ്റന്‍ എന്ന നേട്ടത്തിലേക്ക് എത്താന്‍ ദില്‍ഷയ്ക്ക് സാധിച്ചത് രണ്ടാം ആഴ്ചയിലെ പ്രധാന സംഭവമായി മാറി. 
ദിൽഷ, അപർണ, നിമിഷ എന്നിവരായിരുന്നു ഈ ആഴ്ചയിലെ ക്യാപ്റ്റൻസിക്കായി മത്സാരിക്കാനെത്തിയത്. ​ഗാർഡൻ ഏരിയിയിൽ സങ്കീർണ്ണമായ രീതിയിൽ മൂന്ന് കയറുകൾ നിശ്ചിത അകലമുള്ള ഫ്രെയിമുകളിൽ ചുറ്റിയിട്ടുണ്ടാകും. അരയിൽ ബന്ധിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള കയറുകളും ഉണ്ടാകും. മത്സരാർത്ഥികൾ കയർ അരയിൽ ബന്ധിപ്പിച്ച ശേഷം കുരുക്കഴിച്ച് മുന്നിൽ വച്ചിരിക്കുന്ന ബസറിൽ അമർത്തുക എന്നതായിരുന്നു ടാസ്ക്. പിന്നീട് ബിഗ് ബോസിൽ നടന്നത് വാശിയേറിയ ക്യാപ്റ്റൻസി ടാസ്ക് ആയിരുന്നു. മൂവരിൽ നിന്നും ദിൽഷ വിന്നറാവുകയും ക്യാപ്റ്റനായി താരത്തെ തെരഞ്ഞെടുക്കുകയും ചെയ്തു.

Bigg Boss S4  second week review

സംഗതി കളറായി തന്നെ മുന്നോട്ട്

രണ്ടാം ആഴ്ചയില്‍ കൂടുതല്‍ മത്സരബുദ്ധി താരങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയതോടെ കൂടുതല്‍ ആവേശം വീടിനുള്ളിലും പുറത്തും ഉണ്ടാകുന്നുണ്ട്. ആദ്യ ആഴ്ചയിലെന്ന പോലെ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ജാസ്മിനെ തുടര്‍ന്നും കാണാനായി. ഡോ. റോബിനെതിരെയുള്ള വിമര്‍ശനങ്ങളിലേക്ക് ജാസ്മിന്‍ ഒതുങ്ങുവെന്ന് ചില ഘട്ടങ്ങളില്‍ തോന്നല്‍ ഉളവാക്കുന്നുണ്ടെങ്കിലും വീട്ടില്‍ നിലപാട് കൃത്യമായി ആവര്‍ത്തിക്കുന്ന ചുരുക്കം പേരില്‍ ഒരാണ് താരം എന്നുള്ളത് അംഗീകരിക്കേണ്ടി വരും. പാചകവും അതിലേറെ വാചകവുമായി നടക്കുന്ന ലക്ഷ്മിപ്രിയെയും പൂച്ചയെക്കാള്‍ പതുങ്ങി ഇരിക്കുന്ന ശാലിനെയെയുമാണ് രണ്ടാമത്തെ ആഴ്ച കണ്ടത്.

കൂടുതല്‍ ഇടപെടല്‍ നടത്തേണ്ടി വരുമ്പോള്‍ മാനസികമായി തകര്‍ന്ന് പോകുന്ന ശാലിനിക്ക് മുന്നേറണമെങ്കില്‍ ആ രീതി മാറ്റേണ്ടി വരും. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി റോണ്‍സണും കലിപ്പന്‍ മോഡില്‍ നവീനും തുടരുന്നുണ്ട്. വീട്ടിനുള്ളവരുടെ മനസില്‍ ഇതിനകം സ്ഥാനം നേടാന്‍ അപര്‍ണക്ക് സാധിച്ചിട്ടുണ്ട്. ത്രികോണ പ്രേമത്തിനുള്ള സാധ്യതകള്‍ ദില്‍ഷയുടെ മുന്നോട്ടുള്ള പ്രയാണത്തെ എങ്ങനെ ബാധിക്കുമെന്നത് വളരെ ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ്.

Bigg Boss S4  second week review

അഖില്‍ പല ഘട്ടങ്ങളിലും മികവോടെ സംസാരിക്കുന്നുണ്ടെങ്കിലും കാര്യങ്ങളിലേക്ക് പൂര്‍ണമായി ഇറങ്ങുന്നതില്‍ നിന്ന് തന്‍റെ ഇമേജ് പിന്നോട്ട് വലിക്കുന്നുണ്ട്. ഡെയ്സിയുമൊപ്പമുള്ള സൗഹൃദം മാത്രമാണ് സൂരജിനെ കുറിച്ച് പറയാന്‍ കഴിഞ്ഞ ആഴ്ചയുള്ളത്. ടാസ്ക്കുകളിലെ മികവ് കൊണ്ട് ധന്യയും ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. സുചിത്ര ഒരു ഡെയ്‍ലി ടാസ്ക്കില്‍ വിജയം നേടിയെങ്കിലും മറ്റ് വിഷയങ്ങളില്‍ ഇടപെടലുകള്‍ ഒന്നും നടത്താതെ സേഫ് പ്ലേ തുടരുകയാണ്. അവസരങ്ങള്‍ വിനിയോഗിക്കാതെ അശ്വിനും ആദ്യ ആഴ്ചയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല.

Latest Videos
Follow Us:
Download App:
  • android
  • ios